അഹമ്മദാബാദ്: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ കൃത്രിമത്വത്തിലൂടെയാണ് ബിജെപി ജയം നേടിയതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാജ്യത്തെ തെരഞ്ഞെടുപ്പുകളില്‍ വോട്ടിങ് മെഷീന്‍ ഒഴിവാക്കണമെന്നും പഴയരീതിയിലുള്ള ബാലറ്റിലേക്ക് മടങ്ങണമെന്നും അദ്ദേഹം പറഞ്ഞു. അഹമ്മദാബാദില്‍ എഐസിസി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മല്ലികാര്‍ജുന്‍ ഖാര്‍ഗെ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്.
ഖാര്‍ഗെയുടെ പ്രസംഗത്തിലുടനീളം കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്. മോദി സര്‍ക്കാര്‍ ആസ്തികളെല്ലാം വിറ്റഴിച്ച് കുത്തകകള്‍ക്ക് നേട്ടമുണ്ടാക്കുന്നതിനായി ജനാധിപത്യം അട്ടിമറിക്കുകയാണെന്ന് ഖാര്‍ഗെ ആരോപിച്ചു. 'ലോകം മുഴുവന്‍ ഇവിഎമ്മുകളില്‍ നിന്ന് ബാലറ്റ് പേപ്പറിലേക്ക് മാറുകയാണ്, പക്ഷേ നമ്മള്‍ ഇവിഎമ്മുകള്‍ ഉപയോഗിക്കുന്നു. ഇതെല്ലാം തട്ടിപ്പാണ്. ഭരണകക്ഷിക്ക് അനുകൂലമാകുന്ന രീതിയിലും പ്രതിപക്ഷത്തെ പ്രതികൂലമായി ബാധിക്കുന്നതുമായ സാങ്കേതിക വിദ്യകള്‍ അവര്‍ കണ്ടുപിടിച്ചിട്ടുണ്ട്' ഖാര്‍ഗെ പറഞ്ഞു. ഈ രാജ്യത്തെ യുവാക്കള്‍ ബാലറ്റ് പേപ്പര്‍ വേണമെന്ന് ആവശ്യപ്പെടുന്ന കാലം വിദൂരമല്ലെന്നും ഖാര്‍ഗെ പറഞ്ഞു. 'ഇവിഎം തട്ടിപ്പ്' കോണ്‍ഗ്രസ് എല്ലായിടത്തും പറഞ്ഞു. രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ ഉന്നയിച്ചു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് വെറും തട്ടിപ്പായിരുന്നു. ഹരിയാനയിലും ഇതാവര്‍ത്തിച്ചെന്ന് ഖാര്‍ഗെ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ജനാധിപത്യത്തെ തകര്‍ക്കുന്നതാണ്. കള്ളങ്ങളെല്ലാം ഒരുനാള്‍ പൊളിഞ്ഞുവീഴുമെന്നും അദ്ദേഹം പറഞ്ഞു
ജനാധിപത്യം ഭരണഘടന എന്നിവയെല്ലാം അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അവയെ സംരക്ഷിക്കാനായി പോരാടേണ്ടതുണ്ട്. പാര്‍ലമെന്റ് ബജറ്റ് സമ്മേളനം അവരുടെ ഇഷ്ടത്തിനനുസരിച്ചാണ് നടത്തിയത്. പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ പോലും അനുവദിച്ചില്ലെന്നും ഖാര്‍ഗെ പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം വര്‍ഗീയ ധ്രൂവീകരണ അജണ്ട നടപ്പാക്കാന്‍ പുലരും വരെ അവര്‍ ചര്‍ച്ച നടത്തിയെന്നും വഖഫ് നിയമഭേദഗതി ചര്‍ച്ചയെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.
യുഎസ് താരിഫുമായി ബന്ധപ്പെട്ട വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷത്തെ അനുവദിച്ചില്ല. പ്രധാനമന്ത്രി സുഹൃത്തുക്കളായ കുത്തകള്‍ക്ക് രാജ്യത്തെ വിഭവങ്ങള്‍ കൈമാറുകയാണ്. എസ്‌സി എസ്ടി, ഒബിസി സംവരണം ഇല്ലാതാക്കുന്നു. ഈ ഭരണം തുടര്‍ന്നാല്‍ രാജ്യം മുഴുവന്‍ സുഹൃത്തുക്കളായ മുതലാളിമാര്‍ക്ക് വിറ്റുതീര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ വിഭാഗീയതയുണ്ടാക്കുന്നതിനായി അര്‍എസ്എസും ബിജെപിയും 500 വര്‍ഷം പഴക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരികയാണ്. പ്രധാനമന്ത്രി അത്തരം വിഷയങ്ങളില്‍ തീ കൊളുത്തുമ്പോള്‍ ആര്‍എസ്എസ് അതില്‍ എണ്ണയൊഴിക്കുന്നു. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിച്ചതിനെതിരെയും എല്‍പിജി സിലിണ്ടറിന്റെ വില വര്‍ദ്ധിപ്പിച്ചതിനെതിരെയും അദ്ദേഹം രംഗത്തെത്തി.
തെരഞ്ഞെടുപ്പുകളില്‍ വോട്ടിങ് മെഷീനു പകരം ബാലറ്റ് തിരികെ കൊണ്ടുവരണം; മല്ലികാര്‍ജുന്‍ ഖാര്‍ഗെ
