കിഷ്ത്വാറില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സൈനികനും രണ്ട് ഭീകരരും കൊല്ലപ്പെട്ടു

കിഷ്ത്വാറില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സൈനികനും രണ്ട് ഭീകരരും കൊല്ലപ്പെട്ടു


ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ പരുക്കേറ്റ ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. മഹാരാഷ്ട്ര സ്വദേശിയായ സൈനികന്‍ സിപോയ് ഗെയ്ക്ലവാദ് പി സന്ദീപാണ് മരിച്ചത്. 

ഏറ്റുമുട്ടലിനിടെ പരുക്കേറ്റ സൈനികനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെന്നും ചികിത്സയിലിരിക്കെയാണ് വീരമൃത്യു വരിച്ചതെന്നും സൈന്യം അറിയിച്ചു.

കിഷ്ത്വാര്‍ ജില്ലയിലെ ചാത്രൂ മേഖലയിലെ സിംഹപോറ പ്രദേശത്തുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നും 'ഓപ് ത്രാഷി' എന്ന് പേരില്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്ന മറ്റുള്ളവര്‍ക്കായി ശക്തമായ തെരച്ചില്‍ തുടരുകയാണെന്ന് എക്സ് പോസ്റ്റില്‍ സേന പറയുന്നു.

ഛാത്രുവിലെ ഷിങ്‌പോറ മേഖലയില്‍ കിഷ്ത്വാറില്‍ ജെയ്ഷെ മുഹമ്മദ് അംഗങ്ങളായ നാലോളം ഭീകരവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചതിനു പിന്നാലെ പൊലീസ്, സൈന്യം, അര്‍ധ സൈനിക വിഭാഗങ്ങള്‍ എന്നിവര്‍ സംയുക്തമായി പ്രദേശം വളയുകയായിരുന്നു. വനമേഖലയില്‍ നീരീക്ഷണത്തിന് ഹെലികോപ്റ്ററും ഏര്‍പ്പെടുത്തിയിട്ടുണ്ട്.