മോഡിയുടെ മുസ്ലിം വിരുദ്ധ പ്രസംഗത്തില്‍ അതൃപ്തി പ്രകടിപ്പിച്ച ബിജെപി നേതാവിനെ പുറത്താക്കി

മോഡിയുടെ മുസ്ലിം വിരുദ്ധ പ്രസംഗത്തില്‍ അതൃപ്തി പ്രകടിപ്പിച്ച ബിജെപി നേതാവിനെ പുറത്താക്കി


ന്യൂഡല്‍ഹി : രാജസ്ഥാനില്‍ അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പരാമര്‍ശങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച ബിക്കാനീര്‍ ബിജെപി ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ഉസ്മാന്‍ ഘാനിയെ പാര്‍ട്ടിയുടെ പ്രതിച്ഛായ മോശമാക്കിയതിന് ബുധനാഴ്ച പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

അടുത്തിടെ ന്യൂഡല്‍ഹിയില്‍ ഒരു വാര്‍ത്താ ചാനലിനോട് സംസാരിക്കവെ, രാജസ്ഥാനിലെ 25 ലോക്സഭാ സീറ്റുകളില്‍ മൂന്ന് നാല് സീറ്റുകളും ബിജെപിക്ക് നഷ്ടപ്പെടുമെന്ന് ഘാനി പറഞ്ഞിരുന്നു.

സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് റാലികളില്‍ മുസ്ലീങ്ങളെക്കുറിച്ചുള്ള പ്രധാനമന്ത്രി മോഡിയുടെ പരാമര്‍ശങ്ങളെയും അദ്ദേഹം അപലപിച്ചു.

മുസ്ലീങ്ങളെക്കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ പരാമര്‍ശങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍, ഒരു മുസ്ലീമായതിനാല്‍ പ്രധാനമന്ത്രി പറഞ്ഞതില്‍ നിരാശയുണ്ടെന്ന് ഉസ്മാന്‍ ഘാനി പറഞ്ഞിരുന്നു.

ബിജെപിക്ക് വേണ്ടി താന്‍ മുസ്ലീങ്ങളുടെ അടുത്ത് വോട്ട് തേടുമ്പോള്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങളെ കുറിച്ച് സമുദായത്തിലെ ജനങ്ങള്‍ സംസാരിക്കുമെന്നും എന്നില്‍ നിന്ന് ഉത്തരം തേടുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ബിജെപിയോട് ജാട്ട് സമുദായത്തിന് അമര്‍ഷമുണ്ടെന്നും ചുരു ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ അവര്‍ പാര്‍ട്ടിക്കെതിരെ വോട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

താന്‍ പറയുന്നതിന്റെ പേരില്‍ പാര്‍ട്ടി തനിക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചാല്‍ ഭയപ്പെടുന്നില്ലെന്നും ഉസ്മാന്‍ ഘാനി പറഞ്ഞിരുന്നു.

ഒരു വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ടറോട് സംസാരിക്കുന്ന ഉസ്മാന്‍ ഘാനി വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതിന് ശേഷം മാധ്യമങ്ങളില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ഉസ്മാന്‍ ശ്രമിച്ചതായി ബിജെപി സംസ്ഥാന അച്ചടക്ക സമിതി ചെയര്‍മാന്‍ ഓങ്കാര്‍ സിംഗ് ലഖാവത് പറഞ്ഞു.

'തങ്ങളുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ഉസ്മാന്‍ ഘാനിയുടെ നടപടി പാര്‍ട്ടി മനസ്സിലാക്കുകയും അച്ചടക്ക ലംഘനമായി കണക്കാക്കി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് പുറത്താക്കുകയും ചെയ്തു,'' ലഖാവത്ത് പ്രസ്താവനയില്‍ പറഞ്ഞു.

ബിക്കാനീര്‍ ലോക്സഭാ മണ്ഡലത്തില്‍ ഏപ്രില്‍ 19നാണ് ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മുസ്ലീങ്ങള്‍ക്ക് സമ്പത്ത് പുനര്‍വിതരണം ചെയ്യുമെന്ന് രാജസ്ഥാനിലെ ബന്‍സ്വാരയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി മോഡി ഞായറാഴ്ച അഭിപ്രായപ്പെട്ടിരുന്നു. ജനങ്ങള്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണവും വിലപിടിപ്പുള്ള വസ്തുക്കളും നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും നല്‍കാനാണ് കോണ്‍ഗ്രസ് പദ്ധതിയിടുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ഈ പരാമര്‍ശം നിരവധി പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.