ഷട്ട്ഡൗണ്‍ അവസാനിച്ചേക്കും; റിപ്പബ്ലിക്കന്‍ ബില്ലിന് മതിയായ ഡെമോക്രാറ്റ് പിന്തുണ ലഭിക്കുമെന്ന് സൂചന

ഷട്ട്ഡൗണ്‍ അവസാനിച്ചേക്കും; റിപ്പബ്ലിക്കന്‍ ബില്ലിന് മതിയായ ഡെമോക്രാറ്റ് പിന്തുണ ലഭിക്കുമെന്ന് സൂചന


വാഷിംഗ്ടണ്‍ : 40 ദിവസമായി നീണ്ടുനില്‍ക്കുന്ന യുഎസ് സര്‍ക്കാരിന്റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഷട്ട്ഡൗണ്‍ അവസാനിക്കുമെന്ന പ്രതീക്ഷ ശക്തമാകുന്നു. റിപ്പബ്ലിക്കന്‍ നേതാക്കള്‍ മുന്നോട്ട് വച്ച ഫണ്ടിങ് ബില്ലിന് മതിയായ ഡെമോക്രാറ്റുകള്‍ പിന്തുണയ്ക്കുമെന്ന് സൂചന ലഭിച്ചതോടെ സെനറ്റ് ഞായറാഴ്ച രാത്രി തന്നെ നിര്‍ണായക വോട്ടെടുപ്പ് നടത്താനുള്ള നീക്കത്തിലാണ്.

ഈ ബില്‍ പാസായാല്‍ സര്‍ക്കാര്‍ പ്രവര്‍ത്തനം ഉടന്‍ പുനരാരംഭിക്കില്ലെങ്കിലും, പ്രതിസന്ധി പരിഹാരത്തിലേക്ക് ഒരു വലിയ ചുവടുവയ്പായിരിക്കും അത്. ബില്‍ സെനറ്റില്‍ പാസായതിനു ശേഷം പ്രതിനിധിസഭ (ഹൗസ്) അംഗങ്ങളെ സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍ തിരികെ വിളിച്ച് നിയമനടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.

സെനറ്റില്‍ ബില്‍ പാസാകാന്‍ കുറഞ്ഞത് 60 വോട്ടുകള്‍ ആവശ്യമാണ്. മുന്‍ വോട്ടെടുപ്പുകളില്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍ റാന്‍ഡ് പോള്‍ മാത്രമാണ് ബില്ലിനെ എതിര്‍ത്തത്. ഡെമോക്രാറ്റുകള്‍ കാതറീന്‍ കോര്‍ട്ടെസ് മാസ്‌റ്റോ, ജോണ്‍ ഫെറ്റര്‍മാന്‍, സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആംഗസ് കിംഗ് എന്നിവര്‍ ഇതിനകം പിന്തുണച്ചിട്ടുണ്ട്. ബില്‍ മുന്നോട്ടു പോകാന്‍ ഇനി അഞ്ചോളം ഡെമോക്രാറ്റ് വോട്ടുകള്‍ കൂടി വേണം.

പാസായാല്‍ ബില്‍ ജനുവരി 31 വരെ സര്‍ക്കാര്‍ ഫണ്ടിങ് നീട്ടിക്കൊടുക്കും. അതോടൊപ്പം കാര്‍ഷിക വകുപ്പ്, വെറ്ററന്‍സ് അഫയേഴ്‌സ് തുടങ്ങി പ്രധാന വകുപ്പുകള്‍ക്കുള്ള ഫണ്ടിങ് ഉറപ്പുവരുത്തുകയും ചെയ്യും.

ഡെമോക്രാറ്റുകള്‍ ഏറെ നാളായി ആവശ്യപ്പെട്ടിരുന്ന ഒബാമകെയര്‍ (Affordable Care Act) സബ്‌സിഡികളുടെ കാലാവധി നീട്ടല്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പകരം, ഈ വിഷയത്തില്‍ വര്‍ഷാവസാനത്തിന് മുമ്പ് സെനറ്റില്‍ വോട്ടെടുപ്പ് നടത്താമെന്ന വാഗ്ദാനം മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

'ബില്‍ പാസാക്കാന്‍ മതിയായ ഡെമോക്രാറ്റ് വോട്ടുകള്‍ ലഭിക്കും. എന്നാല്‍ ഭൂരിപക്ഷം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ എതിര്‍ക്കും.' എന്ന് ഒരു മുതിര്‍ന്ന ഡെമോക്രാറ്റ് സെനറ്റര്‍ പറഞ്ഞതായി എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഡെമോക്രാറ്റുകള്‍ ഈ ഘട്ടത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായാലും, ആരോഗ്യ ഇന്‍ഷുറന്‍സ് വിഷയത്തില്‍ പോരാട്ടം മിഡ് ടേം തെരഞ്ഞെടുപ്പില്‍ (midterms) തുടരുമെന്നു സൂചനയുണ്ട്. 'അമേരിക്കക്കാരുടെ ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ ഉയരുന്നത് കാണിച്ചുകൊണ്ട് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഒന്നും ചെയ്തില്ലെന്ന് ഞങ്ങള്‍ വാദിക്കും,' -ഒരു സെനറ്റര്‍ പറഞ്ഞു.

സെനറ്റര്‍മാര്‍ ബില്ലില്‍ ചില ഭേദഗതികള്‍ക്കും തയ്യാറെടുക്കുന്നു:

1)ബില്ലിന്റെ കാലാവധി നവംബര്‍ 21ല്‍ നിന്ന് ജനുവരി അവസാനം വരെ നീട്ടല്‍.
2) മുഴുവന്‍ വര്‍ഷ ഫണ്ടിങ് നല്‍കുന്ന 3 ബില്ലുകള്‍ (മിലിട്ടറി കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് വെറ്ററന്‍സ് അഫയേഴ്‌സ്, 
ലെജിസ്ലേറ്റീവ് ബ്രാഞ്ച്, കാര്‍ഷിക വകുപ്പ്) ഇതിനോട് ചേര്‍ക്കല്‍.
3) ആരോഗ്യപരിപാലന ബില്ലിനുള്ള വോട്ടെടുപ്പ് നിശ്ചിത തീയതിക്ക് മുമ്പ് നടക്കുമെന്ന ഉറപ്പും ഉള്‍പ്പെടുത്തല്‍.
4) അടച്ചിടലിനിടെ നടന്ന ചില സര്‍ക്കാര്‍ ജീവനക്കാരുടെ പിരിച്ചുവിടലുകള്‍ പുനഃപരിശോധിക്കുന്ന വ്യവസ്ഥകളും പരിഗണിക്കണം, എന്നിവയാണ് ഭേദഗതികള്‍.

എല്ലാ സെനറ്റര്‍മാരുടെയും ഏകകണ്ഠമായ അനുമതി ലഭിച്ചില്ലെങ്കില്‍ ബില്‍ പൂര്‍ണ്ണമായി പ്രോസസ്സ് ചെയ്യാന്‍ ഒരാഴ്ച വരെ എടുക്കാമെന്നാണ് കണക്കാക്കുന്നത്.

അടച്ചിടലിനാല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ നിലച്ചതോടെ ലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് കഴിഞ്ഞ ആഴ്ചകളില്‍ കടുത്ത പ്രതിസന്ധി നേരിട്ടിരുന്നു. പുതിയ നീക്കത്തിലൂടെ അതില്‍ നിന്ന് മോചനം ലഭിക്കുമെന്ന പ്രതീക്ഷയിലാണിപ്പോള്‍ വാഷിംഗ്ടണ്‍.