വാഷിംഗ്ടണ്‍: യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ചൈനയുമായുള്ള നയങ്ങളില്‍ മാറ്റം വരുത്തിയതോടെ ഇന്ത്യയുമായുള്ള താരിഫ് ചര്‍ച്ചകള്‍ സങ്കീര്‍ണമായി. യു എസ് 26 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയപ്പോഴും വ്യാപാര ചര്‍ച്ചകളില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷയുണ്ടായിരുന്നു. കാരണം ചൈന നേരിട്ടിരുന്നത് ഇന്ത്യയേക്കാള്‍ ഉയര്‍ന്ന ഇറക്കുമതി നികുതികളായിരുന്നു. മാത്രമല്ല ചൈനയ്ക്ക് പുറമേ വിയറ്റ്‌നാം, ബംഗ്ലാദേശ് തുടങ്ങി ഇന്ത്യയുമായി കയറ്റുമതിയില്‍ മത്സരിക്കുന്ന ചെറിയ ഏഷ്യന്‍ രാജ്യങ്ങള്‍ക്കും ഉയര്‍ന്ന താരിഫാണ് നേരിടേണ്ടി വന്നിരുന്നത്. വ്യാപാര യുദ്ധത്തിലൂടെ തങ്ങളുടെ ഭീമന്‍ അയല്‍ക്കാരനില്‍ നിന്നും കൂടുതല്‍ കമ്പനികളെ ആകര്‍ഷിക്കാമെന്ന ലക്ഷ്യവും നേരത്തെ ഇന്ത്യക്കുണ്ടായിരുന്നു. എല്ലാറ്റിനും ഉപരി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ ഊഷ്മളമായ ബന്ധമാണ് നിലനിന്നിരുന്നത് എന്നതും ഇന്ത്യന്‍ പ്രതീക്ഷയെ വാനോളം ഉയര്‍ത്തിയിരുന്നു.
എന്നാല്‍ നിലവില്‍ ഇന്ത്യയും യു എസ് പങ്കാളികളും തമ്മിലുള്ള കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായിട്ടുണ്ട്. ട്രംപ് ചൈനയുമായുള്ള തന്റെ തന്ത്രങ്ങള്‍ മാറ്റുകയും ഉയര്‍ന്ന താരിഫുകള്‍ പിന്‍വലിക്കുകയും ചെയ്തതോടെ ഇന്ത്യയുടേയും ചൈനയുടേയും താപിറുകള്‍ തമ്മില്‍ വലിയ വ്യത്യാസങ്ങളൊന്നുമില്ല.
ഇതുകൂടാതെ ആപ്പിള്‍ ഇന്ത്യയില്‍ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ട്രംപ് വിള്ളലുകളുണ്ടാക്കിയിട്ടുണ്ട്. ഉത്പാദനം ഇന്ത്യയിലേക്ക് മാറ്റിയ ആപ്പിളിനോട് വളരെ വ്യക്തമായാണ് ട്രംപ് ഇന്ത്യക്കെതിരെ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മിക്കവാറും ഐഫോണ്‍ അസംബ്ലിംഗ് മുഴുവന്‍ ചൈനയിലായിരുന്നത് ഈ വര്‍ഷം അവസാനത്തോടെ 25 ശതമാനത്തോളം ഇന്ത്യയിലേക്ക് മാറുന്നതിനാണ് ട്രംപ് തടസ്സമുണ്ടാക്കിയത്. ആപ്പിളിന്റെ ഉത്പാദനത്തില്‍ നിന്നും ഇന്ത്യയെ ഒഴിവാക്കി പകരം അമേരിക്കയിലേക്ക് മാറ്റണമെന്നായിരുന്നു ട്രംപിന്റെ ആവശ്യം.
ഇന്ത്യക്കെതിരായ താരിഫില്‍ കുറവു വരുത്താനുള്ള ശ്രമങ്ങള്‍ തുടരുമ്പോള്‍ ജൂലായ് ആദ്യം വരെയാണ് ട്രംപ് താത്ക്കാലികമായി നികുതി നിര്‍ത്തിവെച്ചത്. അതിനിടയിലാണ് ആപ്പിള്‍ വിഷയത്തില്‍ ട്രംപ് പ്രഖ്യാപനം നടത്തിയത്. ഇതോടെ ആപ്പിള്‍ കമ്പനിയുമായുള്ള ട്രംപ് പരാമര്‍ശങ്ങളെ കുറിച്ച് നിലപാടുകളെടുക്കാനാവാത്ത അവസ്ഥയിലാണ് ഇന്ത്യയുള്ളത്. താരിഫ് ഇളവ് അവസാനിക്കുന്നതിന് മുമ്പ് ചര്‍ച്ചകളെ കൂടുതല്‍ സങ്കീര്‍ണമാക്കാനാണ് ട്രംപിന്റെ പരാമര്‍ശം സഹായിച്ചത്.
കരാര്‍ തയ്യാറാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഈ ആഴ്ചയാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ വാഷിംഗ്ടണിലെത്തിയത്. ട്രംപ് രണ്ടാമതും യു എസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം രണ്ടു തവണയാണ് ഇന്ത്യന്‍ വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍ യു എസ് സന്ദര്‍ശിച്ചത്.
യു എസ് മന്ത്രി ഹോവാര്‍ഡ് ലുട്‌നിക്കുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, 'ഇന്ത്യ- യു എസ് ഉഭയകക്ഷി വ്യാപാര കരാറിന്റെ ആദ്യ ഘട്ടം ത്വരിതപ്പെടുത്തുകയാണെന്ന്' എന്നാണ് ഗോയല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ഏതൊരു കരാറിനെയും പരമ്പരയായാണ് ഇന്ത്യ കാണുന്നതെന്ന സൂചനയും അദ്ദേഹം തന്റെ പോസ്റ്റില്‍ നല്‍കി.
എന്നാല്‍ ചര്‍ച്ചകളില്‍ ഉറപ്പുകളൊന്നുമില്ലാത്തത് ന്യൂഡല്‍ഹിയില്‍ നിരാശ ഉയര്‍ത്തിയിട്ടുണ്ട്.
ആപ്പിള്‍ ഉത്പാദന മാറ്റത്തിനുള്ള പ്രഖ്യാപനം നടത്തുന്നതിന് തൊട്ടുമുമ്പ് ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷങ്ങളെ കുറിച്ച് പറഞ്ഞാണ് ട്രംപ് കാര്യങ്ങള്‍ സങ്കീര്‍ണമാക്കിയത്. ഇന്ത്യ- പാക് ചര്‍ച്ചകളില്‍ താന്‍ മധ്യസ്ഥത വഹിച്ചുവെന്നാണ് ട്രംപ് പറഞ്ഞത്. മാത്രമല്ല ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ കരാറായെന്ന് തന്റെ സാമൂഹ്യ മാധ്യമത്തിലൂടെ ട്രംപാണ് ആദ്യം പ്രഖ്യാപനം നടത്തിയത്. കശ്മീര്‍ മേഖലയെച്ചൊല്ലിയുള്ള ഇന്ത്യ- പാകിസ്താന്‍ തര്‍ക്കത്തില്‍ ഇടപെടാമെന്ന വാഗ്ദാനവും ട്രംപ് ഉയര്‍ത്തിയിരുന്നു. ഇത് ഇന്ത്യന്‍ നയതന്ത്രജ്ഞരെ നിരാശരാക്കിയിരുന്നു.
സമാധാന ശ്രമങ്ങളെക്കുറിച്ചു പറയുമ്പോള്‍ തന്നെ വ്യാപാരവും ചേര്‍ത്തപ്പോള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കൂടുതല്‍ അസന്തുഷ്ടിയാണ് പ്രകടമാക്കിയത്. താന്‍ കൂടുതല്‍ വ്യാപാരം നടത്താന്‍ പോകുന്നുവെന്നും താന്‍ ഉപയോഗിച്ച രീതിയില്‍ ആരും ഒരിക്കലും വ്യാപാരത്തെ ഉപയോഗിച്ചിട്ടില്ലെന്നുമാണ് ട്രംപ് പറഞ്ഞത്. എന്നാല്‍ തങ്ങളുടെ ചര്‍ച്ചയില്‍ വ്യാപാരത്തെ കുറിച്ച് ഒന്നുമുണ്ടായിട്ടില്ലെന്നാണ് ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്.
ഇതിന് പിന്നാലെയാണ് ചൈനയെ ആശ്രയിക്കുന്നത് കുറക്കാനും ഇന്ത്യയില്‍ ഉത്പാദിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ ആപ്പിള്‍ അവസാനിപ്പിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടത്.
യു എസിന്റെ അടുത്ത പങ്കാളിയെന്ന് പറയുന്ന ഇന്ത്യയ്ക്ക് വലിയ അടിയാണ് ഇതിലൂടെ ലഭിച്ചത്. പല അമേരിക്കന്‍ കമ്പനികളും ചൈനയെ ആശ്രയിക്കുന്നത് കുറക്കാനും പകരം ഇന്ത്യ സ്വീകരിക്കാനും തയ്യാറെടുക്കുമ്പോഴാണ് ട്രംപ് പ്രസ്താവനയുമായി രംഗത്തെത്തിയത്.
വിശാലവും കാര്യക്ഷമവുമായ ഫാക്ടറികളുടെ കാര്യത്തില്‍ ചൈനയുമായി മറ്റു രാജ്യങ്ങള്‍ക്കൊന്നും മത്സരിക്കാന്‍ കഴിയില്ലെങ്കിലും ആപ്പിള്‍ ഐഫോണ്‍ അസംബ്ലിയുടെ ഒരു ഭാഗം ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സാധിച്ചത് അഭിമാനകരമായ കാര്യമായിരുന്നു. എന്നാല്‍ ഇന്ത്യയെ മറികടന്ന് ചൈനയില്‍ നിന്ന് ആപ്പിളിനെ യു എസിലേക്ക് കൊണ്ടുപോകാമെന്ന ആശയം രാജ്യത്തിന് ഇരുട്ടടിയായി മാറി. ഉത്പാദനത്തെ മാറ്റത്തെ കുറിച്ച് ആപ്പിള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇന്ത്യയിലെ ആപ്പിളിന്റെ വിതരണ ശൃംഖലയുടെ പ്രധാന ഭാഗമായ തമിഴ്‌നാട്ടില്‍ ചൈനീസ് രീതിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത് ഉള്‍പ്പെടെ ചെയ്തിരുന്നു. 2020 മുതല്‍ ഇന്ത്യയില്‍ ഹൈടെക് ഉത്പന്നങ്ങളുടെ നിര്‍മാണത്തിന് സബ്‌സിഡി നല്‍കുന്നുണ്ട്.
തൊഴില്‍ ചെലവ് കുറവായ ഇന്ത്യയില്‍ തമിഴ്‌നാട്ടിലെ പ്രാദേശിക ട്രേഡ് യൂണിയനുകളുടെ കണക്ക് പ്രകാരം പ്രതിമാസം 233 ഡോളറിന് തുല്യമായ തുകയാണ് ശമ്പളം. എഞ്ചിനീയറിംഗ് ബിരുദം ആവശ്യമുള്ള ജോലികള്‍ക്കുള്ള വേതനം പോലും ചൈനയിലെ ചെലവുകളുമായി മത്സരിക്കാനാവുന്നതാണ്.
ഫോക്സ്‌കോണ്‍ പോലുള്ള കമ്പനികള്‍ ഇന്ത്യയില്‍ ഐഫോണിന്റെ കൂടുതല്‍ ഘടകങ്ങള്‍ നിര്‍മ്മിച്ചുകൊണ്ട് പ്രാദേശിക ബിസിനസുകളെ മൂല്യ ശൃംഖല നവീകരിക്കാന്‍ സഹായിച്ചിട്ടുണ്ട്.
ഉദ്യോഗസ്ഥരില്‍ നിന്നും ലഭിക്കുന്ന ചില സൂചനകള്‍ പ്രകാരം ആപ്പിളിന്റെ ബിസിനസ്സ് ഇന്ത്യയ്ക്ക് നഷ്ടമാകാനുള്ള സാധ്യതയില്ല. ഉത്പാദനത്തില്‍ ഇന്ത്യയുടെ നേട്ടങ്ങളുമായി മത്സരിക്കാന്‍ അമേരിക്ക തയ്യാറാകുമെന്ന് ചിന്തിക്കാന്‍ പോലും കഴിയില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.