ഉത്തരകാശിയിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായ മലയാളികള്‍ സുരക്ഷിതര്‍

ഉത്തരകാശിയിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായ മലയാളികള്‍ സുരക്ഷിതര്‍


കൊച്ചി : ഉത്തരകാശിയിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായ മലയാളികള്‍ സുരക്ഷിതര്‍. തീര്‍ഥാടന യാത്ര പോയ മലയാളികളുടെ സംഘം സുരക്ഷിതരെന്ന് കൊച്ചിയിലെ ബന്ധുക്കള്‍ പറഞ്ഞു. പ്രതിരോധ സേന വക്താവില്‍ നിന്ന് ഉത്തരാഖണ്ഡിലെ മലയാളി സമാജം പ്രവര്‍ത്തകരാണ് ആശ്വാസ വാര്‍ത്ത ബന്ധുക്കളെ അറിയിച്ചത്.

കൊച്ചിയില്‍ നിന്ന് ടൂര്‍ പാക്കേജിലുണ്ടായിരുന്ന നാരായണന്‍ നായര്‍, ശ്രീദേവിപിള്ള എന്നിവരും ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റ് അംഗങ്ങളും സുരക്ഷിതരാണെന്ന് ബന്ധുവായ അമ്പിളി പറഞ്ഞു. 'ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു ഇവരെ ബന്ധപ്പെട്ടത്, ഉത്തരാഖണ്ഡിലേക്ക് പോവുകയാണന്ന് ഇവര്‍ അറിയിച്ചിരുന്നു, മിന്നല്‍ പ്രളയത്തിന്റെ വാര്‍ത്ത വന്നത് മുതല്‍ ഇവരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല, ഇത് വലിയ ആശങ്ക ഉണ്ടാക്കി, എന്നാല്‍ ഇവര്‍ സുരക്ഷിതരാണെന്ന് അറിഞ്ഞതില്‍ ആശ്വസിക്കുന്നു' എന്നും അമ്പിളി പറഞ്ഞു. 

അതേസമയം, നിരവധി വാഹനങ്ങള്‍ കുടുങ്ങികിടന്നിരുന്നുവെന്നും ഇവരും വാഹനത്തില്‍ കുടുങ്ങി കിടക്കുകയാണെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഗതാഗത തടസമുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവരുടെ വാഹനത്തിന് സമീപം എത്തിച്ചേരാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇവരുടെ നിലവിലെ സാഹചര്യത്തെ കുറിച്ച് ആശങ്കയുമുണ്ട്. 

മിന്നല്‍ പ്രളയത്തിന് ശേഷവും ഉത്തരാഖണ്ഡില്‍ ഉരുള്‍പൊട്ടല്‍ ഉള്‍പ്പടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കുടുങ്ങി കിടക്കുന്നവരെ എയര്‍ ലിഫ്റ്റ് ചെയ്യാനുള്ള ശ്രമം ഉള്‍പ്പടെ നടക്കുന്നു. എന്നാല്‍ കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഹെലികോപ്റ്റര്‍ ഇറക്കാന്‍ കഴിയാത്തത് കൂടുതല്‍ ആശങ്കാജനകമാണ്.

ഉത്തരാഖണ്ഡിലെത്തിയത് 28 മലയാളികള്‍

തീര്‍ഥാടന ടൂര്‍ പാക്കേജില്‍ 28 മലയാളികളികളാണ് ഡല്‍ഹിയില്‍ നിന്നും ഡെറാഡൂണിലേക്കും അവിടെ നിന്ന് ഉത്തരാഖണ്ഡിലേക്കും യാത്ര തിരിച്ചത്. ഇതില്‍ 20 പേര്‍ മുംബൈ മലയാളികളും എട്ടു പേര്‍ കേരളത്തില്‍ നിന്നുള്ളവരുമാണ്. കേരളത്തില്‍ നിന്നുള്ളവര്‍ കൊച്ചി, കായംകുളം , തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ഇവരെല്ലാവരും അടുത്ത ബന്ധുക്കളുമാണ്. ഇവര്‍ സുരക്ഷിതരായിരിക്കുമെന്നും ബന്ധപ്പെടാന്‍ കഴിയാത്തത് വിനിയമ സംവിധാനങ്ങള്‍ തകരാറിലായതു കൊണ്ടാണെന്നും ടൂര്‍ ഓപ്പറേറ്റേഴ്‌സ് ബന്ധുക്കളെ അറിയിച്ചു.

മിന്നല്‍ പ്രളയത്തില്‍ എഴുപതോളം ആളുകളെയാണ് ഇതുവരെ ആകെ കാണാതായത്. സൈന്യം, എന്‍ഡിആര്‍എഫ്, എസ്!ഡിആര്‍എഫ്, ഐടിബിപി തുടങ്ങിയ സേനകളെ സംഭവ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ഇവരാണ് രക്ഷാ ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. ഇന്ത്യന്‍ സൈന്യം, സംസ്ഥാന ദുരന്ത നിവാരണ സേന (SDRF), ദേശീയ ദുരന്ത നിവാരണ സേന (NDRF), തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

മേഖലയില്‍ കാണാതായ 9 സൈനികര്‍ക്കായുള്ള തെരച്ചിലും ഊര്‍ജിതമാണ്. പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അറിയിച്ചു.