ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തില്‍ ഭക്തര്‍ നല്‍കിയ സംഭാവനകള്‍ തട്ടിയെടുത്തെന്ന ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) സുപ്രിം കോടതിയില്‍ സീല്‍ ചെയ്ത കവറില്‍ സ്റ്റാറ്റസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അന്വേഷണ പുരോഗതി അറിയിക്കാന്‍ സുപ്രിംകോടതി നല്‍കിയ നിര്‍ദേശപ്രകാരമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് അന്വേഷണത്തിന്റെ പുരോഗതിയും കണ്ടെത്തലുകളും ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ് ഐ ടിയോട് നിര്‍ദേശിച്ചിരുന്നത്.
രാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച സംഭാവനകളില്‍ സാമ്പത്തിക ക്രമക്കേട് നടന്നെന്ന ആരോപണത്തില്‍ കോടതി മേല്‍നോട്ടത്തിലുള്ള സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് സുപ്രിം കോടതി പരിഗണിക്കുന്നത്. കേസില്‍ കേന്ദ്ര സര്‍ക്കാരിനും ഉത്തര്‍പ്രദേശ് സര്‍ക്കാരിനും ട്രസ്റ്റിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
അയോധ്യയിലെ രാമക്ഷേത്രത്തില്‍ ഭക്തര്‍ നല്‍കിയ സംഭാവനകള്‍ ദുരുപയോഗം ചെയ്‌തെന്ന ആരോപണത്തെ തുടര്‍ന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജൂണില്‍ മൂന്നംഗ എസ് ഐ ടി രൂപീകരിച്ച് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് കോടതി മേല്‍നോട്ടത്തില്‍ സി ബി ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നിരവധി ഹര്‍ജിക്കാര്‍ സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു.
അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് എസ് ഐ ടി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്ഷേത്രത്തിലെ സംഭാവനകള്‍ കൈകാര്യം ചെയ്തതില്‍ നിരവധി സുരക്ഷാ വീഴ്ചകളും നടപടിക്രമങ്ങളിലെ പിഴവുകളും കണ്ടെത്തിയതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സംഭാവനപ്പെട്ടികളിലേക്ക് അനധികൃത പ്രവേശനം ലഭിച്ചതായും പണം എണ്ണുന്നതിന്റെയും മേല്‍നോട്ട സംവിധാനത്തിന്റെയും കാര്യത്തില്‍ ഗുരുതര വീഴ്ചകള്‍ ഉണ്ടായതായും അന്വേഷണസംഘം കണ്ടെത്തി.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ രാം ശങ്കര്‍ യാദവ് അഥവാ ടിന്നു യാദവ്, മനീഷ് യാദവ് എന്നിവരെ കൂടുതല്‍ ചോദ്യം ചെയ്യലിനായി 39 മണിക്കൂര്‍ പൊലീസ് കസ്റ്റഡി അനുവദിച്ചിട്ടുണ്ട്. മറ്റ് പ്രതികള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
സംഭാവനയായി ലഭിച്ച പണവും വിലപിടിപ്പുള്ള വസ്തുക്കളും അനധികൃതമായി വഴിതിരിച്ചുവിട്ടെന്ന ആരോപണവും സംഭാവനകളുടെ നടത്തിപ്പിന് ഉത്തരവാദികളായവരുടെ പങ്കും എസ് ഐ ടി വിശദമായി അന്വേഷിച്ചുവരികയാണ്.
