വിദേശങ്ങളില്‍ ഭിക്ഷാടനത്തിലൂടെ പാക്കിസ്ഥാന്‍ പൗരന്മാര്‍ പ്രതിവര്‍ഷം നേടുന്നത് 42 ബില്യണ്‍ ഡോളര്‍

വിദേശങ്ങളില്‍ ഭിക്ഷാടനത്തിലൂടെ പാക്കിസ്ഥാന്‍ പൗരന്മാര്‍ പ്രതിവര്‍ഷം നേടുന്നത് 42 ബില്യണ്‍ ഡോളര്‍


ഇസ്ലാമാബാദ്:  കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യമാണ് പാകിസ്ഥാന്‍. മറ്റ് പല രാജ്യങ്ങളോടും, അന്തര്‍ദേശീയ സംഘടനകളോടും സാമ്പത്തിക സഹായത്തിനായി അപേക്ഷിക്കേണ്ട സാഹചര്യത്തിലൂടെയാണ് നാളുകളായി പാകിസ്ഥാന്‍ കടന്നു പോകുന്നത്. ഇതിനിടെ രാജ്യത്തും, പുറത്തും പാകിസ്ഥാന്‍ പൗരന്മാരുടെ ഭിക്ഷാടനം വ്യാപകമാകുന്നത് രാജ്യത്തിന് തലവേദന സൃഷ്ടിക്കുന്നു. ഒരു വര്‍ഷം 42 ബില്യണ്‍ ഡോളറാണ് യാചക വൃത്തിയിലൂടെ ആളുകള്‍ നേടുന്നതെന്നാണ് കണക്കുകള്‍.
ഈ പ്രശ്‌നത്തെക്കുറിച്ച് രണ്ട് വര്‍ഷം മുമ്പ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പറഞ്ഞിട്ടുണ്ട്. ഇന്ന് ഏതെങ്കിലും ഒരു സൗഹൃദ രാജ്യത്ത് പോകുമ്പോഴോ, അവരെ ഫോണ്‍ കോള്‍ ചെയ്യുമ്പോഴോ നമ്മള്‍ പണത്തിന് വേണ്ടി യാചിക്കാനാണ് വരുന്നതെന്നാണ് അവര്‍ വിചാരിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്.

പാകിസ്ഥാന്‍ സര്‍ക്കാര്‍ സാമ്പത്തിക സഹായം തേടുമ്പോള്‍ മറുവശത്ത് യാചകവൃത്തി പാകിസ്ഥാനിലെ ഒരു സംഘടതി വ്യവസായമായി മാറിയിരിക്കുകയാണ്. രാജ്യത്തെ നഗരങ്ങളിലും, പ്രാന്തപ്രദേശങ്ങളിലും മാത്രമല്ല, വിദേശ രാജ്യങ്ങളിലേക്ക് ഭിക്ഷാടകരെ കയറ്റി അയയ്ക്കുന്ന ഏജന്‍സികളും സജീവമാണ്. 

അടുത്തിടെ 2,000 യാചകരുടെ പാസ്‌പോര്‍ട്ട് 7 വര്‍ഷത്തേക്ക് ബ്ലോക്ക് ചെയ്യാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. വിദേശ രാജ്യങ്ങളില്‍ ഭിക്ഷാടന ബിസിനസ് നടത്തുന്ന ഏചന്റുമാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനും നടപടികള്‍ സ്വീകരിച്ചു

പാകിസ്ഥാനിലെ യാചകര്‍ പ്രധാനമായും സൗദി അറേബ്യ, ഇറാന്‍, ഇറാഖ് എന്നീ രാജ്യങ്ങളിലാണ് ഭിക്ഷാടനത്തിനായി എത്തുന്നത്. പാകിസ്ഥാനികളായ നിരവധി ഭിക്ഷാടകരെ വിദേശ രാജ്യങ്ങളില്‍ വെച്ച് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. തീര്‍ത്ഥാക വിസ ദുരുപയോഗം ചെയ്ത് പുണ്യസ്ഥലങ്ങളിലേക്ക് യാചകര്‍ എത്തുകയാണ് ചെയ്യുന്നത്. പാക് യാചകരെ സംബന്ധിച്ച് സൗദി, ഇറാഖ് രാജ്യങ്ങളുടെ അംബാസഡര്‍മാര്‍ പാകിസ്ഥാന്‍ സര്‍ക്കാരിനോട് പരാതിപ്പെടേണ്ടി വന്ന സാഹചര്യങ്ങളുമുണ്ടായി.

സൗദി അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍, മറ്റ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് 44,000 ആളുകളെ പാക് വിദേശ കാര്യമന്ത്രാലയം കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ തിരികെയെത്തിച്ചതായിട്ടാണ് കണക്ക്. ഇക്കാരണത്താല്‍ പാസ്‌പോര്‍ട്ടുകള്‍ അനുവദിക്കുമ്പോള്‍ കര്‍ശന പരിശോധന നടത്തണമെന്നും വിദേശ കാര്യ മന്ത്രാലയത്തിന് നിര്‍ദ്ദേശമുണ്ട്

പാകിസ്ഥാനിലെ വളരെ സംഘടിതമായ, മത്സരാധിഷ്ഠിതമായ ബിസിനസാണ് യാചകവൃത്തി. രാജ്യത്തെ ജനസംഖ്യ 23 കോടിയാണെന്നിരിക്കെ, രാജ്യത്ത് 4 കോടി ഭിക്ഷാടകരുണ്ടെന്നാണ് കണക്ക്. അതായത് ആറില്‍ ഒരാള്‍ അവിടെ യാചക വൃത്തിയില്‍ ഏര്‍പ്പെടുന്നു. ഏഷ്യന്‍ ഹ്യുമന്‍ റൈറ്റ്‌സ് കമ്മീഷന്റെ (അഒഞഇ) കണക്കുകള്‍ പ്രകാരം പാകിസ്ഥാനിലെ ജനസംഖ്യയുടെ 2.5% മുതല്‍ 11% വരെ നിത്യജീവിതത്തിനായി ഭിക്ഷാടനം നടത്തുന്നു. രാജ്യത്തെ തെരുവുകളില്‍ 12 ലക്ഷം കുട്ടികള്‍ ഭിക്ഷയെടുക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇവര്‍ ഓരോ നഗരത്തിലും പ്രതിദിനം നേടുന്ന തുക വ്യത്യാസപ്പെട്ടിരിക്കും. കറാച്ചിയില്‍ ഇത്തരത്തില്‍ 2,000 രൂപ വരെ പ്രതിദിനം ലഭിക്കുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ 42 ബില്യണ്‍ ഡോളറുകളാണ് ഭിക്ഷാടനത്തിലൂടെ നേടുന്നത്. ഇത് പാകിസ്ഥാന്‍ ജി.ഡി.പിയുടെ 12 ശതമാനത്തിലും അധികമാണ്.

ഭിക്ഷാടനം തടയുന്നതില്‍ സര്‍ക്കാരിന് വെല്ലുവിളികളുണ്ട്. 2011ല്‍ ഇത്തരത്തില്‍ പോലീസിനെ ഉപയോഗിച്ച് യാചകരെ നിയന്ത്രിച്ചപ്പോള്‍ പോലീസ് സ്‌റ്റേഷനിലേക്ക് കല്ലും, ചുടുകട്ടകളും ഉപയോഗിച്ച് ഭിക്ഷാടകരുടെ ഭാഗത്ത് നിന്ന് ആക്രമണവുമുണ്ടായിരുന്നു. പാകിസ്ഥാനില്‍ യാചകവൃത്തി ഒരു ക്രിമിനല്‍ കുറ്റമല്ലെന്നാണ് ഭിക്ഷാടകരുടെ പക്ഷം.