ന്യൂഡല്‍ഹി: പറ്റ്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ സുപ്രിം കോടതി ജഡ്ജിയായി നിയമിച്ചു. കഴിഞ്ഞയാഴ്ചയാണു ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള സുപ്രിം കോടതി കൊളീജിയം വിനോദ് ചന്ദ്രനെ നിയമിക്കാന്‍ ശുപാര്‍ശ ചെയ്തത്. ഇതു കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതിനു പിന്നാലെ രാഷ്ട്രപതി ഉത്തരവില്‍ ഒപ്പുവച്ചു. നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാളാണ് സമൂഹമാധ്യമത്തിലൂടെ നിയമന വിവരം അറിയിച്ചത്.
2011 നവംബറില്‍ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ 2023 മാര്‍ച്ചിലാണ് പറ്റ്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്.
എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍ സ്വദേശിയാണു വിനോദ് ചന്ദ്രന്‍. ജസ്റ്റിസ് സി ടി രവികുമാര്‍ കഴിഞ്ഞയാഴ്ച വിരമിച്ചതോടെ സുപ്രിം കോടതിയില്‍ മലയാളി ജഡ്ജിമാരില്ലാതായിരുന്നു.