വാഷിംഗ്ടണ്‍: വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിടാനുള്ള ലക്ഷ്യത്തോടെയുള്ള പ്രസിഡന്റ് ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് ഒരു ഫെഡറല്‍ ജഡ്ജി തടഞ്ഞത് ഭരണകൂട പദ്ധതികള്‍ക്ക് താത്ക്കാലിക തിരിച്ചടിയായി.
മസാച്യുസെറ്റ്‌സ് ഡിസ്ട്രിക്ട് കോടതിയിലെ ജഡ്ജി മ്യോങ് ജെ ജോണ്‍ന്റെ തീരുമാനം കേസ് പരിഹരിക്കപ്പെടുന്നതുവരെയോ ഉയര്‍ന്ന കോടതി റദ്ദാക്കുന്നതുവരെയോ നിലവിലുണ്ടാകും.
മസാച്യുസെറ്റ്‌സിലെ സ്‌കൂള്‍ ജില്ലകള്‍, അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ടീച്ചേഴ്സ്, 21 ഡെമോക്രാറ്റിക് സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ എന്നിവര്‍ മാര്‍ച്ചില്‍ ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് തടയാനും വന്‍തോതിലുള്ള പിരിച്ചുവിടലുകള്‍ റദ്ദാക്കാനും കേസ് ഫയല്‍ ചെയ്തിരുന്നു. ഇത്തരം നടപടികള്‍ ഏജന്‍സിയുടെ നിയമവിരുദ്ധമായ അടച്ചുപൂട്ടലിന് തുല്യമാണെന്ന വാദത്തോട് ജഡ്ജി ജോണ്‍ യോജിക്കുകയായിരുന്നു.
അംഗീകൃത ചട്ടമില്ലാതെ വകുപ്പിനെ ഫലപ്രദമായി പൊളിക്കുക എന്നതാണ് പ്രതികളുടെ യഥാര്‍ഥ ഉദ്ദേശ്യമെന്ന് രേഖകള്‍ വെളിപ്പെടുത്തുന്നുവെന്നാണ് ജഡ്ജി ജോണ്‍ തന്റെ ഉത്തരവില്‍ എഴുതിയത്.
ജഡ്ജിയുടെ ഉത്തരവിനെ ഭരണകൂടം ചോദ്യം ചെയ്യുമെന്ന് വിദ്യാഭ്യാസ വകുപ്പിലെ കമ്മ്യൂണിക്കേഷന്‍സ് ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി മാഡി ബീഡര്‍മാന്‍ അറിയിച്ചു.
പരാതിയുടെ അടിസ്ഥാനത്തിലാണ് തീവ്ര ഇടതുപക്ഷ ജഡ്ജി തന്റെ അധികാരം മറികടന്നതെന്നാണ് ബീഡര്‍മാന്‍ പ്രസ്താവനയില്‍ പറഞ്ഞത്. ഏജന്‍സി പുനഃസംഘടനാ ശ്രമങ്ങളെക്കുറിച്ച് തീരുമാനമെടുക്കാന്‍ പ്രസിഡന്റ് ട്രംപിനും സെനറ്റ് സ്ഥിരീകരിച്ച വിദ്യാഭ്യാസ സെക്രട്ടറിക്കുമാണ് വ്യക്തമായ അധികാരമമെന്നും ജഡ്ജിക്കല്ലെന്നും ബീഡര്‍മാന്‍ പറഞ്ഞു.