ചീഫ് ജസ്റ്റിസിനു നേരെ ഷൂ എറിഞ്ഞ സംഭവം; പ്രധാനമന്ത്രി അപലപിച്ചു

ചീഫ് ജസ്റ്റിസിനു നേരെ ഷൂ എറിഞ്ഞ സംഭവം; പ്രധാനമന്ത്രി അപലപിച്ചു


ന്യൂഡല്‍ഹി: സനാതന ധര്‍മത്തോടുള്ള അനാദരം ഇന്ത്യ സഹിക്കില്ലെന്ന് വിളിച്ചു പറഞ്ഞ് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിക്കു നേരെ അഭിഭാഷകന്‍ രാകേഷ് കിഷോര്‍ ഷൂ വലിച്ചെറിഞ്ഞ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അപലപിച്ചു. ചീഫ് ജസ്റ്റിസുമായി സംസാരിച്ചതായും അദ്ദേഹത്തിന് നേരെ സുപ്രിം കോടതി പരിസരത്തുണ്ടായ ആക്രമണം അപലപനീയമാണെന്നും മോഡി എക്‌സില്‍ കുറിച്ചു. 

നമ്മുടെ സമൂഹത്തില്‍ ഇത്തരം നിന്ദ്യമായ പ്രവൃത്തികള്‍ക്ക് സ്ഥാനമില്ലെന്നും കുറിച്ച പ്രധാനമന്ത്രി ഇത്തരമൊരു സാഹചര്യത്തെ നേരിടുമ്പോള്‍ ജസ്റ്റിസ് ഗവായി പ്രകടിപ്പിച്ച ശാന്തതയെ അഭിനന്ദിക്കുകയും ചെയ്തു. നീതിയുടെ മൂല്യങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയും ഭരണഘടനയുടെ ആത്മാവിനെ ശക്തിപ്പെടുത്തുന്നതുമാണ് ഇത് എടുത്തു കാണിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. 

സുപ്രിം കോടതി പരിസരത്ത് ചീഫ് ജസ്റ്റിസിനു നേരെ ആക്രമണമുണ്ടായെന്നാണ് പ്രധാനമന്ത്രി പറഞ്ഞതെങ്കിലും ബി ആര്‍ ഗവായിയുടെ ബെഞ്ച് ചേര്‍ന്ന സമയത്ത് കോടതി മുറിക്കുള്ളിലാണ് അഭിഭാഷകന്‍ ഷൂ എറിഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഖജുരാഹോയിലെ വിഷ്ണു വിഗ്രഹം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ ചീഫ് ജസ്റ്റിസ് നടത്തിയ പരാമര്‍ശമാണ് അഭിഭാഷകനെ പ്രകോപിപ്പിച്ചത്. 

വിഗ്രഹം പുനഃസ്ഥാപിക്കമെന്ന ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളുകയും വിഷയം പുരാവസ്തു വകുപ്പിന്റെ അധികാര പരിധിയിലുള്ളതെന്ന് സൂചിപ്പിക്കുകയും ചെയ്ത ചീഫ് ജസ്റ്റിസ് മഹാവിഷ്ണുവിനോടു തന്നെ ഇക്കാര്യത്തിനായി പ്രാര്‍ഥിക്കൂ എന്നു പറയുകയും ചെയ്തിരുന്നു. ഹിന്ദു സംഘടനകള്‍ ഇതിനെതിരെ രംഗത്തു വന്നിരുന്നു. ഇതാണ് രാകേഷ് കിഷോറില്‍ പ്രകോപനമുണ്ടാക്കിയത്. 

ഷൂ എറിഞ്ഞ സംഭവത്തിന് ശേഷവും ശാന്തനായിരുന്ന ചീഫ് ജസ്റ്റിസ് നടപടികള്‍ തുടരുകയായിരുന്നു. സംഭവങ്ങളൊന്നും തന്നെ ബാധിക്കുന്നതല്ലെന്നും ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. 

ഷൂ എറിഞ്ഞ രാകേഷ് കിഷോറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നുവെങ്കിലും കേസ് എടുക്കേണ്ടെന്ന ചീഫ് ജസ്റ്റിസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇയാളെ വിട്ടയച്ചു. എന്നാല്‍ ബാര്‍ കൗണ്‍സില്‍ അഭിഭാഷകനെ സസ്‌പെന്റ് ചെയ്തു. അച്ചടക്ക നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. രാകേഷ് കിഷോറിനെ തുടര്‍ നടപടികള്‍ തീര്‍പ്പാക്കുന്നതുവരെ രാജ്യത്തെ കോടതികളിലും ട്രിബ്യൂണലിലും നിയമ അതോറിറ്റിയിലും പ്രാക്ടീസ് ചെയ്യുന്നതില്‍ വിലക്കിയിട്ടുണ്ട്. 

സുപ്രിം കോടതിയിലുണ്ടായ സംഭവ വികാസങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അപലപിച്ചു.