മസാച്യുസെറ്റ്‌സ്: ഉന്നത അക്കാദമിക മേഖലയെ വീണ്ടും ആശങ്കയിലാക്കി ട്രംപ് ഭരണകൂടം. ഇത്തവണ ഹാര്‍വാര്‍ഡ് സര്‍വകലാശാലയ്ക്ക് നേരിയാണ് പ്രസിഡന്റ് തിരിഞ്ഞിരിക്കുന്നത്. ഹാര്‍വാര്‍ഡിന് അന്താരാഷ്ട്ര വിദ്യാര്‍ഥികളെ ചേര്‍ക്കാനുള്ള അനുമതിയാണ് താത്ക്കാലികമായി നിര്‍ത്തിയിരിക്കുന്നത്.
ഹാര്‍വാര്‍ഡിന്റെ സ്റ്റുഡന്റ് ആന്റ് എക്‌സ്‌ചേഞ്ച് വിസിറ്റര്‍ പ്രോഗ്രാം സര്‍ട്ടിഫിക്കേഷന്‍ റദ്ദാക്കിയത് പ്രാബല്യത്തിലായതായി ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയം അറിയിച്ചു.
'അക്രമം, ജൂതവിരുദ്ധത എന്നിവ വളര്‍ത്തിയതിനും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി കാംപസില്‍ ഏകോപിച്ച് പ്രവര്‍ത്തിച്ചതിനും ഹാര്‍വാര്‍ഡിനെ അവര്‍ സാമൂഹ്യ മാധ്യമ പോസ്റ്റില്‍ കുറ്റപ്പെടുത്തി.
വിദേശ വിദ്യാര്‍ത്ഥികളെ ചേര്‍ക്കുന്നതും അവരുടെ ഉയര്‍ന്ന ട്യൂഷന്‍ പേയ്മെന്റുകളില്‍ നിന്ന് പ്രയോജനം നേടുന്നതും സര്‍വകലാശാലകള്‍ക്ക് കോടിക്കണക്കിന് ഡോളര്‍ എന്‍ഡോവ്മെന്റുകള്‍ നേടാന്‍ സഹായിക്കുന്നത് അവകാശമല്ല പദവിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ശരിയായ കാര്യം ചെയ്യാന്‍ ഹാര്‍വാര്‍ഡിന് ധാരാളം അവസരങ്ങളുണ്ടായിരുന്നുവെങ്കിലും നിരസിച്ചതായും നിയമം പാലിക്കുന്നതില്‍ പരാജയപ്പെട്ടതിന്റെ ഫലമായാണ് അവരുടെ സ്റ്റുഡന്റ് ആന്റ് എക്‌സ്‌ചേഞ്ച് വിസിറ്റര്‍ പ്രോഗ്രാം സര്‍ട്ടിഫിക്കേഷന്‍ നഷ്ടപ്പെട്ടതെന്നും ക്രിസ്റ്റി നോയം പറഞ്ഞു.
രാജ്യത്തുടനീളമുള്ള എല്ലാ സര്‍വകലാശാലകള്‍ക്കും അക്കാദമിക് സ്ഥാപനങ്ങള്‍ക്കും ഇത് ഒരു മുന്നറിയിപ്പായിരിക്കുമെന്നും അവര്‍ പറഞ്ഞു.
ഭരണകൂടത്തിന്റെ നടപടികളെ നിയമവിരുദ്ധം എന്നാണ് ഹാര്‍വാര്‍ഡ് വിശേഷിപ്പിച്ചത്. അന്താരാഷ്ട്ര വിദ്യാര്‍ഥികളെ ചേര്‍ക്കുന്നത് തടയാനുള്ള യു എസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ തീരുമാനത്തെ ഹാര്‍വാര്‍ഡ് സര്‍വകലാശാല വിമര്‍ശിക്കുകയും ചെയ്തു. 140-ലധികം രാജ്യങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര വിദ്യാര്‍ഥികളെ പിന്തുണയ്ക്കുന്നത് തുടരുമെന്നും ഔദ്യോഗിക പ്രസ്താവനയില്‍ ഹാര്‍വാര്‍ഡ് പറഞ്ഞു.
സമീപകാല നടപടിക്ക് മറുപടിയായി ഹാര്‍വാര്‍ഡ് രണ്ടാമതും നിയമ നടപടികള്‍ സ്വീകരിക്കാന്‍ സാധ്യതയുണ്ട്. പാഠ്യപദ്ധതി, പ്രവേശന നടപടിക്രമങ്ങള്‍, നിയമന നയങ്ങള്‍ എന്നിവയില്‍ മാറ്റം വരുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ സര്‍വകലാശാല കഴിഞ്ഞ മാസം ഭരണകൂടത്തിനെതിരെ ഒരു കേസ് ഫയല്‍ ചെയ്തിരുന്നു.
ഏപ്രില്‍ മധ്യത്തില്‍ ട്രംപ് ഭരണകൂടം ആവശ്യപ്പെട്ട വിദേശ വിദ്യാര്‍ഥികളുടെ അച്ചടക്ക രേഖകള്‍ ഹാര്‍വാര്‍ഡ് സമര്‍പ്പിച്ചതിന് മൂന്ന് ആഴ്ചകള്‍ക്ക് ശേഷമാണ് നടപടി. എന്നാല്‍ ഏജന്‍സിയുമായി പങ്കിട്ട ഡേറ്റ എന്താണെന്ന് വിശദീകരിക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ വിസമ്മതിച്ചു.
ഏപ്രില്‍ 16നാണ് ഡിഎച്ച്എസ് ആദ്യം ഹാര്‍വാര്‍ഡിന് കത്തയച്ചത്. പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നത് ഉള്‍പ്പെടെ കാമ്പസിലെ വിദേശ വിദ്യാര്‍ഥികളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സര്‍വകലാശാലയോട് ആവശ്യപ്പെടുകയായിരുന്നു.