120 പ്രകാശവര്‍ഷം അകലെ വിദൂര ഗ്രഹത്തില്‍ ജീവന്റെ സാധ്യത കണ്ടെത്തി ജ്യോതിശാസ്ത്രജ്ഞര്‍

120 പ്രകാശവര്‍ഷം അകലെ വിദൂര ഗ്രഹത്തില്‍ ജീവന്റെ സാധ്യത കണ്ടെത്തി ജ്യോതിശാസ്ത്രജ്ഞര്‍


ലണ്ടന്‍: ഭൂമിയില്‍ നിന്ന് 120 പ്രകാശവര്‍ഷം അകലെ മറ്റൊരു സൗരയൂഥത്തിലുള്ള ഒരു നക്ഷത്രത്തെ ചുറ്റുന്ന കെ218ബി എന്നറിയപ്പെടുന്ന ഒരു വലിയ ഗ്രഹത്തില്‍ അന്യഗ്രഹ ജീവികളുടെ സാന്നിധ്യം തെളിയിക്കുന്ന ഏറ്റവും ശക്തമായ സൂചന നല്‍കി ഒരുകൂട്ടം ഗവേഷകര്‍. ഭൂമിയുടെ എട്ടുമടങ്ങ് ഭാരവും രണ്ടിരട്ടി വലുപ്പവുമുള്ള കെ218ബിയില്‍ ജലസാന്നിധ്യവും ജീവന്റെ തുടിപ്പും ഉണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. എക്‌സോപ്ലാനറ്റിന്റെ അന്തരീക്ഷത്തിന്റെ ആവര്‍ത്തിച്ചുള്ള വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ ഭൂമിയിലേതിനു സമാനമായി സമുദ്ര ആല്‍ഗകള്‍ പോലുള്ള ജീവജാലങ്ങള്‍ ഉണ്ടെന്ന് ഇവര്‍വ്യക്തമാക്കുന്നു. അതേ സമയം ഇക്കാര്യത്തില്‍ ഉറച്ചഒരു പ്രഖ്യാപനം നടത്താന്‍ സമയമായിട്ടില്ലെന്നും ഗവേഷകര്‍ പറയുന്നു.

'നമ്മള്‍ ജീവന്‍ കണ്ടെത്തിയെന്ന് മുന്‍കൂറായി അവകാശപ്പെടുന്നത് ആര്‍ക്കും താല്‍പ്പര്യമുള്ള കാര്യമല്ലെന്ന് കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ജേ്യാതിശാസ്ത്രജ്ഞനും പുതിയ പഠനത്തിന്റെ രചയിതാവുമായ നിക്കു മധുസൂധന്‍ ചൊവ്വാഴ്ച ഒരു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

എന്നാലും, തന്റെ ഗ്രൂപ്പിന്റെ നിരീക്ഷണങ്ങള്‍ക്ക് ഏറ്റവും മികച്ച വിശദീകരണം കെ218ബി ജീവന്‍ നിറഞ്ഞ ഒരു ഊഷ്മളതയുള്ള സമുദ്രത്താല്‍ മൂടപ്പെട്ടിരിക്കുന്നു എന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

120 പ്രകാശവര്‍ഷം അകലെയുള്ള ഒരു നക്ഷത്രത്തെ പരിക്രമണം ചെയ്യുന്ന കെ2-18ബി വാസയോഗ്യമാണോ അതോ ഇപ്പോള്‍തന്നെ ജീവിവാസമുള്ളതാണോ എന്ന് നിര്‍ണ്ണയിക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്.

ഭൂമിക്കപ്പുറത്തുള്ള ജീവനെക്കുറിച്ചുള്ള അന്വേഷണം, ചൊവ്വയിലെ മീഥെയ്ന്‍ പര്‍വ്വതങ്ങള്‍ മുതല്‍ ശുക്രനിലെ ഫോസ്‌ഫൈന്‍ വാതക മേഘങ്ങള്‍ വരെ നിരവധി സൂചനാ നിഗൂഢതകള്‍ പര്യവേക്ഷണം ചെയ്യാന്‍ ശാസ്ത്രജ്ഞരെ പ്രേരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ നമുക്ക് ഉറപ്പിച്ച് പറയാവുന്നത് പ്രപഞ്ചത്തില്‍ ഭൂമി മാത്രമാണ് വാസയോഗ്യമായതെന്നാണ്.

''ഇതൊരു വിപ്ലവകരമായ നിമിഷമാണ്, വാസയോഗ്യമായ ഒരു ഗ്രഹത്തില്‍ സാധ്യതയുള്ള ബയോസിഗ്‌നേച്ചറുകള്‍ മനുഷ്യരാശി കാണുന്നത് ഇതാദ്യമാണ്.'- ഡോ. മധുസൂദനന്‍ പറഞ്ഞു.

ബുധനാഴ്ച ആസ്‌ട്രോഫിസിക്കല്‍ ജേണല്‍ ലെറ്റേഴ്‌സില്‍ ഈ പഠനം പ്രസിദ്ധീകരിച്ചു. മറ്റ് ഗവേഷകര്‍ ഇതിനെ കെ218ബി യില്‍ എന്താണുള്ളതെന്ന് മനസ്സിലാക്കുന്നതിനുള്ള ആവേശകരവും ചിന്തോദ്ദീപകവുമായ ആദ്യപടി എന്നാണ് വിശേഷിപ്പിച്ചത്. എന്നാല്‍ വലിയ നിഗമനങ്ങളില്‍ എത്തിച്ചേരാറായിട്ടില്ല എന്നും അവര്‍ അഭിപ്രായപ്പെട്ടു.

 'ഇത് ഒരു സൂചനമാത്രമാണ്. എന്നാല്‍ വാസയോഗ്യമാണെന്ന് നമ്മള്‍ക്ക് ഇതുവരെ നിഗമനത്തിലെത്താന്‍ കഴിയില്ല.-ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലെ ഗ്രഹ ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഷ്മിഡ്റ്റ് പറഞ്ഞു.

കെ218ബി യിലോ മറ്റെവിടെയെങ്കിലുമോ അന്യഗ്രഹ ജീവന്‍ ഉണ്ടെങ്കില്‍, ഉടനെയൊന്നും സ്ഥിരീകരിക്കാന്‍ സാധ്യമല്ലാത്ത നിലയില്‍ അതിന്റെ കണ്ടെത്തല്‍ നിരാശാജനകമാം വിധം മന്ദഗതിയിലായിരിക്കുമെന്ന് സാന്‍ അന്റോണിയോയിലെ സൗത്ത് വെസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗ്രഹ ശാസ്ത്രജ്ഞനായ ക്രിസ്റ്റഫര്‍ ഗ്ലെയിന്‍ പറഞ്ഞു.

2017 ല്‍ ചിലിയില്‍ ഭൂതല ടെലിസ്‌കോപ്പുകളിലൂടെ നോക്കുന്നതിനിടെയാണ് കനേഡിയന്‍ ജ്യോതിശാസ്ത്രജ്ഞര്‍ കെ218ബി കണ്ടെത്തിയത്. നമ്മുടെ സൗരയൂഥത്തിന് പുറത്ത് ശാസ്ത്രജ്ഞര്‍ക്ക് എന്തെങ്കിലും ജൈവിക സൂചനകള്‍ ലഭിക്കുന്നനിലയില്‍ സൂക്ഷ്മമായി പഠിക്കാന്‍ കഴിയുന്നതോ ഭൂമിക്ക് സമീപം ഒരു സാദൃശ്യവും ഇല്ലാത്തതോ ആയ, സാധാരണയായി കാണപ്പെടുന്ന ഒരു തരം ഗ്രഹം എന്ന നിലയിലാണ് കെ218ബി നെ കണക്കാക്കിയിരുന്നത്.