ടാമ്പാ (ഫ്‌ലോറിഡ): അതിവേഗത്തില്‍ നിയന്ത്രണം തെറ്റി ഓടിയ കാര്‍ ഒരു ബിസിനസ് സ്ഥാപനത്തിലും നടപ്പാതയിലുണ്ടായിരുന്നവരിലേക്കും ഇടിച്ച് കയറിയുണ്ടായ ദുരന്തത്തില്‍ കുറഞ്ഞത് നാല് പേര്‍ മരിച്ചു, 13 പേര്‍ക്ക് പരിക്ക്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
അപകടത്തില്‍പ്പെട്ട വാഹനം മുന്‍പ് നഗരത്തില്‍ സ്ട്രീറ്റ് റേസിംഗില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയിട്ടുണ്ടെന്ന് ടാമ്പാ പൊലീസ് അറിയിച്ചു. മൂന്നു പേര്‍ അപകടസ്ഥലത്തുവെച്ചും ഒരാള്‍ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയുമാണ് മരിച്ചത്.
ആദ്യ റിപ്പോര്‍ട്ടില്‍ പരിക്കേറ്റവരുടെ എണ്ണം 11 ആയിരുന്നെങ്കിലും പിന്നീട് രണ്ടുപേര്‍ സ്വമേധയാ ആശുപത്രിയിലെത്തിയതോടെ പരിക്കേറ്റവരുടെ എണ്ണം 13 ആയി. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. രണ്ടുപേര്‍ക്ക് സ്ഥലത്തുവച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയതായും രണ്ടുപേര്‍ ചികിത്സയ്ക്കുശേഷം ഡിസ്ചാര്‍ജായതായും പൊലീസ് സ്ഥിരീകരിച്ചു.
അപകടവുമായി ബന്ധപ്പെട്ട് 22 വയസ്സുകാരനായ സൈലസ് സാംസണിനെ പൊലീസ് സ്ഥലത്തുവച്ച് തന്നെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ I275 ഹൈവേയില്‍ അതിവേഗത്തില്‍ കാര്‍ ഓടിച്ചശേഷം, ഹൈവേയിലൂടെ ഇറങ്ങി 'ബ്രാഡ്‌ലീസ് ഓണ്‍ 7ത്' എന്ന ബാറിന്റെ ഔട്ട്‌ഡോര്‍ പാറ്റിയോ ഭാഗത്തേക്ക് ഇടിച്ചുകയറിയതാണ് അപകടത്തിന് കാരണമായത്.
ടാമ്പായില്‍ കാര്‍ ബാറിലേക്ക് ഇടിച്ചുകയറി അപകടം: നാല് പേര്‍ മരിച്ചു, 13 പേര്‍ക്ക് പരിക്ക്
