14 കുട്ടികളുടെ പിതാവായ ശതകോടീശ്വരനും ടെസ്ല ഉടമയുമായ ഇലോണ്‍ മസ്‌ക് വീണ്ടും കുട്ടികള്‍ക്കായി ശ്രമം തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. 14 കുട്ടികള്‍ പോര, മറിച്ച് കുട്ടികളുടെ 'സൈന്യം' തന്നെ ഉണ്ടാക്കണമെന്നാണ് മസ്‌കിന്റെ ആഗ്രഹം. വാടക ഗര്‍ഭധാരണത്തിലൂടെ കൂടുതല്‍ കുട്ടികളെയുണ്ടാക്കാനുള്ള ശ്രമം മസ്‌ക് തുടങ്ങികഴിഞ്ഞെന്നാണ് അന്താരാഷ്ട്ര മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മസ്‌കിന്റെ കുട്ടികളുടെ അമ്മയാകാന്‍ തയാറുള്ള സ്ത്രീകളെ സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് 'റിക്രൂട്ട്' ചെയ്യുന്നത്. പുതിയ തലമുറയെ ഉണ്ടാക്കാനായി ജപ്പാനിലെ ഒരു ഹൈപ്രൊഫൈല്‍ യുവതിക്ക് മസ്‌ക് ബീജം നല്‍കിയതായും സൂചനയുണ്ട്. ഇതിനായി ജപ്പാനിലെ ഉദ്യോഗസ്ഥരെ സമീപിച്ചെന്നും വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവില്‍ 14 കുട്ടികളുടെ അച്ഛനാണ് മസ്‌ക്. സെന്റ് ക്ലെയര്‍, ഗായിക ഗ്രിംസ്, ന്യൂറലിങ്ക് എക്‌സിക്യൂട്ടീവ് ഷിവോണ്‍ സിലിസ്, മുന്‍ ഭാര്യ ജസ്റ്റിന്‍ മസ്‌ക് എന്നിവരാണ് കുട്ടികളുടെ അമ്മമാര്‍. എന്നാല്‍ യഥാര്‍ഥ കുട്ടികളുടെ എണ്ണം ഇതിലും കൂടുതലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പതിമൂന്നാമത്തെ കുഞ്ഞിന്റെ അമ്മയായ ആഷ്‌ലി സെന്റ് ക്ലെയറാണ് മസ്‌കിന് ഇനിയും കുട്ടികളെ വേണമെന്ന് ആഗ്രഹമുണ്ടെന്ന കാര്യം വെളിപ്പെടുത്തിയത്. വീണ്ടും ആഷ്‌ലിയെ കല്യാണം കഴിക്കണമെന്ന ആഗ്രഹം മസ്‌ക് പ്രകടിപ്പിച്ചതായും അവര്‍ പറയുന്നു. ലോകത്ത് വലിയൊരു ദുരന്തമുണ്ടാകുന്നതിന് മുന്‍പായി കുട്ടികളുടെ ഒരു സൈന്യം തന്നെ ഉണ്ടാക്കാനാണ് മസ്‌കിന്റെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ട്. ചില രഹസ്യ ധാരണകളുടെ അടിസ്ഥാനത്തിലാണ് കുട്ടികളുടെ അമ്മമാരുമായുള്ള മസ്‌കിന്റെ ഇടപെടലുകളെന്നാണ് പുറത്തുവരുന്ന വിവരം.
മസ്‌കിന്റെ പേര് ജനന സര്‍ട്ടിഫിക്കറ്റില്‍ നിന്ന് ഒഴിവാക്കാനും പിതാവാണെന്ന് വെളിപ്പെടുത്താതിരിക്കാനും സമ്മതിച്ചാല്‍, 15 കോടി ഡോളറും പ്രതിമാസം 1 ലക്ഷം ഡോളറും നല്‍കാമെന്നായിരുന്നു ആഷ്‌ലിക്ക് ലഭിച്ച വാഗ്ദാനം. മസ്‌കിന്റെ അടുത്ത സഹായി ജാരെഡ് ബിര്‍ച്ചാല്‍ വഴിയാണ് ഈ ഓഫര്‍ ലഭിച്ചത്. ഈ ഓഫര്‍ ആഷ്‌ലി സ്വീകരിച്ചില്ലെങ്കിലും ഔദ്യോഗിക രേഖകളില്‍ ഇപ്പോഴും മസ്‌കിന്റെ പേരില്ല. ഫെബ്രുവരിയില്‍ മസ്‌കുമായുള്ള ബന്ധം വെളിപ്പെടുത്തിയതിന് പിന്നാലെ ആഷ്‌ലിക്ക് പ്രതിമാസം നല്‍കി വന്നിരുന്ന 1 ലക്ഷം ഡോളര്‍ 20,000 ആയി കുറച്ചെന്നും വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോക ചരിത്രത്തിലെ ഏറ്റവും വലിയ ധനികനാണ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. ബ്ലൂംബെര്‍ഗ് പുറത്തു വിട്ട പട്ടിക പ്രകാരം 348 ബില്യണ്‍ ഡോളറാണ് മസ്‌കിന്റെ ആസ്തി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മസ്‌കിന്റെ ആസ്തിയില്‍ 119 ബില്യണ്‍ ഡോളറിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
തന്റെ കുട്ടികളുടെ അമ്മമാര്‍ക്ക് സാമ്പത്തിക സഹായങ്ങളെല്ലാം മസ്‌ക് നല്‍കുന്നുണ്ട്. മസ്‌കിന്റെ നാല് കുട്ടികളുടെ മാതാവായ ഷിവോണ്‍ സിലിസിനാണ് അമ്മമാര്‍ക്കിടയില്‍ ഏറ്റവുമധികം പരിഗണന ലഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിലും, ലോകനേതാക്കളും മറ്റും പങ്കെടുക്കുന്ന അത്താഴവിരുന്നുകളിലുമെല്ലാം മസ്‌കിനൊപ്പം സിലിസ് പ്രത്യക്ഷപ്പെടാറുണ്ട്.
14 കുട്ടികളുടെ പിതാവായ ഇലോണ്‍ മസ്‌ക് ''കുട്ടികളുടെ സൈന്യം'' ഉണ്ടാക്കാനായി വാടക ഗര്‍ഭധാരണത്തിന് ബീജം നല്‍കിയെന്ന് റിപ്പോര്‍ട്ട്
