ആക്‌സിയം 4 ദൗത്യം: ശുഭാംശു ശുക്‌ളയുടെ ബഹിരാകാശ യാത്ര മേയ് 29ന്

ആക്‌സിയം 4 ദൗത്യം:  ശുഭാംശു ശുക്‌ളയുടെ ബഹിരാകാശ യാത്ര മേയ് 29ന്


ന്യൂഡല്‍ഹി : ശുഭാംശു ശുക്‌ളയുടെ ബഹിരാകാശ യാത്ര മേയ് 29ന്. സ്‌പെയ്‌സ് എക്‌സ് സ്ഥാപനമായ ആക്‌സിയം എക്‌സ് പ്‌ളാറ്റ് ഫോമിലൂടെയാണ് തീയതി പ്രഖ്യാപിച്ചത്. മേയ് 29ന് ഉച്ചയ്ക്ക് 1.03നാണ് യാത്ര. ഇന്ത്യന്‍ സമയം രാത്രി 10.33ന്. ശുഭാംശു ഉള്‍പ്പെടെ നാല് യാത്രികരാണ് ആക്‌സിയം 4 ദൗത്യത്തിലൂടെ ഇന്റര്‍നാഷണല്‍ സ്‌പെയ്‌സ് സ്‌റ്റേഷനിലേക്ക് പുറപ്പെടുന്നത്. നാസ മുന്‍ ബഹിരാകാശ യാത്രികയും ഹ്യൂമന്‍ സ്‌പെയ്‌സ് മിഷന്‍ ഡയറക്ടറുമായ പെഗി വിറ്റ്‌സണാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. സംഘത്തിലെ ഏക ഇന്ത്യക്കാരനായ ശുഭാംശു പൈലറ്റിന്റെ റോള്‍ ഏറ്റെടുക്കും. പോളണ്ടില്‍ നിന്നുള്ള സ്വാവോസ് ഉസ്‌നാന്‍സി വിസ്‌മെവ്‌സ്‌കിയും ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കപുവുമാണ് സഹയാത്രികര്‍.

ഫ്‌ളോറിഡയയിലെ സ്‌പെയ്‌സ് എക്‌സ് സ്ഥാപനത്തിന്റെ റോക്കറ്റ് നിലയത്തില്‍ നിന്ന് ഫാല്‍ക്കണ്‍ റോക്കറ്റിലാണ് ആക്‌സിയം പേടകം ബഹിരാകാശത്തേക്ക് കുതിക്കുക. സ്‌പെയ്‌സ് സ്‌റ്റേഷനില്‍ രണ്ടാഴ്ച കഴിഞ്ഞതിനു ശേഷം മടങ്ങിയെത്തും. ഈ അനുഭവം അടുത്ത വര്‍ഷത്തെ ഗഗന്‍യാന്‍ യാത്രയ്ക്ക് കരുത്തേകും ബഹിരാകാശത്ത് സ്‌പെയ് സ്‌റ്റേഷന്‍ മാതൃകയില്‍ നാലു ദിവസം കഴിയുന്നതാണ് ഗഗന്‍യാന്‍ പദ്ധതി. ശുഭാംശു ഉള്‍പ്പെടെ നാലു യാത്രികരെയാണ് ഗഗന്‍യാന്‍ പദ്ധതിയിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.

985 ഒക്ടോബര്‍ 10 ന് ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ ജനിച്ച ശുക്ല, പൂനെയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ (എന്‍ഡിഎ) പഠിച്ചു . 2006 ജൂണില്‍ ഇന്ത്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) യുദ്ധവിമാന വിഭാഗത്തില്‍ ചേര്‍ന്ന അദ്ദേഹം 2024 മാര്‍ച്ചില്‍ ഗ്രൂപ്പ് ക്യാപ്റ്റനായി സ്ഥാനക്കയറ്റം നേടി.
2019 ല്‍, ഇസ്രോ അദ്ദേഹത്തെ ബഹിരാകാശയാത്രിക പരിശീലനത്തിനായി തിരഞ്ഞെടുത്തു. തുടര്‍ന്ന് അദ്ദേഹം മോസ്‌കോയിലെ സ്റ്റാര്‍ സിറ്റിയിലുള്ള യൂറി ഗഗാറിന്‍ കോസ്‌മോനട്ട് പരിശീലന കേന്ദ്രത്തില്‍ പരിശീലനം നേടി. 2024 ഫെബ്രുവരിയില്‍, 2026 ല്‍ ആസൂത്രണം ചെയ്ത ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിയായ ഇസ്രോയുടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ പ്രധാന ബഹിരാകാശയാത്രികനായി അദ്ദേഹത്തെ തിരഞ്ഞെടുത്തു.
കൃഷി, ഭക്ഷണം,  ജീവശാസ്ത്രം എന്നീ മേഖലകളില്‍ ശുഭാംശു ശുക്ല ഏഴ് പരീക്ഷണങ്ങള്‍ നടത്തും.ഗഗന്‍യാന്‍, ഭാരതീയ അന്തരിക്ഷ സ്‌റ്റേഷന്‍ ദൗത്യങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ഹ്യൂമന്‍ സ്‌പെസ് മിഷനുകളില്‍ വൈദഗ്ദ്ധ്യം നേടാനുള്ള അവസരമായാണ് ഐഎസ്ആര്‍ഒ ഈ ദൗത്യത്തെ ഉപയോഗിക്കുക.