ജിദ്ദ: യുക്രെയ്‌നിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ചര്‍ച്ചകള്‍ക്കായി ജിദ്ദയില്‍ എത്തിയതായി യുക്രെയ്‌നിയന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികളായ എ എഫ് പിയും റോയിട്ടേഴ്സും റിപ്പോര്‍ട്ട് ചെയ്തു.
സമാധാനത്തിനുള്ള യുക്രെയ്നിന്റെ പ്രതിബദ്ധത മനസ്സിലാക്കാന്‍ കൂടിക്കാഴ്ച പ്രധാനമാണെന്ന് ചൊവ്വാഴ്ച യു എസ്- യുക്രെയ്ന്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ പോകുന്ന യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു.
സമാധാനം സാധ്യമാകുന്ന ഒരു ഘട്ടത്തില്‍ എത്താനുള്ള യുക്രെയ്നിന്റെ ഉദ്ദേശ്യങ്ങള്‍ വ്യക്തമായി സ്ഥാപിക്കുക എന്നതാണ് പ്രധാന കാര്യമെന്നും യുക്രെയ്നുമായുള്ള ധാതു ഇടപാടിനെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ തയ്യാറാക്കേണ്ടതുണ്ടെന്നും റഷ്യയുമായി ഇടപഴകാനും അവരുടെ നിലപാടുകള്‍ നിര്‍ണ്ണയിക്കുന്നതിനും ശ്രമം ഉണ്ടാകുമെന്നും റൂബിയോ പറഞ്ഞു.
യുക്രെയ്‌നിന്റെ നിലപാട് യു എസ് മനസ്സിലാക്കണമെന്നും കീവ് പരിഗണിക്കാന്‍ തയ്യാറായേക്കാവുന്ന ഏതൊരു ഇളവുകളെയും കുറിച്ച് വിശാലമായ ധാരണ ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. റൂബിയോ പരിഹരിക്കാന്‍ ആഗ്രഹിക്കുന്ന മറ്റൊരു പ്രധാന വിഷയം യുക്രെയ്‌നിനുള്ള സഹായം യു എസ് താത്ക്കാലികമായി നിര്‍ത്തിവയ്ക്കുന്നത് സംബന്ധിച്ചുള്ളതാണ്. ചൊവ്വാഴ്ച ഈ വിഷയവുമായി ബന്ധപ്പെട്ട് ചര്‍ച്ചകളുണ്ടാകും.
ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിന്റെ അഭിപ്രായത്തില്‍ യുക്രെയ്‌നിന്റെ പ്രതിരോധ ആവശ്യങ്ങള്‍ക്കുള്ള ഇന്റലിജന്‍സ് പിന്തുണ യു എസ് വിച്ഛേദിച്ചിട്ടില്ല. ചൊവ്വാഴ്ച ജിദ്ദയില്‍ യുക്രെയ്ന്‍ ഉദ്യോഗസ്ഥരെ കാണുന്ന യു എസ് പ്രതിനിധി സംഘത്തില്‍ അദ്ദേഹവുമുണ്ട്.
സൗദി അറേബ്യയില്‍ നടക്കാനിരിക്കുന്ന സമാധാന ചര്‍ച്ചകളില്‍ യുക്രെയ്ന്‍ റഷ്യയുമായി ആകാശത്തും കടലിലും വെടിനിര്‍ത്തലിന് ശ്രമിക്കുമെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സമാധാനം കൈവരിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചായിരിക്കും ചര്‍ച്ചകള്‍ കേന്ദ്രീകരിക്കുകയെങ്കിലും യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപോ യുക്രെയ്ന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയോ പങ്കെടുക്കില്ല. റഷ്യയും പങ്കെടുക്കുന്നില്ല.
ഉഭയകക്ഷി ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള പ്രാരംഭ ഘട്ടത്തിലാണെന്നാണ് യു എസ്- റഷ്യ ബന്ധങ്ങളുടെ അവസ്ഥയെക്കുറിച്ച് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് അഭിപ്രായപ്പെട്ടത്. യുക്രെയ്‌നിയന്‍ അധികാരികള്‍ സമാധാനം ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.
എന്നാല്‍ യുദ്ധത്തിന്റെ ആദ്യ നിമിഷം മുതല്‍ യുക്രെയ്ന്‍ സമാധാനത്തിന് പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്നു പറഞ്ഞാണ് സെലെന്‍സ്‌കി ഇതിനെ പ്രതിരോധിച്ചത്.