മുന്‍ ഭീകര നേതാവായ സിറിയന്‍ പ്രസിഡന്റ് അഹ്മദ് അല്‍ ഷറായും പ്രസിഡന്റ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്

മുന്‍ ഭീകര നേതാവായ സിറിയന്‍ പ്രസിഡന്റ് അഹ്മദ് അല്‍ ഷറായും പ്രസിഡന്റ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്


തീവ്രവാദ പട്ടികയില്‍ നിന്ന് നീക്കംചെയ്തതിന് പിന്നാലെ ചരിത്രസമ്മേളനം; സിറിയ-അമേരിക്ക ബന്ധത്തില്‍ പുതിയ അധ്യായം

വാഷിംഗ്ടണ്‍ : തീവ്രവാദ പട്ടികയില്‍ നിന്ന് നീക്കംചെയ്തതിനു പിന്നാലെ സിറിയന്‍ പ്രസിഡന്റ് അഹ്മദ് അല്‍ ഷറാ ഇന്ന് വൈറ്റ് ഹൗസില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നു. സ്വാതന്ത്ര്യത്തിനുശേഷം ഒരു സിറിയന്‍ നേതാവ് വൈറ്റ് ഹൗസ് സന്ദര്‍ശിക്കുന്നത് ഇതാദ്യമായാണ്.

അല്‍ഖയ്ദയുമായി ബന്ധമുണ്ടായിരുന്ന ഹയാത്ത് തഹ്‌രിര്‍ അല്‍ ഷാം (HTS) സംഘത്തെ നയിച്ചിരുന്ന ഷറാ കഴിഞ്ഞവര്‍ഷം ദീര്‍ഘകാല ഭരണാധികാരി ബഷര്‍ അല്‍ അസാദിനെ പുറത്താക്കി അധികാരത്തിലെത്തുകയായിരുന്നു. തുടര്‍ന്ന് വാഷിംഗ്ടണ്‍ കഴിഞ്ഞ ജൂലൈയില്‍ ഹയാത്ത് തഹ്‌രിര്‍ അല്‍ ഷാമിനെ തീവ്രവാദ സംഘടനകളുടെ പട്ടികയില്‍ നിന്ന് നീക്കംചെയ്തു.

അധികാരത്തിലെത്തിയതിന് ശേഷം സിറിയയുടെ പുതിയ ഭരണകൂടം തീവ്രവാദപശ്ചാത്തലത്തില്‍ നിന്ന് മാറി മിതവാദമായ പ്രതിഛായ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. 'തീവ്രവാദ നേതാവില്‍ നിന്ന് അന്താരാഷ്ട്ര രാഷ്ട്രീയവേദിയിലെ നേതാവായി മാറിയ ഷറായുടെ ജീവിതത്തിലെ നിര്‍ണായക നിമിഷമാണ് ഈ വൈറ്റ് ഹൗസ് സന്ദര്‍ശനം,' എന്ന് ഇന്റര്‍നാഷണല്‍ ക്രൈസിസ് ഗ്രൂപ്പിന്റെ യു.എസ്. ഡയറക്ടര്‍ മൈക്കല്‍ ഹന്ന അഭിപ്രായപ്പെട്ടു.

മെയ് മാസത്തില്‍ സൗദി അറേബ്യയിലെ ട്രംപിന്റെ പ്രാദേശിക പര്യടനത്തിനിടെ ഷറാ ആദ്യമായി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വാഷിംഗ്ടണില്‍ എത്തിച്ചേരുന്നതിന് പിന്നാലെ ഷറാ ആഴ്ചാന്ത്യം അന്താരാഷ്ട്ര നാണയനിധി (IMF) മേധാവി ക്രിസ്റ്റലീന ജോര്‍ജിയേവയുമായി കൂടിക്കാഴ്ച നടത്തി. യുദ്ധഭീതിയില്‍ നിന്നുയര്‍ന്ന് വരുന്ന സിറിയയുടെ പുനര്‍നിര്‍മാണത്തിന് ധനസഹായം തേടിയതായാണ് റിപ്പോര്‍ട്ടുകള്‍.

സിറിയയിലെ അമേരിക്കന്‍ അംബാസഡര്‍ ടോം ബറാക്ക് വ്യക്തമാക്കിയതുപോലെ, ഈ കൂടിക്കാഴ്ചയില്‍ ഐഎസിനെതിരെ യുഎസ് നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സഖ്യത്തില്‍ സിറിയ ചേരുന്ന കരാറില്‍ ഷറാ ഒപ്പുവെയ്ക്കാനും സാധ്യതയുണ്ട്.

മനുഷ്യാവകാശ സഹായവും സിറിയ-ഇസ്രയേല്‍ അതിര്‍ത്തി നിരീക്ഷണവും ഏകോപിപ്പിക്കാന്‍ ദമസ്‌കസിന് സമീപം അമേരിക്കന്‍ സൈനിക താവളം സ്ഥാപിക്കാന്‍ പദ്ധതിയുണ്ടെന്ന് സിറിയന്‍ നയതന്ത്ര വൃത്തങ്ങള്‍ അറിയിച്ചു.

സിറിയന്‍ പ്രസിഡന്റ് ഷറായെ കരിമ്പട്ടികയില്‍ നിന്ന് നീക്കംചെയ്യുന്നതിനെക്കുറിച്ച് കഴിഞ്ഞ വെള്ളിയാഴ്ച സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രഖ്യാപിച്ചിരുന്നു. കാണാതായ അമേരിക്കക്കാരെ കണ്ടെത്താനും രാസായുധങ്ങള്‍ നശിപ്പിക്കാനുമായി ഷറാ ഭരണകൂടം സ്വീകരിച്ച നടപടികളാണ് ഇതിന് പിന്നിലെന്ന് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ടോമി പിഗോട്ട് വ്യക്തമാക്കി.

അതേസമയം, സിറിയന്‍ ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ആഴ്ച 61 റെയ്ഡുകളും 71 അറസ്റ്റുകളും നടത്തിയതായി അറിയിച്ചു. 'ഐഎസിന്റെ ശേഷിച്ച സെല്ലുകള്‍ ഇല്ലാതാക്കാനുള്ള പ്രായോഗിക നീക്കത്തിന്റെ ഭാഗമാണ് റെയ്ഡുകള്‍,' എന്നായിരുന്നു ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സനായുടെ റിപ്പോര്‍ട്ട്.

സെപ്റ്റംബറില്‍ ന്യൂയോര്‍ക്കില്‍ നടന്ന യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുത്ത് പ്രസംഗിച്ച ഷറാ, യുഎന്‍ വേദിയില്‍ പ്രസംഗിക്കുന്ന ആദ്യ സിറിയന്‍ പ്രസിഡന്റ് ആയിരുന്നു. കഴിഞ്ഞ ആഴ്ച യുഎന്‍ സുരക്ഷാസമിതി ഷറായെതിരായ ഉപരോധങ്ങള്‍ നീക്കിയതോടെയാണ് അദ്ദേഹത്തിന്റെ വാഷിംഗ്ടണ്‍ സന്ദര്‍ശനത്തിന് വഴിയൊരുങ്ങിയത്.

13 വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധത്തില്‍ തകര്‍ന്ന സിറിയയുടെ പുനര്‍നിര്‍മാണത്തിനായി 216 ബില്യണ്‍ ഡോളര്‍ ചെലവാകുമെന്നതാണ് ലോകബാങ്കിന്റെ കണക്ക്. അതിനായുള്ള സാമ്പത്തിക സഹായം ഉറപ്പാക്കുക എന്നതും ഷറായുടെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണ്.