കേരളത്തില്‍ ഒരാഴ്ചക്കിടെ കോവിഡ് ബാധിച്ച് രണ്ടുപേര്‍ മരിച്ചു

കേരളത്തില്‍ ഒരാഴ്ചക്കിടെ കോവിഡ് ബാധിച്ച് രണ്ടുപേര്‍ മരിച്ചു


തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് ബാധിച്ച് രണ്ടുപേര്‍ മരിച്ചു. ഒരാഴ്ചയ്ക്കിടെയാണ് രണ്ടു മരണം റിപ്പോര്‍ട്ട് ചെയ്തത്. തിരുവന്തപുരത്താണ് രണ്ടു മരണവും നടന്നത്. 

70 വയസ് കഴിഞ്ഞ ഹൃദ്രോഗത്തിനുള്ള ചികിത്സയിലുള്ളണ്ടായ രണ്ട് പുരുഷന്മാരാണ് മരിച്ചത്. മരണം സംഭവിക്കുമ്പോള്‍ ഇരുവരും കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചിരുന്നു.

മെയ് മാസം മാത്രം സംസ്ഥാനത്ത് 182 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോട്ടയം- 57, എറണാകുളം- 34, തിരുവനന്തപുരം- 30 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

രോഗലക്ഷണമുള്ളവര്‍ക്ക് കോവിഡ് പരിശോധന നടത്താനും ആര്‍ ടി പി സിആ ര്‍ കിറ്റുകളും മറ്റ് സുരക്ഷാ ഉപകരണങ്ങളും ഉറപ്പാക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കി. സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം യോഗം ചേര്‍ന്ന് പൊതു സാഹചര്യം വിലയിരുത്തി. 

ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പകരുന്ന ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദങ്ങളായ എല്‍എഫ് 7, എന്‍ബി 1.8 എന്നിവയ്ക്ക് രോഗവ്യാപന ശേഷി കൂടുതലാണെങ്കിലും തീവ്രത കൂടുതലല്ല. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. പ്രായമായവരും ഗര്‍ഭിണികളും ഗുരുതര രോഗമുള്ളവരും പൊതു ഇടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണ്. ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധം. ആരോഗ്യ പ്രവര്‍ത്തകര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കുകയും വേണം.