ന്യൂഡല്‍ഹി: ഡല്‍ഹി- ശ്രീനഗര്‍ വിമാനം ആലിപ്പഴ വര്‍ഷത്തില്‍ ഉലഞ്ഞതിന് പിന്നാലെ വ്യോമാതിര്‍ത്തി ഉപയോഗിക്കാന്‍ ഇന്ത്യയുടെ ഇന്‍ഡിഗോ പൈലറ്റ് നടത്തിയ അഭ്യര്‍ഥന പാകിസ്ഥാന്‍ നിരസിച്ചു. ബുധനാഴ്ചയാണ് ഡല്‍ഹി- ശ്രീനഗര്‍ ഇന്‍ഡിഗോ വിമാനം പെട്ടെന്നുള്ള ആലിപ്പഴ വീഴ്ച നേരിട്ടത്.
പ്രക്ഷുബ്ധത ഒഴിവാക്കാനാണ് പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി കുറച്ചുനേരം ഉപയോഗിക്കാന്‍ പൈലറ്റ് ലാഹോര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ അനുമതി തേടിയത്. എന്നാല്‍ അഭ്യര്‍ഥന നിരസിക്കപ്പെട്ടതായി വ്യാഴാഴ്ച വാര്‍ത്താ ഏജന്‍സി പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.
6ഇ2142 വിമാനം കടുത്ത പ്രക്ഷുബ്ധത നേരിട്ട സംഭവം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും (ഡിജിസിഎ) അന്വേഷിക്കുന്നുണ്ടെന്ന് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
പാകിസ്താന്‍ അനുമതി നല്‍കാത്തതിനാല്‍ വിമാനം യഥാര്‍ഥ പറക്കല്‍ പാത നിലനിര്‍ത്തുകയും കടുത്ത പ്രക്ഷുബ്ധത നേരിടുകയും ചെയ്തുവെന്നാണ് വൃത്തങ്ങള്‍ പറയുന്നത്.
തൃണമൂല്‍ കോണ്‍ഗ്രസ് എം പിമാര്‍ ഉള്‍പ്പെടെ 220ലധികം പേര്‍ വിമാനത്തിലുണ്ടായിരുന്നു. പൈലറ്റ് ശ്രീനഗര്‍ വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ 'അടിയന്തരാവസ്ഥ' റിപ്പോര്‍ട്ട് ചെയ്തിരുന്ു. പിന്നാലെ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചതോടെയാണ് ഇരു രാജ്യങ്ങളും വിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തി അടച്ചത്.