ന്യൂഡല്‍ഹി: 2021-ല്‍ നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ നടന്ന ഓപ്പറേഷനില്‍ 13 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യന്‍ ആര്‍മിയിലെ 30 സൈനികരെ പ്രോസിക്യൂട്ട് ചെയ്യാത്ത നടപടിയില്‍ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്. സൈനികരെ ചോദ്യം ചെയ്യുന്നതിന് അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് നാഗാലാന്‍ഡ് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് മറുപടി നല്‍കാന്‍ കേന്ദ്രത്തിന് ആറാഴ്ചത്തെ സമയം അനുവദിച്ചു.
പ്രതികള്‍ക്കെതിരെ മതിയായ തെളിവുകളുണ്ടായിട്ടും സൈനിക ഉദ്യോഗസ്ഥരെ പ്രോസിക്യൂഷന് നടപടി സ്വീകരിക്കുന്നതിന് 1958ലെ സായുധ സേനയുടെ പ്രത്യേക അധികാര നിയമം (അഎടജഅ) പ്രകാരം അനുമതി നല്‍കാന്‍ കേന്ദ്രം വിസമ്മതിച്ചതായി ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിനെ നാഗാലാന്‍ഡ് സര്‍ക്കാര്‍ അറിയിച്ചു.
2021 ഡിസംബര്‍ 4-ന് കിഴക്കന്‍ നാഗാലാന്‍ഡിലെ ഒട്ടിങ്ങ് ഗ്രാമത്തില്‍ ഖനിത്തൊഴിലാളികള്‍ സഞ്ചരിച്ച പിക്കപ്പ് ട്രക്കിന് നേരെ ഒരു സൈനിക സംഘം വെടിയുതിര്‍ക്കുകയും 6 സാധാരണക്കാര്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിലാണ് സുപ്രീം കോടതിയുടെ നടപടി. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് അക്രമം പൊട്ടിപ്പുറപ്പെടുകയും സുരക്ഷാ സേന വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് എട്ട് സാധാരണക്കാര്‍ കൂടി കൊല്ലപ്പെടുകയും ചെയ്തിരുന്നു.
