നിമിഷ പ്രിയയുടെ മോചനം; ഹര്‍ജികള്‍ സുപ്രിം കോടതി എട്ടാഴ്ചത്തേക്ക് മാറ്റി

നിമിഷ പ്രിയയുടെ മോചനം; ഹര്‍ജികള്‍ സുപ്രിം കോടതി എട്ടാഴ്ചത്തേക്ക് മാറ്റി


ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ എട്ട് ആഴ്ച കഴിഞ്ഞ് പരിഗണിക്കാന്‍ സുപ്ര്ം കോടതി മാറ്റി. അടിയന്തര സാഹചര്യം ഉണ്ടായാല്‍ ഉടന്‍ കോടതിയെ അറിയിക്കാമെന്നും ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവര്‍ അധ്യക്ഷരായ ബെഞ്ച് നിര്‍ദേശിച്ചു. സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രിം കോടതി പരിഗണിച്ചത്.

കേസിന്റെ നിലവിലെ സാഹചര്യം കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയില്‍ വിശദീകരിച്ചു. വധശിക്ഷയുടെ തിയ്യതി മാറ്റിയ കാര്യം നിമിഷപ്രിയയുടെ അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍ കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് അടിയന്തര സാഹചര്യമുണ്ടായാല്‍ അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടത്. നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരുന്നത്. നിമിഷപ്രിയയുടെ മോചനശ്രമത്തിനായി യെമനിലേക്ക് പോകാന്‍ അനുമതി തേടിയ ആക്ഷന്‍ കൗണ്‍സിലിന്റെ അപേക്ഷ കേന്ദ്രം നേരത്തെ നിരസിച്ച കാര്യവും കോടതിയില്‍ രേഖപ്പെടുത്തി.