തീവ്രവാദ ബന്ധം: കശ്മീരില്‍ രണ്ട് ഡോക്ടര്‍മാരടക്കം ഏഴ് പേര്‍ അറസ്റ്റില്‍, 2,900 കിലോ സ്‌ഫോടക വസ്തുക്കള്‍ പിടിച്ചു

തീവ്രവാദ ബന്ധം: കശ്മീരില്‍ രണ്ട് ഡോക്ടര്‍മാരടക്കം ഏഴ് പേര്‍ അറസ്റ്റില്‍, 2,900 കിലോ സ്‌ഫോടക വസ്തുക്കള്‍ പിടിച്ചു


ശ്രീനഗര്‍: ജമ്മു കശ്മീര്‍ പോലീസിന്റെ വന്‍ തീവ്രവാദവിരുദ്ധ നീക്കത്തില്‍ ജെയ്ഷ് എ മുഹമ്മദ് (JeM), അന്‍സാര്‍ ഗസ്വത്തുല്‍ ഹിന്ദ് (AGuH) എന്നിവയുമായി ബന്ധമുള്ള രാജ്യാന്തരഅന്തര്‍ സംസ്ഥാന തീവ്രവാദ മോഡ്യൂള്‍ തകര്‍ത്തു.
ഓപ്പറേഷനില്‍ ഏഴ് പേര്‍ അറസ്റ്റിലായി. ഇവരില്‍ രണ്ടുപേര്‍ ഡോക്ടര്‍മാരാണ്. ആയുധങ്ങളും വെടിയുണ്ടകളും ഉള്‍പ്പെടെ ഏകദേശം 2,900 കിലോ സ്‌ഫോടക വസ്തുക്കള്‍ പോലിസ് പിടിച്ചെടുത്തു. പാകിസ്താനിലെയും മറ്റു രാജ്യങ്ങളിലെയും ഇടനിലക്കാരുമായുള്ള ബന്ധവുമായാണ് സംഘമൊരുങ്ങിയിരുന്നത്.

ഒക്ടോബര്‍ 19ന് ശ്രീനഗറിലെ ബുന്‍പോര, നവ്ഗാം മേഖലകളില്‍ പോലീസിനെയും സുരക്ഷാസേനയെയും ഭീഷണിപ്പെടുത്തുന്ന ജെയ്ഷ് പോസ്റ്ററുകള്‍ കണ്ടെടുത്തിരുന്നു.
ഇതിന് പിന്നാലെ നവ്ഗാം പോലിസ് സ്‌റ്റേഷനില്‍ ുഎപിഎ, ഭാരതീയ ന്യാസ സംഹിത, എക്‌സ്‌പ്ലോസിവ് ആക്ട് , ആംസ് ആക്ട് വകുപ്പുകള്‍ പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

അന്വേഷണത്തില്‍  പ്രൊഫഷണലുകളും വിദ്യാര്‍ത്ഥികളും വിദേശ ഹാന്‍ഡ്‌ലര്‍മാരുമായി എന്‍ക്രിപ്റ്റഡ് ചാനലുകള്‍ വഴി ബന്ധപ്പെട്ട് വൈറ്റ് കോളര്‍ ടെറര്‍ നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തിച്ചിരുന്നതായാണ് പോലിസ് കണ്ടെത്തിയത്.
സാമൂഹികസന്നദ്ധ പ്രവര്‍ത്തനങ്ങളുടെ മറവില്‍ ധനശേഖരണം നടത്തി, അതിലൂടെ ആയുധങ്ങള്‍ വാങ്ങാനും പുതിയവരെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കാനും സംഘമൊരുങ്ങിയിരുന്നതായി പോലിസ് അറിയിച്ചു.

ഇതുകൂടാതെ മറ്റുചിലരുടെയും പങ്ക് പുറത്തുവന്നതായി പോലിസ് അറിയിച്ചു. അവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

ജമ്മു കശ്മീര്‍ പോലിസ് ശ്രീനഗര്‍, ആനന്ത്‌നാഗ്, ഗാന്ദര്‍ബല്‍, ഷോപ്പിയാന്‍ ജില്ലകളില്‍ പരിശോധന നടത്തി. ഹരിയാനയിലെ ഫരീദാബാദിലും ഉത്തര്‍പ്രദേശിലെ സഹാരന്‍പൂരിലും പ്രാദേശിക പോലീസുമായി ചേര്‍ന്ന് പരിശോധനകള്‍ നടത്തി.

'പ്രൊഫഷണല്‍ മേഖലയിലൂടെയും അക്കാദമിക് വലയങ്ങളിലൂടെയും തീവ്രവാദ ധനശേഖരണം നടന്നു. വിദേശ ഹാന്‍ഡ്‌ലര്‍മാര്‍ ഉപയോഗിച്ച എന്‍ക്രിപ്റ്റഡ് ചാനലുകള്‍ വഴിയാണ് റിക്രൂട്ട്‌മെന്റും കോര്‍ഡിനേഷനും നടന്നതെന്ന് പൊലീസ് പറഞ്ഞു.
ഈ അന്വേഷണം ജമ്മു കശ്മീര്‍ പോലീസിന്റെ കഴിഞ്ഞ വര്‍ഷങ്ങളിലെ ഏറ്റവും വലിയ തീവ്രവാദ വിരുദ്ധ വിജയങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു.