ദയവായി കുറച്ചുകൂടി പകര്‍ത്തുക; ഈ സഭയില്‍ കോപ്പിയടി നിരോധിച്ചിട്ടില്ല: നിര്‍മല സീതാരാമനെ പരിഹസിച്ച് പി ചിദംബരം

ദയവായി കുറച്ചുകൂടി പകര്‍ത്തുക; ഈ സഭയില്‍ കോപ്പിയടി നിരോധിച്ചിട്ടില്ല: നിര്‍മല സീതാരാമനെ പരിഹസിച്ച് പി ചിദംബരം


ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ ബജറ്റിനെ പരിഹസിച്ച് മുന്‍ ധനമന്ത്രി പി ചിദംബരം. നിര്‍മല സീതാരാമന്റെ ബജറ്റിലെ ആശയങ്ങള്‍ കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ നിന്നും കോപ്പിയടിച്ചതാണെന്ന് തെളിവ് നിരത്തി പി ചിദംബരം പരിഹസിച്ചു. 

കോണ്‍ഗ്രസിന്റെ പ്രകടനപത്രിക വായിക്കാന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന് അവസരം ലഭിച്ചതില്‍ തനിക്ക് സന്തോഷമുണ്ടെന്നും പ്രകടനപത്രികയിലെ 11, 30, 31 പേജുകളില്‍ നിന്നും നല്ല ആശയങ്ങള്‍ അവര്‍ തെരഞ്ഞെടുത്തുവെന്നും ചിദംബരം പറഞ്ഞു.

കോണ്‍ഗ്രസിന്റെ പ്രകടനപത്രിക കൂടുതല്‍ ആഴത്തില്‍ പരിശോധിക്കാന്‍ അദ്ദേഹം ട്രഷറി ബെഞ്ചുകളിലെ അംഗങ്ങളോട് അഭ്യര്‍ഥിച്ചു, കൂടുതല്‍ ആശയങ്ങള്‍ പ്രയോജനകരമായി സ്വീകരിക്കാമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ഈ സഭയില്‍ പകര്‍ത്തല്‍ നിരോധിക്കപ്പെട്ടിട്ടില്ലെന്നും ഈ സഭയില്‍ കോപ്പിയടി പ്രോത്സാഹിപ്പിക്കപ്പെടുന്നതാണെന്നും പറഞ്ഞ പി ചിദംബരം അതിനാല്‍, ദയവായി കുറച്ചുകൂടി പകര്‍ത്തുകയെന്നും ആവശ്യപ്പെട്ടു.