ടൊറന്റോ: കാനഡയുടെ പുതിയ പ്രധാനമന്ത്രിക്ക് നേരിടാനുള്ളത് വിവിധ പ്രതിസന്ധികള്‍. പ്രതിസന്ധിയിലായ രണ്ട് ഗ്രൂപ്പ് ഓഫ് സെവന്‍ സമ്പദ്വ്യവസ്ഥകളെ നയിക്കാന്‍ സഹായിച്ച കാര്‍ണിക്കുന മുമ്പില്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊണ്ടുവന്ന വ്യാപാര യുദ്ധമായിരിക്കും ആദ്യ പ്രതിസന്ധി. അതോടൊപ്പം ഫെഡറല്‍ തെരഞ്ഞെടുപ്പും അദ്ദേഹത്തിന് മുന്നിലെ വെല്ലുവിളിയാണ്.
ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി 85.9 ശതമാനം പിന്തുണയോടെയാണ് മുന്‍ സെന്‍ട്രല്‍ ബാങ്കര്‍ മാര്‍ക്ക് കാര്‍ണിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചത്. ജനുവരിയില്‍ രാജി പ്രഖ്യാപിച്ച പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് പകരം 59കാരനായ കാര്‍ണി സ്ഥാനമേല്‍ക്കുന്നതുവരെ ട്രൂഡോ പ്രധാനമന്ത്രിയായി തുടരും.
തങ്ങള്‍ ആവശ്യപ്പെട്ടതല്ല ഇപ്പോത്തെ യുദ്ധ സമാന നീക്കങ്ങളെന്നും അമേരിക്കക്കാര്‍ തെറ്റ് ചെയ്യരുതെന്നും ഹോക്കിയിലെന്ന പോലെ വ്യാപാരത്തിലും കാനഡ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കക്കാര്‍ തങ്ങളോടുള്ള നിലപാട് മാറ്റുന്നതുവരെ പ്രാരംഭ പ്രതികാര താരിഫുകള്‍ നിലവിലുണ്ടായിരിക്കുമെന്ന് കാര്‍ണി പറഞ്ഞു.
2008 മുതല്‍ ബാങ്ക് ഓഫ് കാനഡയുടെ തലവനായിരുന്നപ്പോഴും പൗരനല്ലാത്ത ആദ്യ വ്യക്തിയായി 2013ല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ ഗവര്‍ണറായപ്പോഴും കാര്‍ണി പ്രതിസന്ധികളെ മറികടന്നിരുന്നു. 2008 ലെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കാനഡ മറ്റ് പല രാജ്യങ്ങളെക്കാളും വേഗത്തില്‍ കരകയറിയതിനുശേഷം യു കെയില്‍ അദ്ദേഹത്തിന്റെ നിയമനം ഉഭയകക്ഷി പ്രശംസ നേടി. യു കെയില്‍ ബ്രെക്‌സിറ്റിന്റെ ഏറ്റവും മോശം പ്രത്യാഘാതങ്ങള്‍ കൈകാര്യം ചെയ്യാന്‍ അദ്ദേഹമാണ് സഹായിച്ചത്.
ഭക്ഷ്യ, ഭവന വിലകളഉം കുടിയേറ്റവും കുതിച്ചുയര്‍ന്നതോടെ ട്രൂഡോയുടെ ജനപ്രീതി കുറയുകയും പ്രതിപക്ഷ കണ്‍സര്‍വേറ്റീവുകള്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വരുമെന്നും പ്രതീക്ഷിച്ച സമയത്താണ് കാര്‍ണിയുടെ വരവ്.
ട്രംപിന്റെ വ്യാപാര യുദ്ധവും കാനഡയെ 51-ാമത്തെ യു എസ് സംസ്ഥാനമാക്കുന്നതിനെക്കുറിച്ചുള്ള പ്രസംഗവും കനേഡിയന്‍മാരെ പ്രകോപിപ്പിച്ചരുന്നു. എന്‍ എച്ച് എല്‍, എന്‍ ബി എ ഗെയിമുകളില്‍ അമേരിക്കന്‍ ദേശീയ ഗാനത്തെ കൂക്കി വിളിക്കാനും ചിലര്‍ അതിര്‍ത്തിയുടെ തെക്കോട്ടുള്ള യാത്രകള്‍ റദ്ദാക്കുന്നതിനും പലരും അമേരിക്കന്‍ സാധനങ്ങള്‍ വാങ്ങുന്നത് ഒഴിവാക്കുന്നതിനും ട്രംപിന്റെ അഭിപ്രായ പ്രകടനങ്ങള്‍ കാരണമായിട്ടുണ്ട്.
കനേഡിയന്‍ ദേശീയത പെട്ടെന്ന് ഉയര്‍ന്നത് ഉടന്‍ പ്രതീക്ഷിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ലിബറല്‍ പാര്‍ട്ടിയുടെ സാധ്യതകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. അഭിപ്രായ വോട്ടെടുപ്പുകളിലും ലിബറല്‍ പ്രകടനം മെച്ചപ്പെട്ടിട്ടുണ്ട്.
അമേരിക്കക്കാര്‍ക്ക് തങ്ങളുടെ വിഭവങ്ങളും വെള്ളവും ഭൂമിയും രാജ്യവും വേണമെന്നും അത് തങ്ങളുടെ ജീവിത രീതിയിെ നശിപ്പിക്കുമെന്ന കാര്യം ചിന്തിക്കണമെന്നും കാര്‍ണി പറഞ്ഞു. അമേരിക്കയില്‍ ആരോഗ്യ സംരക്ഷണം വന്‍കിട ബിസിനസാണെങഅകില്‍ കാനഡയില്‍ അത് അവകാശമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഉരുകുന്ന പാത്രമാണ് അമേരിക്കയെങ്കില്‍ കാനഡ മൊസൈക്ക് ആണെന്നും പറഞ്ഞ കാര്‍ണി അമേരിക്ക കാനഡയല്ലെന്നും കാനഡ ഒരിക്കലും ഒരു തരത്തിലും രൂപത്തിലും അമേരിക്കയുടെ ഭാഗമാകില്ലെന്നും പറഞ്ഞു. വരാനിരിക്കുന്ന ദുഷ്‌ക്കര ദിവസങ്ങളിലും ഒന്നിച്ചു നില്‍ക്കണമെന്നും കാര്‍ണി പറഞ്ഞു.
വ്യാപാര യുദ്ധത്തിന്റെ ആശങ്കകള്‍ക്കിടയിലും കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ഏര്‍പ്പെടുത്തുന്നത് ട്രംപ് ഒരു മാസത്തേക്ക് മാറ്റിവച്ചിരുന്നു. എന്നാല്‍ സ്റ്റീല്‍, അലുമിനിയം, പാല്‍, മറ്റ് ഉത്പന്നങ്ങള്‍ എന്നിവയുടെ മറ്റ് തീരുവകള്‍ അദ്ദേഹം ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
ജനുവരിയില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിനു ശേഷം കാബിനറ്റ് മന്ത്രിമാരില്‍ നിന്നും പാര്‍ലമെന്റ് അംഗങ്ങളില്‍ നിന്നും കാര്‍ണി ഒന്നിനുപുറകെ ഒന്നായി അംഗീകാരം നേടി. വാള്‍സ്ട്രീറ്റ് പരിചയസമ്പന്നനായ ഉന്നത വിദ്യാഭ്യാസമുള്ള സാമ്പത്തിക ശാസ്ത്രജ്ഞനാണ് അദ്ദേഹം. രാഷ്ട്രീയത്തില്‍ പ്രവേശിക്കാനും പ്രധാനമന്ത്രിയാകാനും വളരെക്കാലമായി താത്പര്യമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് രാഷ്ട്രീയ പരിചയമില്ലായിരുന്നു.
ട്രൂഡോ നേരത്തെ തന്നെ ധനമന്ത്രിയാകാന്‍ ക്ഷണിച്ചിരുന്നതായും കണ്‍സര്‍വേറ്റീവ് മുന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പറും തനിക്ക് ധനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നതായും കാര്‍ണി പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി സമയത്ത് കനേഡിയന്‍ സമ്പദ്വ്യവസ്ഥയില്‍ പണമൊഴുക്ക് നിലനിര്‍ത്തിയതിന്റെ ബഹുമതി കാര്‍ണിക്കുണ്ട്. പലിശനിരക്ക് എക്കാലത്തെയും താഴ്ന്ന നിലയായ ഒരു ശതമാനത്തിലേക്ക് കുറയ്ക്കുന്നതില്‍ വേഗത്തില്‍ പ്രവര്‍ത്തിച്ച അദ്ദേഹം പ്രതിസന്ധിയിലൂടെ വായ്പ നിലനിര്‍ത്താന്‍ ബാങ്കര്‍മാരുമായി സഹകരിച്ചു. നിരക്കുകള്‍ കുറവായിരിക്കുമെന്ന് പൊതുജനങ്ങളെ അറിയിക്കുകയും ചെയ്തു.
മുന്‍ ഗോള്‍ഡ്മാന്‍ സാച്ച്‌സ് എക്‌സിക്യൂട്ടീവായ അദ്ദേഹം ലണ്ടന്‍, ടോക്കിയോ, ന്യൂയോര്‍ക്ക്, ടൊറന്റോ എന്നിവിടങ്ങളില്‍ 13 വര്‍ഷം ജോലി ചെയ്തതിന് ശേഷം 2003ലാണ് ബാങ്ക് ഓഫ് കാനഡയുടെ ഡെപ്യൂട്ടി ഗവര്‍ണറായി നിയമിതനായത്.
2020ല്‍ കാലാവസ്ഥാ പ്രവര്‍ത്തനത്തിനും ധനകാര്യത്തിനുമുള്ള ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധിയായി അദ്ദേഹം സേവനമനുഷ്ഠിക്കാന്‍ തുടങ്ങി.
ലിബറല്‍ നേതൃത്വത്തിലേക്ക് മത്സരിച്ച മുന്‍ ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡിന് എട്ട് ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. ഡിസംബറില്‍ ട്രൂഡോ ഫ്രീലാന്‍ഡിനോട് ഉപപ്രധാനമന്ത്രിയായി തുടരാനും ധനമന്ത്രി സ്ഥാനം മാറാനും ആവശ്യപ്പെട്ടെങ്കിലും അവര്‍ സ്ഥാനം രാജിവെക്കുകയായിരുന്നു. ട്രൂഡോയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി ഒരു കത്തെഴുതുകയും ചെയ്തു.
കാര്‍ണി വരും ദിവസങ്ങളിലോ ആഴ്ചകളിലോ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കാം. അല്ലെങ്കില്‍ പാര്‍ലമെന്റിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ മാസം അവസാനം അവിശ്വാസ വോട്ടെടുപ്പിനും ശ്രമിച്ചേക്കാം.
