ന്യൂഡൽഹി : ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായും പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫുമായും ഫോണിൽ സംസാരിച്ച് യു.എൻ മേധാവി അന്റോണിയോ ഗുട്ടറസ്. സംഘർഷം ഒഴിവാക്കണമെന്ന് ഇരു നേതാക്കളോടും ഗുട്ടറസ് അഭ്യർഥിച്ചുവെന്നാണ് വിവരം. യു.എൻ മേധാവിയുമായി സംസാരിച്ച വിവരം ഇരുനേതാക്കളും സ്ഥിരീകരിച്ചിട്ടുണ്ട്.
യു.എൻ മേധാവിയിൽ നിന്നും ടെലിഫോൺ കോൾ ലഭിച്ചു. പക്ഷഭേദമില്ലാതെ പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച അദ്ദേഹത്തിന്റെ നടപടിയെ പ്രകീർത്തിച്ചു. ഭീകരരെ നിയമത്തിന് മുന്നിൽ കൊണ്ട് വരുന്നതിന് അദ്ദേഹം പിന്തുണ അറിയിച്ചു. ഈ ആക്രമണത്തിന്റെ കുറ്റവാളികളെയും, ആസൂത്രകരെയും, പിന്തുണച്ചവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് യു.എൻ മേധാവിയെ അറിയിച്ചുവെന്നും ജയ്ശങ്കർ പറഞ്ഞു.
എല്ലാ തരത്തിലുമുള്ള ഭീകരവാദത്തേയും അപലപിക്കുകയാണെന്ന് യു.എൻ മേധാവിയുമായുള്ള സംഭാഷണത്തിൽ ഷഹബാസ് ഷരീഫും പറഞ്ഞു. ഇന്ത്യയുടേത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്ന് പറഞ്ഞ അദ്ദേഹം ജമ്മുകശ്മീർ പ്രശ്‌നം പരിഹരിക്കുന്നതിൽ യു.എൻ അതിന്റെ കടമ നിർവഹിക്കണമെന്നും ആവശ്യപ്പെട്ടു.
ജമ്മുകശ്മീരിലുണ്ടായ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് പാകിസ്താനെതിരായ നടപടികൾ ഇന്ത്യ ശക്തമാക്കുകയും ചെയ്തിരുന്നു. സിന്ധുനദീജല കരാർ റദ്ദാക്കിയ ഇന്ത്യ പാകിസ്താനികൾക്ക് വിസ നൽകില്ലെന്നും അറിയിച്ചിരുന്നു.
ഇന്ത്യ-പാക് സംഘർഷത്തിൽ ഇടപെട്ട് യുഎൻ മേധാവി; എസ്. ജയ്ശങ്കറുമായും പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫുമായും ഫോണിൽ സംസാരിച്ചു
