മോഡിയും ട്രംപും ഒരേ രീതിയിൽ ചിന്തിക്കുന്ന നേതാക്കൾ; ഇന്ത്യ-അമേരിക്ക ബന്ധത്തിന് കരുത്താകുന്നത് വ്യക്തിബന്ധമെന്ന് യു.എസ്. അംബാസഡർ

മോഡിയും ട്രംപും ഒരേ രീതിയിൽ ചിന്തിക്കുന്ന നേതാക്കൾ; ഇന്ത്യ-അമേരിക്ക ബന്ധത്തിന് കരുത്താകുന്നത് വ്യക്തിബന്ധമെന്ന് യു.എസ്. അംബാസഡർ


ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും നേതൃത്വശൈലിയിലും തീരുമാനമെടുക്കുന്ന രീതിയിലും ഏറെ സാമ്യമുള്ള നേതാക്കളാണെന്ന് ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ സെർജയോ ഗോർ പറഞ്ഞു. ഇരുനേതാക്കളുടെയും അടുത്ത വ്യക്തിബന്ധമാണ് ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ പ്രധാന ശക്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

മോഡിയും ട്രംപും കാര്യങ്ങൾ വേഗത്തിൽ നടപ്പാക്കാൻ ആഗ്രഹിക്കുന്ന നേതാക്കളാണെന്ന് ഗോർ പറഞ്ഞു. ഒരു കാര്യം ചെയ്യണമെന്ന് തീരുമാനിച്ചാൽ പ്രധാനമന്ത്രി മോഡി ഉടൻ നടപടിയെടുക്കും. ട്രംപിന്റെയും ശൈലി അതുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ-അമേരിക്ക ബന്ധത്തിൽ പ്രശ്‌നങ്ങളുണ്ടെന്ന വിലയിരുത്തൽ തള്ളിക്കളഞ്ഞ ഗോർ, ഇരു രാജ്യങ്ങളും മികച്ച ബന്ധമാണ് പുലർത്തുന്നതെന്ന് പറഞ്ഞു. മോഡിയും ട്രംപും തമ്മിലുള്ള നിരന്തര ആശയവിനിമയമാണ് ഈ ബന്ധം കൂടുതൽ ശക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടച്ചേർത്തു.

ഇന്ത്യയോടും പ്രധാനമന്ത്രി മോഡിയോടും ട്രംപിന് വലിയ മതിപ്പാണുള്ളതെന്നും ഗോർ വ്യക്തമാക്കി. മോഡിയെ തന്റെ അടുത്ത സുഹൃത്തായാണ് ട്രംപ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലേക്കുള്ള ആദ്യ സന്ദർശനത്തിന്റെ ഓർമ്മകൾ ട്രംപ് ഇപ്പോഴും പങ്കുവെക്കാറുണ്ടെന്നും ഇന്ത്യയുടെ ഊർജസ്വലതയും ജനങ്ങളുടെ ആത്മാർത്ഥതയും അദ്ദേഹത്തെ ഏറെ ആകർഷിച്ചിരുന്നുവെന്നും ഗോർ പറഞ്ഞു.

വൈറ്റ് ഹൗസിൽ ട്രംപിനെ അടുത്തിടെ കണ്ടപ്പോൾ 'ഞാൻ ഇന്ത്യയിലേക്ക് എപ്പോഴാണ് വരുന്നത്?' എന്നാണ് അദ്ദേഹം ആദ്യം ചോദിച്ചതെന്നും, പ്രധാനമന്ത്രി നൽകിയ ക്ഷണം സ്വീകരിച്ച് ഇന്ത്യ സന്ദർശിക്കാൻ ട്രംപ് അതീവ താൽപര്യത്തിലാണെന്നും സെർജയോ ഗോർ വ്യക്തമാക്കി.