ന്യൂഡല്‍ഹി: മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. ശുചിമുറിയില്‍ നിന്ന് വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്നെഴുതിയ കുറിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിമാനം തിരികെ ഇറക്കിയത്.
320 യാത്രക്കാരുമായി പറന്ന് പൊങ്ങിയ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. സുരക്ഷ ഏജന്‍സികള്‍ പരിശോധന നടത്തുകയാണ്. യാത്രക്കാരിലൊരാളാണ് ശുചിമുറിക്കുള്ളില്‍ ബോംബ് ഭീഷണി സന്ദേശക്കുറിപ്പ് കണ്ടത്. തുടര്‍ന്ന് ഇയാള്‍ വിമാന ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് വിമാനം ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചു. സംഭവത്തില്‍ അജ്ഞാത വ്യക്തികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
19 ജീവനക്കാരടക്കം 322 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ബോയിങ് 777 300 ഈആര്‍ എന്ന വിമാനത്തിലാണ് ഭീഷണിയുണ്ടായത്. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ചട്ടങ്ങള്‍ പാലിച്ച് വിമാനം തിരികെ ഇറക്കുകയായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. അധികൃതരുമായി സഹകരിക്കുമെന്ന് വിമാനക്കമ്പനി അധികൃതര്‍ അറിയിച്ചു.
നാളെ വൈകിട്ട് അഞ്ചിന് വിമാനം പുറപ്പെടും. യാത്രക്കാരെയെല്ലാം ഹോട്ടലുകളിലേക്ക് മാറ്റി. ഭക്ഷണമടക്കമുള്ള എല്ലാ സൗകര്യങ്ങളും കമ്പനി ഒരുക്കിയിട്ടുണ്ട്.
ബോംബ് ഭീഷണി: മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി
