ജമ്മുകശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ മരിച്ചു

ജമ്മുകശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ മരിച്ചു


ശ്രീനഗര്‍ : ജമ്മുകശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ മരിച്ചു. വടക്കന്‍ കശ്മീരിലെ ബന്ദിപ്പുര ജില്ലയില്‍ എസ് കെ പയീന്‍ മേഖലയിലെ വൂളാര്‍ വ്യൂപോയിന്റില്‍ ആണ് അപകടമുണ്ടായത്.

റോഡില്‍ നിന്ന് തെന്നിമാറിയ വാഹനം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലുള്ള രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

മൂന്ന് പേരെ ശ്രീനഗറിലേക്ക് മെച്ചപ്പെട്ട ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ടെന്ന് ബന്ദിപ്പുര ജില്ലാ ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ.മസ്റത് ഇഖ്ബാല്‍ വാനി പറഞ്ഞു.
അപകടവിവരം അറിഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് അയച്ചതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. പരിക്കേറ്റ ഒരാളുടെ നില തൃപ്തികരമാണ്. അപകടകാരണമറിയാന്‍ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.