'റാണി ലക്ഷ്മി ബായിക്കുവേണ്ടി പോരാടിയവരാണ് എന്റെ പൂര്‍വ്വികര്‍': കേണല്‍ സോഫിയ ഖുറേഷി കുടുംബ പാരമ്പര്യം പറയുന്നു

'റാണി ലക്ഷ്മി ബായിക്കുവേണ്ടി പോരാടിയവരാണ് എന്റെ പൂര്‍വ്വികര്‍': കേണല്‍ സോഫിയ ഖുറേഷി കുടുംബ പാരമ്പര്യം പറയുന്നു


ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ പ്രധാന പങ്കുവഹിച്ച കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങ്ങും അമിതാഭ് ബച്ചനൊപ്പം കൗണ്‍ ബനേഗ ക്രോര്‍പതി (കെബിസി)യുടെ പ്രത്യേക സ്വാതന്ത്ര്യദിന എപ്പിസോഡില്‍ പങ്കെടുക്കും.

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത എപ്പിസോഡിന്റെ പരസ്യത്തില്‍ കേണല്‍ സോഫിയ ഖുറേഷി തന്റെ കുടുംബ പശ്ചാത്തലത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. 'എല്ലാവരും സൈന്യത്തില്‍ ഉണ്ടായിരുന്ന ഒരു കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. എന്റെ മുതുമുത്തശ്ശിയുടെ പൂര്‍വ്വികര്‍ റാണി ലക്ഷ്മി ബായിക്കൊപ്പമായിരുന്നു,' അവര്‍ പറഞ്ഞു. കേണല്‍ സോഫിയ ഖുറേഷി (ഇന്ത്യന്‍ ആര്‍മി), വിങ് കമാന്‍ഡര്‍ വ്യോമിക സിംഗ് (ഇന്ത്യന്‍ എയര്‍ഫോഴ്‌സ്), കമാന്‍ഡര്‍ പ്രേര്‍ണ ദിയോസ്താലി (ഇന്ത്യന്‍ നേവി) എന്നിവര്‍ ഈ ആഴ്ചയിലെ കെബിസി എപ്പിസോഡില്‍ പങ്കെടുക്കും.

'ഞാന്‍ താരാട്ടുപാട്ടുകള്‍ കേട്ടിട്ടില്ല. ധൈര്യത്തിന്റെ കഥകള്‍ ഞാന്‍ കേട്ടിട്ടുണ്ട്, ധൈര്യത്തിന്റെ നിര്‍വചനം വിവരിക്കുന്ന പ്രസംഗങ്ങള്‍ ഞാന്‍ കേട്ടിട്ടുണ്ട്,' അവര്‍ കൂട്ടിച്ചേര്‍ത്തു. സൈന്യത്തില്‍ നല്‍കുന്ന പരിശീലനം എല്ലാവര്‍ക്കും ഒരുപോലെയാണെന്ന് ഖുറേഷി പറഞ്ഞു. ഇന്ത്യന്‍ സൈന്യം ലിംഗഭേദമില്ലാത്ത സംഘമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സൈനികര്‍ക്കും ഓഫീസര്‍മാര്‍ക്കും എല്ലാവര്‍ക്കും തുല്യ പരിശീലനം ലഭിക്കുന്നുണ്ടെന്ന് കേണല്‍ ഖുറേഷി ചൂണ്ടിക്കാട്ടി.

കേണല്‍ ഖുറേഷി, വിങ് കമാന്‍ഡര്‍ സിംഗ്, കമാന്‍ഡര്‍ ദിയോസ്താലി എന്നിവരും എപ്പിസോഡില്‍ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട്. ഓപ്പറേഷന്‍ സിന്ദൂറിന്റെ സുപ്രധാന നിമിഷങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥര്‍ വിവരിക്കുന്നുണ്ട്. 

2016 മാര്‍ച്ചില്‍ പൂനെയില്‍ സംഘടിപ്പിച്ച ബഹുരാഷ്ട്ര സൈനികാഭ്യാസമായ എക്‌സര്‍സൈസ് ഫോഴ്സ് 18ല്‍ ഇന്ത്യന്‍ ആര്‍മി സംഘത്തെ നയിച്ച ആദ്യ വനിതാ ഓഫീസറാണ് സോഫിയ ഖുറേഷി. ആസിയാന്‍ അംഗങ്ങള്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ചൈന, റഷ്യ, ജപ്പാന്‍, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ, ന്യൂസിലാന്‍ഡ് എന്നിവയുള്‍പ്പെടെ 18 രാജ്യങ്ങള്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ മണ്ണിലെ എക്കാലത്തെയും വലിയ വിദേശ സൈനികാഭ്യാസമായിരുന്നു അത്. അന്ന് ഒരു സംഘത്തെ നയിച്ച ഏക വനിതാ ഓഫീസര്‍ ഖുറേഷിയായിരുന്നു.

ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥയാണ് വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗ്. ഇന്ത്യയുടെ യുവ സൈനിക പരിശീലന പരിപാടിയായ നാഷണല്‍ കേഡറ്റ് കോര്‍പ്‌സ് (എന്‍സിസി) വഴിയാണ് സിംഗ് തന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത്. ഹെലികോപ്റ്റര്‍ പൈലറ്റായി അവര്‍ കമ്മീഷന്‍ ചെയ്യപ്പെടുകയും 2019 ഡിസംബറില്‍ ഫ്‌ളൈയിംഗ് ബ്രാഞ്ചില്‍ സ്ഥിരം കമ്മീഷന്‍ നേടുകയും ചെയ്തു.

2,500-ലധികം പറക്കല്‍ മണിക്കൂറുകളുള്ള വിംഗ് കമാന്‍ഡര്‍ സിംഗ് ജമ്മു കശ്മീര്‍, വടക്കുകിഴക്കന്‍ മേഖലകള്‍ എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ ഏറ്റവും ദുഷ്‌കരമായ ചില ഭൂപ്രദേശങ്ങളില്‍ ചേതക്, ചീറ്റ തുടങ്ങിയ ഹെലികോപ്റ്ററുകള്‍ പറത്തിയിട്ടുണ്ട്. 2020 നവംബറില്‍ അരുണാചല്‍ പ്രദേശില്‍ മോശം കാലാവസ്ഥയില്‍ ഉയരത്തിലും വിദൂര പ്രദേശങ്ങളിലും അവരുടെ സംഘം ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയതുള്‍പ്പെടെ നിരവധി തിരച്ചില്‍, രക്ഷാപ്രവര്‍ത്തനങ്ങളില്‍ അവര്‍ ഒരു പ്രധാന പങ്കാളിയായിരുന്നു.