അമേരിക്കന്‍ കൃഷി ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ- യു എസ് വ്യാപാര കരാറില്‍ ഇളവ് നല്‍കിയിട്ടില്ലെന്ന് പീയൂഷ് ഗോയല്‍

അമേരിക്കന്‍ കൃഷി ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ- യു എസ് വ്യാപാര കരാറില്‍ ഇളവ് നല്‍കിയിട്ടില്ലെന്ന് പീയൂഷ് ഗോയല്‍


ന്യൂഡല്‍ഹി: അമേരിക്കയുമായുള്ള ഇടക്കാല വ്യാപാര കരാറിന്റെ ഭാഗമായി കൃഷി മേഖലയിലോ അമേരിക്കന്‍ കൃഷി ഉത്പന്നങ്ങളിലോ ഇന്ത്യ യാതൊരു ഇളവും നല്‍കിയിട്ടില്ലെന്ന് കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ വ്യക്തമാക്കി. രാജ്യത്തെ കര്‍ഷകരുടെയും ഉത്പാദകരുടെയും താത്പര്യങ്ങള്‍ പൂര്‍ണമായി സംരക്ഷിച്ചിട്ടുണ്ടെന്നും വിഷയങ്ങള്‍ വളച്ചൊടിക്കാന്‍ ലക്ഷ്യമിടുന്ന ചില രാഷ്ട്രീയ ഘടകങ്ങള്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കൃഷി മേഖലയിലുണ്ടായ ഇളവുകളെക്കുറിച്ചുള്ള ചോദ്യത്തിന് എ എന്‍ ഐക്ക് നല്‍കിയ അഭിമുഖത്തില്‍ അങ്ങനെ സംഭവിച്ചിട്ടില്ലെന്നാണ് ഗോയല്‍ മറുപടി നല്‍കിയത്. മാംസം, കോഴി ഉത്പന്നങ്ങള്‍, ജനിതകമാറ്റം വരുത്തിയ ഭക്ഷണങ്ങള്‍, സോയാമീല്‍, കോണ്‍, മെയ്സ്, അരി, ഗോതമ്പ് പോലുള്ള ധാന്യങ്ങള്‍, ബജ്ര, റാഗി എന്നിവ പോലുള്ള ചെറുധാന്യങ്ങള്‍, പഞ്ചസാര, ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന വാഴപ്പഴം, സ്‌ട്രോബെറി, ചെറി, സിട്രസ് ഫലങ്ങള്‍, ഗ്രീന്‍ പീസ്, കാബുളി ചന, മൂങ്ങ് എന്നിവ പോലുള്ള പയര്‍വര്‍ഗങ്ങള്‍, എണ്ണ വിത്തുകള്‍, ചില മൃഗാഹാരങ്ങള്‍, നിലക്കടല, തേന്‍, മാള്‍ട്ടയും അതിന്റെ എക്‌സ്ട്രാക്റ്റുകളും, മദ്യമല്ലാത്ത പാനീയങ്ങള്‍, മാവ്, സ്റ്റാര്‍ച്ച്, അവശ്യ എണ്ണകള്‍, ഇന്ധനത്തിനുള്ള എതനോള്‍, പുകയില എന്നിവയിലൊന്നിലും ഇളവ് നല്‍കിയിട്ടില്ല. ഇവ ഇന്ത്യയ്ക്ക് അതീവ സംവേദനക്ഷമമായ മേഖലകളാണ്. ഒന്നും വിട്ടുകൊടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു വ്യാപാര കരാര്‍ എന്നത് വിവിധ വിഷയങ്ങളിലേക്കും ഉത്പന്നങ്ങളിലേക്കും സേവനങ്ങളിലേക്കും വ്യാപിച്ചുനില്‍ക്കുന്ന നീണ്ട ചര്‍ച്ചകളുടെ ഭാഗമാണെന്നും കൃഷി- കൃഷിയേതര ഉത്പന്നങ്ങളില്‍ ഇരുപക്ഷത്തിനും ആക്രമണപരവും പ്രതിരോധപരവുമായ താത്പര്യങ്ങള്‍ ഉണ്ടാകുമെന്നും ഗോയല്‍ വിശദീകരിച്ചു. കൃഷി മേഖലയില്‍ ഇന്ത്യയുടെ സംവേദനക്ഷമതയും കര്‍ഷകരുടെയും ഉത്പാദകരുടെയും താത്പര്യങ്ങളും 100 ശതമാനം സംരക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ കൃഷി മേഖലയിലുണ്ടായ ഇളവുകള്‍ക്കുറിച്ച് പ്രതിപക്ഷവും കര്‍ഷക സംഘടനകളും ഉന്നയിക്കുന്ന ആരോപണങ്ങളെക്കുറിച്ച് പ്രതികരിച്ച ഗോയല്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ഉറപ്പാക്കിയ പിന്തുണയില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ചില രാഷ്ട്രീയ ഘടകങ്ങള്‍ ശ്രമിക്കുകയാണ്'എന്ന് ആരോപിച്ചു.

ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ വാണിജ്യ മന്ത്രിയുടെ ഈ പ്രസ്താവനകള്‍, സംയുക്ത കിസാന്‍ മോര്‍ച്ചയുടെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതിനു പിന്നാലെയാണ് പുറത്തുവന്നത്.

കരാറിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ തയ്യാറാണെന്നും ആരോടു സംസാരിക്കാനും സര്‍ക്കാര്‍ സന്നദ്ധമാണെന്നും ഗോയല്‍ പറഞ്ഞു. പുതിയ വിപണികള്‍ തുറക്കുന്നതിലൂടെ അവരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ ഉള്ള വലിയ സാധ്യതകള്‍ കര്‍ഷകര്‍ മനസ്സിലാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

''ഏതെങ്കിലും കര്‍ഷക സംഘടനയ്‌ക്കോ മാധ്യമ പ്രവര്‍ത്തകനോ, പത്രത്തിനോ, കാര്‍ഷിക സാമ്പത്തിക വിദഗ്ധര്‍ക്കോ ആശങ്കകളുണ്ടെങ്കില്‍ തങ്ങളുമായി ബന്ധപ്പെടണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

ഈ കരാറിന്റെ ഭാഗമായി, ഇന്ത്യയുടെ കൃഷി ഉത്പന്നങ്ങള്‍ക്ക് മത്സര രംഗത്തുള്ള രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നികുതികളാണ് നേരിടേണ്ടിവരുന്നതെന്നും ചായ, കാപ്പി, മസാലകള്‍, തേങ്ങ, തേങ്ങാ എണ്ണ, വെജിറ്റബിള്‍ വാക്‌സ് തുടങ്ങിയ ചില ഉത്പന്നങ്ങള്‍ക്ക് പൂജ്യം തീരുവ തുടരുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.