ക്രിക്കറ്റ് കളിക്കിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് മലയാളിയെ മംഗളുരുവില്‍ ജനക്കൂട്ടം തല്ലിക്കൊന്നു

ക്രിക്കറ്റ് കളിക്കിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് മലയാളിയെ മംഗളുരുവില്‍ ജനക്കൂട്ടം തല്ലിക്കൊന്നു


മംഗളൂരു: ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്ഥാന്‍ അനുകൂല മുദ്രവാക്യം വിളിച്ചെന്ന് ആരോപിച്ച് കര്‍ണാടകയിലെ മംഗളൂരുവില്‍ ആള്‍ക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. വയനാട് പുല്‍പ്പള്ളി സ്വദേശി അഷറഫാണ് കൊല്ലപ്പെട്ടത്. അഷ്‌റഫ് മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് കുടുംബം പറഞ്ഞു. കുടുപ്പു ഭത്ര കല്ലൂര്‍ത്തി ക്ഷേത്രത്തിന് സമീപം ഞായറാഴ്ച വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം. 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
 19 പേര്‍ക്കെതിരെ ആള്‍ക്കൂട്ട ആക്രമണത്തിന് പൊലീസ് കേസെടുത്തു. അന്വേഷണവും ആരംഭിച്ചു. സച്ചിന്‍, ദേവദാസ്, ധീക്ഷിത്, സായ്ദീപ്, നടേശ്, മഞ്ജുനാഥ, സന്ദീപ്, വിവിയന്‍ ഐവാരിഷ്, ശ്രീദത്ത, രാഹുല്‍, പ്രദീപ്കുമാര്‍, മനീഷ്, ധനുഷ്, ദീക്ഷിത്, കിഷോര്‍ എന്നിവരാണ് അറസ്റ്റിലായവര്‍.

പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ യുവാവ് 'പാകിസ്താന്‍ സിന്ദാബാദ്' എന്ന് മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ചാണ് ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. കുടുപ്പു സ്വദേശി സച്ചിനാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം മൃതദേഹം ഗ്രൗണ്ടില്‍ ഉപേക്ഷിച്ച് അക്രമികള്‍ രക്ഷപ്പെട്ടുകയായിരുന്നു. തലയ്ക്കും ദേഹത്തും ആഴത്തില്‍ മുറിവേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആന്തരിക രക്തസ്രാവവും ഉണ്ടായിട്ടുണ്ട്. അഷറഫിന്റെ മൃതദേഹം വെന്‍ലോക്ക് ജില്ലാ ആശുപത്രിയുടെ മോര്‍ച്ചറിയിലേക്ക് മാറ്റി.
പ്രാദേശിക താമസക്കാരനായ ദീപക് കുമാറിന്റെ പരാതിയെത്തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
സജീവമായി തെളിവുകള്‍ ശേഖരിക്കുകയാണെന്നും ഇതില്‍ ഉള്‍പ്പെട്ട എല്ലാവരും നിയമത്തിന്റെ പരമാവധി ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും കമ്മിഷണര്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍ പേരെ കണ്ടെത്താനായി പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ആള്‍ക്കൂട്ട ആക്രമണത്തിലാണ് യുവാവ് കൊല്ലപ്പെട്ടതെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വരയും സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും മന്ത്രി പറഞ്ഞു. സംഭവമറിഞ്ഞ് അഷ്‌റഫിന്റെ ബന്ധുക്കള്‍ മംഗളുരുവിലേക്ക് തിരിച്ചിട്ടുണ്ട്.