തെലങ്കാനയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

തെലങ്കാനയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു


ഹൈദരാബാദ്: തെലങ്കാനയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ വെടിവയ്പ്പില്‍ ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. തെലങ്കാന പൊലീസിന്റെ നക്സല്‍ വിരുദ്ധ സേനയായ ഗ്രേ ഹൗണ്ട്സും നക്സലൈറ്റുകളും തമ്മിലാണ് വെടിവയ്പ്പുണ്ടായത്. മുലുഗു ജില്ലയിലെ ഏതൂര്‍നാഗാരം ചല്‍പാക വനമേഖലയില്‍ ഞായറാഴ്ച രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്.

സംഭവ സ്ഥലത്ത് നിന്ന് രണ്ട് എകെ 47 റൈഫിളുകളടക്കം കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. കുരുസം മാംഗു എന്ന ഭദ്രു എന്ന പാപണ്ണ (35), എഗോളപ്പു മല്ലയ്യ എന്ന മധു (43), മുസ്സാക്കി ദേവല്‍ എന്ന കരുണാകര്‍ (22), മുസ്സാക്കി ജമുന (23), ജയ്സിങ് (25), കിഷോര്‍ (22), കാമേഷ് (23) എന്നിവരാണ് കൊല്ലപ്പെട്ടത്.

മാവോയിസ്റ്റ് വേട്ടയില്‍ ഛത്തീസ്ഗഢുമായി ഏകോപനമുണ്ടാക്കാന്‍ തെലങ്കാനയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരോട് തെലങ്കാന ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ഡിജിപി) ജിതേന്ദര്‍ നിര്‍ദേശിച്ചു. കഴിഞ്ഞ തിങ്കളാഴ്ച പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിലാണ് ഡിജിപി ഇക്കാര്യം അറിയിച്ചത്.