വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയംമാറ്റം ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന മുന്നറിയിപ്പു നൽകി ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ. ആധുനിക ചരിത്രത്തിൽ ഇത്തരമൊന്ന് തങ്ങൾ കണ്ടിട്ടില്ലെന്ന് പവർ പറഞ്ഞു. അടിസ്ഥാനപരമായ നയംമാറ്റമാണ് ഉണ്ടായതെന്ന് ഇക്കണോമിക് ക്ലബ് ഓഫ് ഷിക്കാഗോ സംഘടിപ്പിച്ച പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
പ്രതീക്ഷിച്ചതിലും വലിയ തീരുവ വർധനയാണ് ഉണ്ടായത്. തീരുവ സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നത് നീണ്ടുനിൽക്കുന്ന സാമ്പത്തിക തകർച്ചക്ക് കാരണമാകും. ട്രംപിന്റെ സാമ്പത്തിക നയങ്ങൾ സമ്പദ്‌വ്യവസ്ഥയെ മോശം വളർച്ചയിലേക്ക് നയിക്കും. ഇത് ഉയർന്ന തൊഴിലില്ലായ്മക്കും പണപ്പെരുപ്പത്തിനും കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ഫെഡറൽ റിസർവ് നേരിടാത്ത സാഹചര്യമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
വ്യാപാരയുദ്ധം കൂടുതൽ ശക്തമാക്കി ചൈനക്കുമേലുള്ള തീരുവ വീണ്ടും യു.എസ് ഉയർത്തിയിരുന്നു. തീരുവ 245 ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്. ചൈനക്കുമേലുള്ള തീരുവ 245 ശതമാനമാക്കി ഉയർത്തുകയാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അമേരിക്ക ഫസ്റ്റ് നയത്തിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
ഗലീലിയം, ജെർമേനിയം പോലുള്ള പല പ്രധാനപ്പെട്ട വസ്തുക്കളുടേയും യു.എസിലേക്കുള്ള കയറ്റുമതിയിൽ ചൈന നിയന്ത്രണം ഏർപ്പെടുത്തുകയാണെന്ന് വൈറ്റ് ഹൗസ് ആരോപിച്ചിരുന്നു. സൈനിക, ബഹിരാകാശ, സെമികണ്ടക്ടർ വ്യവസായങ്ങൾക്ക് ഈ വസ്തുക്കൾ അത്യാന്താപേക്ഷതിമാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. ഈയാഴ്ച ആറ് ലോഹങ്ങളുടെ കയറ്റുമതിക്ക് ചൈന നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തുവെന്നും വൈറ്റ് ഹൗസിന്റെ ആരോപണമുണ്ട്.
നേരത്തെ ബോയിങ് വിമാനങ്ങളുടെ ഇറക്കുമതിക്ക് ചൈന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. രാജ്യത്തെ വിമാനക്കമ്പനികൾ അമേരിക്കൻ കമ്പനിയായ ബോയിങ് നിർമിക്കുന്ന വിമാനങ്ങൾ വാങ്ങരുതെന്നായിരുന്നു ചൈനീസ് സർക്കാറിന്റെ ഉത്തരവ്.
ട്രംപിന്റെ സാമ്പത്തിക നയങ്ങള്‍ സമ്പദ്ഘടനയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന മുന്നറിയിപ്പുമായി ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍
