ബി.ബി.സി.യില്‍ ഇരട്ട രാജി: 'പാനൊരമ' വിവാദം പൊട്ടിത്തെറിച്ചപ്പോള്‍ ലോകമാധ്യമങ്ങള്‍ ഞെട്ടി

ബി.ബി.സി.യില്‍ ഇരട്ട രാജി: 'പാനൊരമ' വിവാദം പൊട്ടിത്തെറിച്ചപ്പോള്‍ ലോകമാധ്യമങ്ങള്‍ ഞെട്ടി


ലണ്ടന്‍: ലോകപ്രശസ്ത പബ്ലിക് ബ്രോഡ്കാസ്റ്ററായ ബി.ബി.സി.യിലുണ്ടായ ഇരട്ട രാജി ബ്രിട്ടീഷ് മാധ്യമരംഗത്ത് വലിയ ചലനം സൃഷ്ടിച്ചിരിക്കുകയാണ്. ഡയറക്ടര്‍ ജനറല്‍ ടിം ഡേവിയും ന്യൂസ് സി.ഇ.ഒ. ഡെബോറ ടേണസുമാണ് ഒരുമിച്ച് രാജിവെച്ചത്. ഇത്തരമൊരു രാജി ബിബിസിയുടെ ചരിത്രത്തിലാദ്യമായാണ്. അമേരിക്കന്‍ മുന്‍ പ്രസിഡന്റായ ഡോണള്‍ഡ് ട്രംപിന്റെ പ്രസംഗം തെറ്റായി എഡിറ്റ് ചെയ്‌തെന്ന ആരോപണം വലിയ വിവാദമുണ്ടാക്കിയതോടെയാണ് ഇരുവരും രാജിയിലേക്കെത്തിയത്.

'പാനൊരമ' ഡോക്യുമെന്ററിയില്‍ ട്രംപിന്റെ 2021 ജനുവരി 6ലെ പ്രസംഗം തെറ്റായ രീതിയില്‍ ചേര്‍ത്ത് എഡിറ്റ് ചെയ്തതായുള്ള വെളിപ്പെടുത്തലാണ് വിവാദത്തിന് തുടക്കമായത്. ടെലഗ്രാഫ് പത്രം പുറത്തുവിട്ട ആഭ്യന്തര ബി.ബി.സി. മെമ്മോ പ്രകാരം പ്രസംഗത്തിലെ രണ്ട് വ്യത്യസ്ത ഭാഗങ്ങള്‍ ഒന്നിച്ച് ചേര്‍ത്തതിലൂടെ ട്രംപ് നേരിട്ട് ക്യാപിറ്റോള്‍ ഹില്ലിലെ ആക്രമണത്തിന് പ്രേരിപ്പിച്ചതുപോലെ തോന്നി. യഥാര്‍ത്ഥത്തില്‍ ആ ഭാഗങ്ങള്‍ അമ്പതില്‍പ്പരം മിനിറ്റുകള്‍ വേര്‍തിരിച്ചാണ് ഉണ്ടായിരുന്നത്.

'ബി.ബി.സി. പൂര്‍ണമായൊരു സ്ഥാപനമല്ല, പക്ഷേ അത് എപ്പോഴും തുറന്നതും ഉത്തരവാദിത്വമുള്ളതും ആയിരിക്കണം. ചില പിഴവുകള്‍ സംഭവിച്ചു; അതിന്റെ അന്തിമ ഉത്തരവാദിത്തം ഡയറക്ടര്‍ ജനറലായി എനിക്കാണ്.'
തന്റെ രാജി പ്രഖ്യാപനത്തില്‍ ഡേവി പറഞ്ഞു. 

അഞ്ച് വര്‍ഷം നീണ്ട സേവനത്തിന് ശേഷമാണ് ഡേവി പിന്മാറുന്നത്. 20 വര്‍ഷമായി ബി.ബി.സി.യുമായി ബന്ധപ്പെട്ടിരുന്ന അദ്ദേഹം ബി.ബി.സി. സ്റ്റുഡിയോസിന്റെ തലവനായും മുമ്പ് പെപ്‌സിയും പ്രോക്ടര്‍ ആന്‍ഡ് ഗാംബിളിലും മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവായും പ്രവര്‍ത്തിച്ചിരുന്നു.

 'വിവാദം ബി.ബി.സി.യുടെ പ്രതിച്ഛായക്ക് തന്നെ ദോഷം ചെയ്യുന്ന ഘട്ടത്തിലെത്തി. ഉത്തരവാദിത്വം നേതാക്കള്‍ ഏറ്റെടുക്കേണ്ടത് പൊതുജീവിതത്തിന്റെ അടിസ്ഥാനമാണ്.' എന്ന് മൂന്ന് വര്‍ഷമായി ന്യൂസ് ആന്‍ഡ് കറന്റ് അഫയേഴ്‌സ് വിഭാഗത്തിന്റെ സിഇഒയായിരുന്ന ഡെബോറ ടേണസ് പ്രസ്താവനയില്‍ പറഞ്ഞു.
എന്നാല്‍ ബി.ബി.സി. ന്യൂസ് 'സ്ഥാപനാത്മകമായി പക്ഷപാതമാണ്' എന്ന ആരോപണം ഡെബോറ തള്ളി, പിഴവുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും സ്ഥാപനം അടിസ്ഥാനപരമായി നീതിപൂര്‍ണ്ണമാണെന്ന ബോധ്യവും അവള്‍ ആവര്‍ത്തിച്ചു.
ഇരുവരുടെയും രാജി വാര്‍ത്ത പുറത്തുവന്നതോടെ പ്രതികരണവുമായി ട്രംപ് സോഷ്യല്‍ മീഡിയയില്‍ എത്തി. 'അവര്‍ എന്റെ പ്രസംഗം 'വക്രീകരിച്ചതു' കൊണ്ടാണ് പുറത്തായതെന്ന്' ട്രംപ് എഴുതി. 'ഇത് ജനാധിപത്യത്തിന് ഭീകരമായ കാര്യമാണ്, ' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'സ്ഥാപനത്തിന് ദുഃഖകരമായ ദിനമാണിതെന്ന് ബി.ബി.സി. ചെയര്‍മാന്‍ സമീര്‍ ഷാ, പറഞ്ഞു. ഡേവിക്ക് ബോര്‍ഡിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടായിരുന്നുവെങ്കിലും വ്യക്തിപരമായ സമ്മര്‍ദ്ദം മൂലമാണ് രാജിയെന്ന് ഷാ വ്യക്തമാക്കി.

ഡേവിക്ക് നന്ദി അറിയിച്ച് സാംസ്‌കാരികമന്ത്രി ലിസ നാന്‍ഡിയും രംഗത്തെത്തി-  'ബി.ബി.സി. നമ്മുടെ ദേശീയ സ്ഥാപനങ്ങളിലൊന്നാണ്. വിശ്വാസയോഗ്യമായ വാര്‍ത്തകളും ഗുണമേന്മയുള്ള പ്രോഗ്രാമിംഗും ഇന്നത്തെ കാലത്ത് അത്യാവശ്യമാണെന്ന് അവര്‍ പറഞ്ഞു.

രാജി 'ശരിയായ നീക്കം' ആണെങ്കിലും, 'സ്ഥാപനത്തില്‍ ആഴത്തിലുള്ള പിഴവുകളുണ്ട്' എന്ന്് കണ്‍സര്‍വേറ്റീവ് നേതാവ് കെമി ബാഡിനോക്ക് വ്യക്തമാക്കി. ലൈസന്‍സ് ഫീസിലൂടെ പൊതുധനം ലഭിക്കുന്ന ഒരു സ്ഥാപനമായതിനാല്‍ ബി.ബി.സി. യഥാര്‍ത്ഥ നിക്ഷ്പക്ഷത തെളിയിക്കേണ്ടത് നിര്‍ബന്ധമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ട്രംപ് പ്രസംഗം എഡിറ്റ് ചെയ്തതിലുപരി, ബി.ബി.സി. അറബിക് വിഭാഗത്തിന്റെ ഗാസ-ഇസ്രായേല്‍ റിപ്പോര്‍ട്ടിംഗില്‍ 'പക്ഷപാതം' ഉണ്ടെന്നും, ട്രാന്‍സ് വിഷയങ്ങളില്‍ പ്രോ-ട്രാന്‍സ് അജണ്ട മുന്നോട്ട് വെക്കുന്ന കാഴ്ചപ്പാട് നിലനില്‍ക്കുന്നുവെന്നും മൈക്കിള്‍ പ്രസ്‌കോട്ട് എന്ന മുന്‍ എഡിറ്റോറിയല്‍ സ്റ്റാന്‍ഡേര്‍ഡ് ഉപദേഷ്ടാവിന്റെ ലീക്ക് ചെയ്ത മെമ്മോയില്‍, ആരോപിച്ചിരുന്നു.

 'പ്രസംഗം തെറ്റായി എഡിറ്റ് ചെയ്തത് ഒരു അടിസ്ഥാന പിഴവാണ്. അതിനുശേഷം ക്ഷമ ചോദിക്കാന്‍ ഇത്രയും കാലം എടുത്തതും ആശങ്കാജനകമാണ് എന്ന്  ചാനല്‍ 4ന്റെ മുന്‍ ന്യൂസ് ഹെഡ് ഡൊറതി ബൈര്‍ണ്‍ പറഞ്ഞു.

'പാനൊരമ എഡിറ്റ് പ്രതിരോധിക്കാന്‍ കഴിയാത്തതാണ്. ഇത്തരം സംഭവങ്ങള്‍ സ്ഥാപനം എങ്ങനെ പുനഃസംഘടിപ്പിക്കണമെന്ന് ചിന്തിക്കാന്‍ കാരണമാകും.' എന്ന് മുന്‍ ബി.ബി.സി. ന്യൂസ് ഹെഡ് റോജര്‍ മോസി പറഞ്ഞു.

ഡേവിയുടെ പിന്മാറ്റം പുതിയ റോയല്‍ ചാര്‍ട്ടറിലേക്കുള്ള തയ്യാറെടുപ്പുകളുടെ നടുവിലാണ്. സര്‍ക്കാര്‍-ബി.ബി.സി. ചര്‍ച്ചയിലൂടെ പുതുക്കപ്പെടുന്ന ഈ ചാര്‍ട്ടര്‍ നിലവിലേത് അവസാനിക്കുന്നത് 2027ലാണ്. ബോര്‍ഡാണ് പുതിയ ഡയറക്ടര്‍ ജനറലിനെ  നിയമിക്കുന്നത്.

'ഇത് ബി.ബി.സി.യ്ക്ക് ഒരു പുതിയ അധ്യായം തുടങ്ങാനുള്ള അവസരമാണ്. പിഴവുകള്‍ ഉണ്ടായാലും ബി.ബി.സി. ഇപ്പോഴും ബ്രിട്ടീഷ് മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന അവസാന മതില്‍പോലെയാണ്.' ലിബറല്‍ ഡെമോക്രാറ്റ് നേതാവ് എഡ് ഡേവി പറഞ്ഞു.

 'ഇത് സംസ്‌കാരപരമായ വലിയ മാറ്റത്തിനുള്ള തുടക്കമാകണം. പഴയ രീതികള്‍ തുടരാന്‍ പാടില്ല-റീഫോം യു.കെ. നേതാവ് നൈജല്‍ ഫാരജ് അഭിപ്രായപ്പെട്ടു.

'ബി.ബി.സി.യുടെ ഡയറക്ടര്‍ ജനറലാകാന്‍ ഇന്നത്തെ കാലത്ത് ഒരാള്‍ക്ക് സൂപ്പര്‍ഹ്യൂമനാകണം,' എന്ന് റോജര്‍ മോസി വിലയിരുത്തി. 'ഭാവിയില്‍ ഈ പദവി രണ്ടു ഭാഗങ്ങളായി വേര്‍തിരിക്കണം. എഡിറ്റോറിയല്‍ ഉത്തരവാദിത്വവും കോര്‍പ്പറേറ്റ് നിയന്ത്രണവും വേറിട്ടിരിക്കുക എന്ന ആശയം ഗൗരവമായി പരിഗണിക്കേണ്ട സമയമാണിത്.' റോജര്‍ കൂട്ടിച്ചേര്‍ത്തു.

ലോക മാധ്യമരംഗത്ത് ഒരു 'ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ്' ആയി കണക്കാക്കിയ ബി.ബി.സി.യുടെ വിശ്വാസ്യതയ്ക്ക് നേരെയുള്ള ഈ ആഘാതം, സ്ഥാപനത്തിന് ആത്മപരിശോധനയും പുനഃസ്ഥാപനവും ആവശ്യപ്പെടുന്ന ഒരു വലിയ മുന്നറിയിപ്പാണ്.