കുംഭമേളയിലെ ഗംഗാജലം കുളിക്കാന്‍ അനുയോജ്യമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍

കുംഭമേളയിലെ ഗംഗാജലം കുളിക്കാന്‍ അനുയോജ്യമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍


ന്യൂഡല്‍ഹി: മഹാകുംഭ് ആഘോഷിക്കുമ്പോള്‍ ഗംഗാ ഗലം കുളിക്കാന്‍ അനുയോജ്യമാണെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പുതിയ റിപ്പോര്‍ട്ട്. പ്രകാരം പ്രയാഗ് രാജിലെ ത്രിവേണി സംഗമത്തില്‍ മഹാകുംഭില്‍ വെള്ളം അനുയോജ്യമെന്ന റിപ്പോര്‍ട്ട് തിങ്കളാഴ്ചയാണ് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചത്. 

2022-23, 2023-24, 2024-25 മാര്‍ച്ച് 9 വരെയുള്ള വര്‍ഷങ്ങളില്‍ ഗംഗാനദി ശുദ്ധീകരണത്തിനായി ദേശീയ മിഷന്‍ ഫോര്‍ ക്ലീന്‍ ഗംഗ (എന്‍ എം സി ജി) പദ്ധതിയിലേക്ക് മൊത്തം 7,421 കോടി രൂപ അനുവദിച്ചുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

സമാജ്വാദി പാര്‍ട്ടി എം പി ആനന്ദ് ഭദൗരിയയും കോണ്‍ഗ്രസ് എം പി കെ സുധാകരനും ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

ഫെബ്രുവരി മൂന്നിന് പുറത്തിറങ്ങിയ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ മഹാ കുംഭ് സമയത്ത് പ്രയാഗ് രാജിലെ പല സ്ഥലങ്ങളിലെ വെള്ളം കുളിക്കാന്‍ അനുയോജ്യമല്ലെന്ന് ദേശീയ ഹരിത ട്രിബ്യുണലിനെ (എന്‍ ജി ടി) അറിയിച്ചിരുന്നു. പ്രധാന കാരണമായി ഉയര്‍ന്ന മലിന ജല കോളിഫോം അളവ് ചൂണ്ടിക്കാട്ടുകയും ചെയ്തു. 

എന്നാല്‍, ഫെബ്രുവരി 28ന് സമര്‍പ്പിച്ച പുതിയ റിപ്പോര്‍ട്ടില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് മഹാ കുംഭ് സമയത്തെ ജല ഗുണനിലവാരം കുളിക്ക് അനുയോജ്യമാണെന്ന് സ്ഥിതിവിവര വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തി.

ഒരു സ്ഥലത്ത് വ്യത്യസ്ത ദിവസങ്ങളില്‍ ശേഖരിച്ച സാമ്പിളുകളില്‍ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നതും ഒരേ ദിവസം ഒരേ സ്ഥലത്ത് വ്യത്യസ്ത ഭാഗങ്ങളില്‍ എടുത്ത സാമ്പിളുകള്‍ തമ്മില്‍ വ്യത്യാസം കാണിച്ചതുമാണ് ഇത്തരത്തിലുള്ള വിശകലനം ആവശ്യമാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വ്യത്യാസം നദിയുടെ മൊത്തത്തിലുള്ള ജല ഗുണനിലവാരം അളക്കാന്‍ തടസ്സമായെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

'കമ്ലേശ് സിംഗ് വേഴ്‌സസ് ഉത്തര്‍പ്രദേശ് ആന്റ് അദര്‍ സ്‌റ്റേറ്റ്‌സ്' എന്ന കേസ് പരിഗണിച്ച് 2024 ഡിസംബര്‍ 23-ന് എന്‍ ജി ടി മഹാ കുംഭ് സമയത്ത് ഗംഗാ, യമുന നദികളുടെ ജല ഗുണനിലവാരം നിരന്തരം നിരീക്ഷിക്കണമെന്ന് ഉത്തരവിട്ടിരുന്നു.

ഇതിന് അനുസരിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജനുവരി 12 മുതല്‍ പ്രയാഗ് രാജ് ഉപരിതല മേഖലകളില്‍ മുതല്‍ താഴ്ന്ന പ്രദേശങ്ങള്‍ വരെയുള്ള ശ്രിംഗവേര്‍പൂര്‍ ഘാട്ട് മുതല്‍ ദീഹാഘാട്ട് വരെയുള്ള ഏഴിടങ്ങളില്‍ ആഴ്ചയില്‍ രണ്ട് തവണ ജല ഗുണനിലവാരം പരിശോധിച്ചു.

പ്രാഥമിക നിരീക്ഷണ റിപ്പോര്‍ട്ട് ഫെബ്രുവരി മൂന്നിന് എന്‍ ജി ടിക്ക് സമര്‍പ്പിച്ചപ്പോള്‍ ജനുവരി 12 മുതല്‍ 26 വരെ ശേഖരിച്ച ഡേറ്റയും അതോടൊപ്പം പ്രയാഗ് രാജിലെ 10 മലിനജല ശുദ്ധീകരണ പ്ലാന്റുകളുടെയും (എസ് ടി പി) 7 ജിയോസിന്തറ്റിക് ഡീവാട്ടറിംഗ് ട്യൂബുകളുടെയും (ജിയോ ്ട്യൂബ്‌സ്) വിവരങ്ങളും ഉള്‍പ്പെടുത്തി.

പിന്നീട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിരീക്ഷണ സ്ഥലങ്ങള്‍ 10 ആയി വര്‍ധിപ്പിക്കുകയും ഫെബ്രുവരി 21 മുതല്‍ ദിവസത്തില്‍ രണ്ടു തവണ പരിശോധന നടത്തുകയും ചെയ്തു.

മഹാ കുംഭ് സമയത്ത് മലിനജല ശുദ്ധീകരണത്തിനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 10 എസ് ടി പി സ്ഥാപിക്കുകയും 21 അശുദ്ധമായ നീരൊഴുക്ക് ഒഴുക്കുന്ന ഡ്രെയിനുകള്‍ക്ക് താത്ക്കാലിക പരിഹാരമായി 7 ജിയോട്യൂബുകള്‍ സ്ഥാപിക്കുകയും ചെയ്തു.

ഗംഗയില്‍ മലിനജല പ്രവേശനം തടയുന്നതിനായി യു പി ജല്‍ നിഗം ആധുനിക ഓക്‌സിഡേഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് മലിനജല ശുദ്ധീകരണം നടപ്പാക്കി.

വലിയ തോതില്‍ തീര്‍ഥാടകര്‍ എത്തുന്നതിനാല്‍, മേളയിലുടനീളം മതിയായ ടോയ്‌ലറ്റുകളും മൂത്രശാലകളും സ്ഥാപിക്കുകയും മാലിന്യ നിക്ഷേപത്തിനായി പ്രത്യേകമായി ഡസ്റ്റ്ബിന്‍ സ്ഥാപിക്കുകയും ചെയ്തതായി മന്ത്രി യാദവ് വ്യക്തമാക്കി.