തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുന്നതിനിടെ നിതിന്‍ ഗഡ്കരി കുഴഞ്ഞുവീണു

തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുന്നതിനിടെ നിതിന്‍ ഗഡ്കരി കുഴഞ്ഞുവീണു


മുംബൈ: മഹാരാഷ്ട്രയിലെ യവത്മാലില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുന്നതിനിടെ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി ജെ പി നേതാവുമായ നിതിന്‍ ഗഡ്കരി വേദിയില്‍ തളര്‍ന്നുവീണു. ഉടന്‍ തന്നെ ചികിത്സയ്ക്കായി കൊണ്ടുപോയി.

യവത്മാലിലെ പുസാദില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നതിനിടെ ഗഡ്കരി പെട്ടെന്ന് ബോധം നഷ്ടപ്പെട്ട് വേദിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. 

അല്‍പ സമയത്തിന് ശേഷം എക്‌സില്‍ മന്ത്രി തന്നെ തന്റെ ആരോഗ്യസ്ഥിതി പോസ്റ്റ് ചെയ്തു. തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രദേശത്തെ ചൂടുകാരണം തനിക്ക് അബോധാവസ്ഥ അനുഭവപ്പെട്ടതായി അദ്ദേഹം പറഞ്ഞു. താന്‍ പൂര്‍ണമായും ആരോഗ്യവാനാണെന്നും അടുത്ത യോഗത്തിനായി വരൂദിലേക്ക് പോകുകയാണെന്നും സ്‌നേഹത്തിനും ആശംസകള്‍ക്കും നന്ദിയെന്നും ഗഡ്കരി ട്വീറ്റ് ചെയ്തു. 

മഹാരാഷ്ട്രയുടെ കിഴക്കന്‍- മധ്യമേഖലയിലെ വിദര്‍ഭയില്‍ സ്ഥിതി ചെയ്യുന്ന യവത്മാല്‍ തീവ്രമായ ഉഷ്ണതരംഗ സാഹചര്യങ്ങളാല്‍ പൊറുതിമുട്ടുകയാണ്. വരും ദിവസങ്ങളില്‍ മഹാരാഷ്ട്രയിലെ പല പ്രദേശങ്ങളിലും കാലാവസ്ഥാ വകുപ്പ് ഉഷ്ണ തരംഗ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.