കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഫുള്‍ ബോഡി സ്‌കാനര്‍ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചു

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഫുള്‍ ബോഡി സ്‌കാനര്‍ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചു


കൊച്ചി:   CIAL 2.0 പദ്ധതിയുടെ ഭാഗമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഫുള്‍ ബോഡി സ്‌കാനര്‍ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചു. യാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിനായാണ് ഈ പുതുമയാര്‍ന്ന സംവിധാനം നടപ്പിലാക്കുന്നത്.

പരിശോധനാ ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി ബന്ധപ്പെട്ട ഏജന്‍സികളുടെ അംഗീകാരം ലഭിച്ചതിന് ശേഷം, ഈ സംവിധാനം സ്ഥിരമായ പ്രവര്‍ത്തനത്തിന്റെ ഭാഗമാകും. ഇതോടെ സ്മാര്‍ട്ട്, സുരക്ഷിത വിമാനത്താവള അനുഭവങ്ങളിലേക്ക് CIAL നടത്തുന്ന മുന്നേറ്റത്തില്‍ മറ്റൊരു നാഴികക്കല്ലുകൂടി രേഖപ്പെടുത്തപ്പെടും.

സൈബര്‍ സ്‌പെയ്‌സിലെ പുതിയ വെല്ലുവിളികള്‍ നേരിടുക, യാത്ര കൂടുതല്‍ സുഗമമാക്കുക എന്നീ ഉദ്ദേശ്യത്തോടെ 200 കോടി മുതല്‍ മുടക്കില്‍ നടപ്പാക്കുന്ന വിമാനത്താവള നവീകരണ പദ്ധതിയുടെ ഭാഗമാണിത്. 

ഫുള്‍ ബോഡി സ്‌കാനറുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ  മെറ്റല്‍ ഡിറ്റക്ടര്‍ കൊണ്ട് യാത്രക്കാരുടെ ശരീരം സ്പര്‍ശിച്ചുകൊണ്ടുള്ള സുരക്ഷാ പരിശോധന ഒഴിവാക്കാനാകും. ഇതിനു പുറമെ സ്ഥാപിക്കുന്ന ഓട്ടോ മാറ്റിക് ട്രേ റിട്രീവല്‍ സിസ്റ്റം നിലവില്‍ വരുന്നതോടെ ക്യാബിന്‍ ബാഗേജുകളുടെ സുരക്ഷാ പരിശോധനയും വേഗത്തിലാവും. വിമാനത്താവളത്തിന്റെയും പരിസര പ്രദേശത്തിന്റെയും സുരക്ഷ വര്‍ധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി 4,000 എ.ഐ അധിഷ്ഠിത നിരീക്ഷണ ക്യാമറകളാണ് സഥാപിച്ചിട്ടുള്ളത്.  കൊച്ചി വിമാനത്താവളത്തില്‍ നിലവിലുള്ള ബോംബ് നിര്‍വീര്യ സംവിധാനവും സിയാല്‍ 2.0 യിലൂടെ നവീകരിക്കുന്നു.