വീണ്ടും വന്നാൽ ഇന്ത്യയെ സ്വന്തം വിമാനങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുഴിച്ചുമൂടുമെന്ന് പാക് പ്രതിരോധ മന്ത്രി

വീണ്ടും വന്നാൽ ഇന്ത്യയെ സ്വന്തം വിമാനങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുഴിച്ചുമൂടുമെന്ന് പാക് പ്രതിരോധ മന്ത്രി


ന്യൂഡൽഹി: ഇനിയൊരു ഏറ്റുമുട്ടലിന് സാഹചര്യമുണ്ടായാൽ പാകിസ്താന്റെ ഭൂപടം തന്നെ മാറ്റേണ്ടിവരുമെന്ന ഇന്ത്യൻ കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ പരാമർശത്തിന് പിന്നാലെ വീണ്ടും വീരവാദവുമായി പാകിസ്താൻ. വീണ്ടും വന്നാൽ ഇന്ത്യയെ സ്വന്തം വിമാനങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുഴിച്ചുമൂടുമെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് സമൂഹമാധ്യമത്തിൽ കുറിച്ചു.

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ കാട്ടിയ സംയമനം അടുത്ത തവണ ആവർത്തിക്കണമെന്നില്ലെന്നും ഇന്ത്യൻ സൈന്യം ഏത് അതിർത്തിയും കടന്നെത്തുമെന്നും കഴിഞ്ഞ ദിവസം ജനറൽ ഉപേന്ദ്ര ദ്വിവേദി പറഞ്ഞിരുന്നു. സമൂഹമാധ്യമത്തിലെ കുറിപ്പിൽ ആറ് ഇന്ത്യൻ യുദ്ധവിമാനങ്ങൾ പാകിസ്താൻ വെടിവച്ചിട്ടുവെന്ന അവകാശവാദം വീണ്ടും ആസിഫ് ആവർത്തിച്ചു. 06 എന്ന സ്‌കോറിലാണ് ഇന്ത്യയുടെ തോൽവിയെന്നും ആസിഫ് പറഞ്ഞു. ഓപറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്താന്റെ ഇതേ അവകാശവാദത്തെ ഇന്ത്യ നിഷേധിച്ചിരുന്നു. പാകിസ്താന്റേത് വാചാടോപം മാത്രമാണെന്നും രാജ്യം ചൂണ്ടിക്കാട്ടിയിരുന്നു.

'ഇന്ത്യൻ സൈന്യത്തിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും പ്രസ്താവനകൾ നഷ്ടപ്പെട്ട പ്രതിഛായ വീണ്ടെടുക്കാനുള്ള പരാജയപ്പെട്ട ശ്രമങ്ങളുടെ ഭാഗമാണ്. 06 എന്ന സ്‌കോറിലുള്ള തോൽവിക്ക് ശേഷവും, അവർ വീണ്ടും ശ്രമിച്ചാൽ, ദൈവഹിതമെങ്കിൽ, മുൻപത്തേതിനെക്കാൾ മികച്ച സ്‌കോർ ആയിരിക്കും ഫലം,'ആസിഫ് എക്‌സിൽ കുറിച്ചു.

ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിക്ക് ശേഷം ഇന്ത്യയിലെ ജനവികാരം സർക്കാറിനെതിരായിട്ടുണ്ട്. മോഡിക്കും സംഘത്തിനും അവരുടെ വിശ്വാസ്യത നഷ്ടമായത് നേതാക്കളുടെ പ്രതികരണങ്ങളിൽ വ്യക്തമാണ്. ഇത്തവണ, വീണ്ടും വന്നാൽ, ഇന്ത്യ സ്വന്തം വിമാനങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുഴിച്ചുമൂടപ്പെടുമെന്നും ഖ്വാജ പോസ്റ്റിൽ പറഞ്ഞു.

ഗുജറാത്ത് തീരത്തോട് ചേർന്നുള്ള സർ ക്രീക്ക് മേഖലയിൽ പാകിസ്താൻ സൈനിക സാന്നിധ്യവും അടിസ്ഥാനസൗകര്യങ്ങളും വിപുലീകരിച്ചതിനെതിരെ കടുത്ത മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും രംഗത്തെത്തിയിരുന്നു. പാകിസ്താൻ ഈ മേഖലയിൽ ഏതെങ്കിലും തെറ്റായ നീക്കം നടത്തിയാൽ, അത് 'ചരിത്രവും ഭൂമിശാസ്ത്രവും മാറ്റിമറിക്കുന്ന' ശക്തമായ പ്രതികരണത്തിന് കാരണമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. 'കറാച്ചിയിലേക്കുള്ള ഒരു വഴി സർ ക്രീക്ക് മേഖലയിലൂടെയാണ്' എന്ന് പാകിസ്താൻ ഓർക്കണമെന്നും ഇന്ത്യയുടെ ഭാഗത്ത് നിന്ന് ശക്തമായ പ്രതികരണം ഉണ്ടാകുമെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി. റാൻ ഓഫ് കച്ചിലെ 96 കിലോമീറ്റർ നീളമുള്ള ചതുപ്പുനിലമായ സർ ക്രീക്ക്, ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വർഷങ്ങളായി തർക്കം നിലനിൽക്കുന്ന പ്രദേശമാണ്.