അനന്ത്‌നാഗില്‍ ഭീകരാക്രമണത്തില്‍ ഒരു പൊലീസ് ഓഫിസര്‍ കൊല്ലപ്പെട്ടു

അനന്ത്‌നാഗില്‍ ഭീകരാക്രമണത്തില്‍ ഒരു പൊലീസ് ഓഫിസര്‍ കൊല്ലപ്പെട്ടു


ശ്രീനഗര്‍: അനന്തനാഗില്‍ ഭീകരാക്രമണത്തില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. അനന്തനാഗ് ടൗണിലെ ലാല്‍ ചൗക്കില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12.30നാണ് സംഭവം.

അമര്‍നാഥ് യാത്രയുടെ സുരക്ഷാ ചുമതലയ്ക്ക് നിയോഗിച്ചിരുന്ന ഹെഡ് കോണ്‍സ്റ്റബിള്‍ ആഷിഖ് ഹുസൈന്‍ ഖുറേഷി (35)യാണ് കൊല്ലപ്പെട്ടത്. ഇയാള്‍ ഉള്‍പ്പെടുന്ന പൊലീസ് സംഘത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ആഷിഖിനെ ഉടന്‍ അനന്തനാഗ് സര്‍ക്കാര്‍ മെഡിക്കല്‍ കോളെജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയുടെ പോഷക സംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. സംഭവത്തെ തുടര്‍ന്ന് ഭീകരരെ പിടികൂടാന്‍ സുരക്ഷാസേന പ്രദേശത്ത് തെരച്ചില്‍ ആരംഭിച്ചു.

അമര്‍നാഥ് യാത്രയ്ക്ക് സുരക്ഷയൊരുക്കാന്‍ വന്‍തോതിലാണ് സുരക്ഷാസേനയെ വിന്യസിച്ചിരിക്കുന്നത്. കഴിഞ്ഞ നാലു ദിവസമായി ജമ്മു കശ്മീരില്‍ തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് അമര്‍നാഥ് യാത്ര ഇപ്പോള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.