ലണ്ടന്‍: നോര്‍ത്ത് സീയില്‍ എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കുറഞ്ഞത് 32 പേര്‍ക്ക് പരിക്കേറ്റു. ഇവരെ അടിയന്തരമായി കരയിലെത്തിച്ചു.
ഇംഗ്ലണ്ടിന്റെ വടക്കുകിഴക്കന്‍ തീരത്ത് നടന്ന കൂട്ടിയിടിയില്‍ 'കടലില്‍ ആംബുലന്‍സുകള്‍ ക്യൂ നില്‍ക്കുന്നു' എന്നാണ് ഗ്രിംസ്ബി ഈസ്റ്റ് തുറമുഖത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ട്ടിന്‍ ബോയേഴ്സ് പറഞ്ഞത്.
സംഭവസ്ഥലത്ത് നിന്ന് പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ട ചിത്രങ്ങളില്‍ കപ്പലില്‍ നിന്ന് വലിയ തോതില്‍ കറുത്ത പുക ഉയരുന്നത് വ്യക്തമാകുന്നുണ്ട്.
കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍, വിമാനം, നാല് തീരദേശ പട്ടണങ്ങളില്‍ നിന്നുള്ള ലൈഫ് ബോട്ടുകള്‍, സമീപത്തുള്ള നിരവധി കപ്പലുകള്‍ എന്നിവ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതെന്ന് കോസ്റ്റ് ഗാര്‍ഡ് കൂട്ടിച്ചേര്‍ത്തു.
അപകടത്തില്‍പ്പെട്ട എണ്ണ ടാങ്കര്‍ തങ്ങളുടേതാണെന്ന് സ്വീഡിഷ് ടാങ്കര്‍ കമ്പനിയായ സ്റ്റെന ബള്‍ക്ക് സ്ഥിരീകരിച്ചു. യു എസ് ആസ്ഥാനമായുള്ള സമുദ്ര കമ്പനിയായ ക്രൗളിയാണ് ഇത് പ്രവര്‍ത്തിപ്പിക്കുന്നത്.
കൂട്ടിയിടി ഉണ്ടായതിനെത്തുടര്‍ന്ന് നിരവധി പേര്‍ കപ്പലുകള്‍ ഉപേക്ഷിച്ചതായി ലൈഫ് ബോട്ട് സര്‍വീസസ് പറഞ്ഞതായി ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജര്‍മ്മന്‍ കമ്പനിയായ റീഡെറി കൊപ്പിംഗിന്റെ ഉടമസ്ഥതയിലുള്ള 'സോലോംഗ്' ആണ് ചരക്ക് കപ്പല്‍ എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കൂട്ടിയിടി സംഭവത്തിന് ശേഷം ആവശ്യമായ മലിനീകരണ വിരുദ്ധ പ്രതികരണം വിലയിരുത്തുകയാണെന്ന് യു കെ കോസ്റ്റ് ഗാര്‍ഡ് പറഞ്ഞു.