ഉക്രൈന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് റഷ്യ; ആശങ്ക ഒഴിയുന്നില്ല

ഉക്രൈന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് റഷ്യ; ആശങ്ക ഒഴിയുന്നില്ല


ന്യൂഡല്‍ഹി: സുരക്ഷാ സഹായികളായി നിയമിക്കപ്പെട്ട ഇന്ത്യക്കാരെ എത്രയും വേഗം ജോലിയില്‍ നിന്ന് നീക്കം ചെയ്യണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അഭ്യര്‍ത്ഥന റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ അംഗീകരിച്ചതോടെ, ഉക്രെയ്‌നിനെതിരെ റഷ്യന്‍ സൈന്യത്തിനൊപ്പം പോരാടാന്‍ നിര്‍ബന്ധിതരായി കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാര പാക്കേജും പൗരത്വവും ലഭിക്കുമെന്ന് ഉറപ്പായി.

അതേസമയം, റഷ്യയിലെ യുദ്ധമേഖലയില്‍ ആറുമാസക്കാലമായി കുടുങ്ങി കഴിയുന്നവരെ എപ്പോള്‍ മോചിപ്പിക്കുമെന്ന കാര്യത്തില്‍ വ്യക്തത ഇല്ലാത്തതിനാല്‍ അവരുടെ ബന്ധുക്കളും കുടുംബാംഗങ്ങളും കടുത്ത ാശങ്കയിലാണ്. റഷ്യയില്‍ കുടുങ്ങിയവരുടെ മോചനത്തിന് സമയബന്ധിതമായി ഉറപ്പ് നല്‍കണമെന്ന് അവരുടെ കുടുംബങ്ങള്‍ ആവശ്യപ്പെടുന്നു.

മാസങ്ങള്‍ക്കു മുമ്പ് റഷ്യയിലെ ഉക്രേനിയന്‍ വ്യോമാക്രമണത്തില്‍ മകന്‍ കൊല്ലപ്പെട്ട ഗുജറാത്തില്‍ നിന്നുള്ള അശ്വിന്‍ഭായ് മംഗുകിയ പുതിയ വാഗ്ദാന പ്രകാരം റഷ്യന്‍ പൗരത്വം സ്വീകരിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞു.


'ഇന്ത്യയില്‍ എന്താണ് ഉള്ളത്? എല്ലാം ശരിയാണെങ്കില്‍ റഷ്യയിലേക്ക് പോകാന്‍ ഞങ്ങള്‍ തയ്യാറാണ്. ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കാന്‍ ഞാന്‍ തയ്യാറാണ്', മംഗുകിയ പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ ഇരട്ട പൗരത്വം അനുവദിക്കുന്നില്ലെന്നും മംഗുകിയ ചൂണ്ടിക്കാട്ടി.

റഷ്യന്‍ സൈന്യത്തിന്റെ സഹായിയായി നിയമിക്കപ്പെട്ട അദ്ദേഹത്തിന്റെ മകന്‍ ഹെമില്‍ മംഗുകിയ (23) ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. ഫെബ്രുവരി 21ന് റഷ്യ-ഉക്രെയ്ന്‍ അതിര്‍ത്തിയിലെ ഡൊണെറ്റ്‌സ്‌കില്‍ റഷ്യന്‍ സൈന്യവുമായുള്ള വെടിവയ്പ്പിനിടെ അദ്ദേഹം കൊല്ലപ്പെട്ടു.

മകന്റെ മൃതദേഹം ലഭിക്കുന്നതിനായി മാര്‍ച്ചില്‍ മംഗുകിയ റഷ്യയിലേക്ക് പോയിരുന്നു. കുടുംബത്തിന് 1.3 കോടി രൂപ നഷ്ടപരിഹാരം, റഷ്യന്‍ പൗരത്വം, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് 18 വയസ്സ് വരെ പ്രതിമാസം 18,000 രൂപ സ്‌റ്റൈപ്പന്‍ഡ് എന്നിവ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

'അവര്‍ ഞങ്ങളെ റഷ്യയില്‍ ഒരു ബാങ്ക് അക്കൗണ്ട് തുറപ്പിച്ചു. ഇതിനകം 45 ലക്ഷം രൂപ അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ട്.  മകന്‍ അവിവാഹിതനായിരുന്നു. പൗരത്വ പ്രക്രിയ ആരംഭിക്കുന്നതിന് തനിക്ക് രണ്ട് തവണ കൂടി റഷ്യയിലേക്ക് പോകേണ്ടിവരുമെന്നും മംഗുകിയ പറഞ്ഞു.

നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തില്‍ ഹെമില്‍ ഉള്‍പ്പെടെ കുറഞ്ഞത് നാല് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായും രണ്ടുപേരെ കാണാതായതായും പറയപ്പെടുന്നു. ഹൈദരാബാദില്‍ നിന്നുള്ള ഹെമില്‍, മുഹമ്മദ് അസ്ഫാന്‍ (31) എന്നിവരുടെ മൃതദേഹങ്ങള്‍ മാത്രമാണ് ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നത്. കുറഞ്ഞത് 50 ഇന്ത്യക്കാര്‍ റഷ്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്നുണ്ടെന്നും അവരില്‍ 30 ഓളം പേര്‍ മടങ്ങിവരാന്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു.

ടൂറിസ്റ്റ് വിസയില്‍ റഷ്യയിലേക്ക് പോയ ഇന്ത്യക്കാര്‍ക്ക് സുരക്ഷാ സഹായികളായി ജോലി വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും റഷ്യ-ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ റഷ്യന്‍ സൈന്യത്തിനൊപ്പം പോരാടാന്‍ നിര്‍ബന്ധിതരായെന്ന് ഫെബ്രുവരി 20 ന് ദി ഹിന്ദു ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തങ്ങള്‍ക്കും സമാനമായ ഓഫര്‍ ലഭിച്ചതായി അസ്ഫാന്റെ സഹോദരന്‍ മുഹമ്മദ് ഇമ്രാന്‍ പറഞ്ഞു. 'മൃതദേഹം സ്വീകരിക്കാന്‍ ഞാന്‍ മോസ്‌കോയിലേക്ക് പോയപ്പോള്‍, എന്റെ സഹോദരന്റെ ഭാര്യയ്ക്കും രണ്ട് കുട്ടികള്‍ക്കും ഞങ്ങളുടെ പിതാവിനും 1.3 കോടി രൂപ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് റഷ്യന്‍ അധികൃതര്‍ ഞങ്ങളോട് പറഞ്ഞു. കുട്ടികള്‍ക്ക് റഷ്യയിലേക്ക് പോകാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അവര്‍ക്ക് പൗരത്വത്തിനും സൗജന്യ വിദ്യാഭ്യാസത്തിനും മെഡിക്കല്‍ സൗകര്യത്തിനും അര്‍ഹതയുണ്ടെന്ന് ഇമ്രാന്‍ പറഞ്ഞു.

തന്റെ ഇളയ സഹോദരന്‍ സാഹില്‍ റഷ്യയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് ഹരിയാനയിലെ കൈതല്‍ ജില്ലയിലെ മാതൂര്‍ ഗ്രാമത്തില്‍ നിന്നുള്ള അമന്‍ മൗണ്‍ പറയുന്നു.

 'കഴിഞ്ഞ കുറേ ദിവസങ്ങളായി ഇത്തരം ഉറപ്പുകളെക്കുറിച്ച് ഞങ്ങള്‍ കേള്‍ക്കുന്നു. പ്രധാനമന്ത്രി വിഷയം ഉന്നയിച്ചതില്‍ സന്തോഷമുണ്ടെങ്കലും, സഹോദരന് എപ്പോള്‍ വീട്ടിലെത്താന്‍ കഴിയുമെന്ന് അറിയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. എത്ര ദിവസം? ഇന്ന് ഞാന്‍ അവനുമായി സംസാരിച്ചിരുന്നു. അവന്പരിക്കേറ്റിരുന്നു. വീണ്ടും അവനെ യുദ്ധമുഖത്തേക്ക് അയച്ചേക്കാമെന്നും ഞങ്ങള്‍ ഭയപ്പെടുന്നു-.അമന്‍ മൗണ്‍ പറഞ്ഞു.

21 കാരനായ സാഹിലിന് ഗ്രനേഡ് ആക്രമണത്തിലാണ് പരിക്കേറ്റത്. ഇപ്പോള്‍ അനങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും അവന്‍ സഹോദരനോട്  പറഞ്ഞു. 'തന്നെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്നും അതിനുശേഷം യുദ്ധമേഖലയിലേക്ക് അയക്കുമെന്നും കമാന്‍ഡര്‍ പറഞ്ഞതായും സാഹില്‍ തന്നെ അറിയിച്ചെന്ന് അമന്‍ പറഞ്ഞു.

'പ്രധാനമന്ത്രി മോഡി റഷ്യയുമായി വിഷയം ഉന്നയിച്ചത് നല്ലതാണ്, പക്ഷേ എന്റെ സഹോദരനെ എപ്പോള്‍ മോചിപ്പിക്കുമെന്ന് തങ്ങള്‍ക്ക് ഇപ്പോഴും ഒരു വിവരവും ലഭ്യമല്ലെന്ന് റഷ്യയില്‍ കുടുങ്ങിയവരില്‍ ഒരാളായ കര്‍ണാടകയില്‍ നിന്നുള്ള സമീര്‍ അഹമ്മദിന്റെ സഹോദരന്‍ മുഹമ്മദ് മുസ്തഫ പറഞ്ഞു.