ജമ്മു കശ്മീര്‍: കിഷ്ത്വാര്‍ ജില്ലയിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ 22 പേര്‍ മരിച്ചതായി ജമ്മു കശ്മീര്‍ പൊലീസ്. കിഷ്ത്വാറിലെ മചൈല്‍ മാതാ തീര്‍ഥാടന കേന്ദ്രത്തിലേയ്ക്കുള്ള പാത ആരംഭിക്കുന്നിടത്താണ് മേഘവിസ്‌ഫോടനവും മിന്നല്‍ പ്രളയവുമുണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ക്ഷേത്രത്തിലേയ്ക്ക് യാത്രാ നിരോധനം ഏല്‍പ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ചോസിതി പ്രദേശത്ത് ഉണ്ടായ വന്‍ മേഘവിസ്‌ഫോടനം, ഗണ്യമായ നാശനഷ്ടങ്ങള്‍ക്ക് കാരണമായേക്കാമെന്നും ഭരണകൂടം ഉടന്‍ തന്നെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. 'രക്ഷാപ്രവര്‍ത്തന സംഘം ഉടന്‍ തന്നെ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു. മെഡിക്കല്‍ വിദഗ്ദര്‍ അടക്കം സംഭവസ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. നാശനഷ്ടങ്ങള്‍ ഉടനടി വിലയിരുത്തും. സാധ്യമായ എല്ലാ സഹായങ്ങളും നല്‍കും.' കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് എക്‌സില്‍ കുറിച്ചു.
'ചോസിതി കിഷ്ത്വാറിലെ മേഘവിസ്‌ഫോടനത്തില്‍ ഖേദം പ്രകടിപ്പിക്കുന്നു. കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാനും സിവില്‍, പൊലീസ്, സൈന്യം, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിട്ടുണ്ട്' ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ എക്‌സില്‍ കുറിച്ചു.
'ജില്ലാ ഭരണകൂടം ഉടന്‍ തന്നെ നടപടി സ്വീകരിച്ചു, രക്ഷാപ്രവര്‍ത്തകര്‍ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കാന്‍ ഡെപ്യൂട്ടി കമ്മിഷണറും സീനിയര്‍ പൊലീസ് സൂപ്രണ്ടും കിഷ്ത്വാര്‍ പ്രദേശത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. നാശനഷ്ടം വിലയിരുത്തുകയും ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുകയും ചെയ്യും' കിഷ്ത്വാര്‍ ജില്ലാ കലക്ടര്‍ പങ്കജ് കുമാര്‍ ശര്‍മ്മ പറഞ്ഞു
ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ 22 പേര്‍ മരിച്ചു
