രാജ്യത്തെ ആദ്യത്തെ ഹൈഡ്രജന്‍ ട്രെയിന്‍ പരീക്ഷണ ഓട്ടം അടുത്തവര്‍ഷം ജൂണില്‍

രാജ്യത്തെ ആദ്യത്തെ ഹൈഡ്രജന്‍ ട്രെയിന്‍ പരീക്ഷണ ഓട്ടം അടുത്തവര്‍ഷം ജൂണില്‍


ന്യൂഡല്‍ഹി: രാജ്യത്ത് ആദോയമായി ആദ്യത്തെ ഹൈഡ്രജന്‍ ട്രെയിനുകള്‍ സര്‍വീസ് നടത്താനൊരുങ്ങുന്നു.
 അടുത്ത വര്‍ഷം മെയ്, ജൂണോടെ ഇവയുടെ പരീക്ഷയോട്ടം നടക്കുമെന്നാണ് സൂചന. ഹരിയാനയിലെ ജിന്ദ്, സോനിപത് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാകും ഹൈഡ്രജന്‍ ട്രെയിനിന്റെ ആദ്യ പരീക്ഷണയോട്ടം.

എട്ട് കോച്ചുകളുള്ള ട്രെയിനില്‍ 2,638 പേര്‍ക്ക് കയറാം. മണിക്കൂറില്‍ 110 കിലോമീറ്ററാണ് വേഗത. ഹ്രസ്വദൂര യാത്രകളാണ് ലക്ഷ്യം. റിസര്‍ച്ച്, ഡിസൈന്‍ ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്‍ ആണ് ട്രെയിനിന്റെ രൂപരേഖ തയ്യാറാക്കിയത്. ഹൈഡ്രജന്‍ ട്രെയിന്‍ ട്രാക്കിലിറങ്ങുന്നതോടെ ഹൈഡ്രജന്‍ ഇന്ധനമാക്കി ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും കടക്കും.

ട്രെയിനിന്റെ രൂപരേഖ അടുത്തിടെ ലഖ്നൗവില്‍ നടന്ന ഇന്റര്‍നാഷണല്‍ ഇന്നൊവേറ്റീവ് റെയില്‍ എക്സ്പോയില്‍ അവതരിപ്പിച്ചിരുന്നു. മോഡലില്‍ 'നമോ ഗ്രീന്‍ റെയില്‍' എന്ന് എഴുതിയിരുന്നുവെങ്കിലും ലോഞ്ച് ചെയ്യുന്ന സമയത്ത് ഔദ്യോഗിക പേര് തീരുമാനിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഹൈഡ്രജന്‍, ഓക്സിജന്‍ ഇന്ധന സെല്ലുകളിലൂടെ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയാണ് മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. നീരാവിയും വെള്ളവും മാത്രമാകും ട്രെയിന്‍ പുറത്തുവിടുക. മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് 60 ശതമാനം കുറവ് ശബ്ദം മാത്രമാകും ട്രെയിന്‍ പുറത്തുവിടുക. പരിസ്ഥിതി സൗഹൃദമായ ട്രെയിനാകും ഇവ.

ജര്‍മ്മനിയും ചൈനയും പോലുള്ള രാജ്യങ്ങളില്‍ ഹൈഡ്രജന്‍ ട്രെയിന്‍ സര്‍വീസ് നടത്തിയെങ്കിലും വിജയകരമായിരുന്നില്ല. നിലവില്‍ ഹൈഡ്രജന്‍ ട്രെയിന്‍ ഓടിക്കുന്ന ഏക രാജ്യം ജര്‍മ്മനിയാണ്. രണ്ട് കോച്ചുകളുള്ള ട്രെയിനാണ് ഇവിടെ സര്‍വീസ് നടത്തുന്നത്.