ടെല്‍ അവീവ് : ബന്ദികളെ മോചിപ്പിക്കുന്നതിനായി ഗാസ മുനമ്പിലേക്കുള്ള വൈദ്യുതി വിതരണം ഉടന്‍ വിച്ഛേദിക്കണമെന്ന് ഇസ്രയേല്‍ ഊര്‍ജ മന്ത്രി എലി കോഹന്‍. ഇസ്രയേല്‍ ഇലക്ട്രിക് കോര്‍പ്പറേഷന് ഇത് സംബന്ധിച്ച് കോഹന്‍ നിര്‍ദേശം നല്‍കി. എല്ലാ ബന്ദികളും മടങ്ങിയെത്തുന്നതിനായി തങ്ങള്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് എലി കോഹന്‍ വ്യക്തമാക്കി.
'എല്ലാ ബന്ദികളും മടങ്ങിവരുന്നതിനായി ഞങ്ങള്‍ക്ക് ലഭ്യമായ എല്ലാ വഴികളും ഞങ്ങള്‍ ഉപയോഗിക്കും, കൂടാതെ അടുത്ത ദിവസം ഹമാസ് ഗാസയില്‍ ഉണ്ടാകില്ലെന്ന് ഞങ്ങള്‍ ഉറപ്പാക്കും.' കോഹന്‍ പറഞ്ഞു.
ഗാസയിലെ പവര്‍ സ്‌റ്റേഷനുകള്‍ക്ക് വൈദ്യുതി വിതരണം ചെയ്യുന്നത് നിര്‍ത്താന്‍ നിര്‍ദേശിച്ച് ഐഇസിക്ക് അയച്ച കത്തും കോഹന്റെ ഓഫിസ് പുറത്തുവിട്ടിട്ടുണ്ട്. ഒക്‌ടോബര്‍ 7ന് ശേഷം ഇസ്രയേലില്‍ നിന്ന് ഗാസയിലേക്കുണ്ടായിരുന്ന വൈദ്യുതി വിതരണം വിച്ഛേദിച്ചിരുന്നു. പിന്നീട് നവംബറില്‍ മധ്യ ഗാസയിലെ ദെയ്ര്‍ ഉല്‍ ബലാഹിന് സമീപമുള്ള ഡീസലൈനേഷന്‍ പ്ലാന്റിലേക്കുള്ള (കടല്‍ വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളം നിര്‍മിക്കുന്ന പ്ലാന്റ്) വൈദ്യുതി വിതരണം പുനസ്ഥാപിക്കുകയാണെന്ന് ഇസ്രയേല്‍ അറിയിക്കുകയുണ്ടായി. നിലവില്‍ പ്രസ്തുത പ്ലാന്റിലേക്കുള്ള വൈദ്യുതി വിതരണവും ഇസ്രയേല്‍ റദ്ദാക്കിയെന്ന് ഇസ്രയേലി ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ടാങ്കറുകള്‍ വഴിയും മധ്യതെക്കന്‍ ഗാസയിലെ ദെയ്ര്‍ ഉല്‍ ബലാഹ്, ഖാന്‍ യൂനിസ് എന്നിവിടങ്ങളിലെ ഗവര്‍ണേറ്ററുകളുടെ ശൃംഖലകള്‍ വഴിയും ഗാസയിലെ 600,000ലധികം ആളുകള്‍ക്ക് കുടിവെള്ളം നല്‍കുന്ന പ്ലാന്റാണിത്. ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം തുടങ്ങുന്നതിന് മുന്‍പ് രണ്ട് ദശലക്ഷത്തിലധികം ആളുകളുടെ കുടിവെള്ള പ്രശ്‌നം പരിഹരിച്ച മൂന്ന് പ്രധാന സമുദ്ര ജല സംസ്‌കരണ പ്ലാന്റുകളില്‍ ഒന്ന് കൂടിയാണിത്.
അതേസമയം വെടിനിര്‍ത്തലിന്റെയും ബന്ദികളെ മോചിപ്പിക്കുന്ന കരാറിന്റെയും പ്രാരംഭ ഘട്ടം നീട്ടാനുള്ള ഹമാസിന്റെ തീരുമാനത്തെത്തുടര്‍ന്ന് ഗാസയിലേക്കുള്ള ചരക്കുകളുടെ നീക്കം നിര്‍ത്തിവയ്ക്കുകയാണെന്ന് മാര്‍ച്ച് 2 ന് ഇസ്രയേല്‍ അറിയിച്ചതിന് പിന്നാലെയാണ് വൈദ്യുതി വിതരണം റദ്ദാക്കാനുള്ള കോഹന്റെ തീരുമാനം. ഗാസയിലേക്കുള്ള സഹായം നല്‍കുന്നത് നിര്‍ത്തിവച്ചതിന് പാശ്ചാത്യ, അറബ് രാജ്യങ്ങള്‍ ഇസ്രയേലിനെ വിമര്‍ശിച്ച് രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇസ്രയേലിന്റെ തീരുമാനത്തെ പിന്തുണയ്ക്കുകയാണ് യുഎസ് ചെയ്തത്.
ബന്ദിമോചനം ഹമാസ് വൈകിപ്പിക്കുന്നു; ഗാസ മുനമ്പിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിക്കാന്‍ നിര്‍ദ്ദേശിച്ച് ഇസ്രയേല്‍
