പരീക്ഷാർഥികളുടെ പ്രതിഷേധം അക്രമാസക്തമായി; പാറ്റ്‌ന റെയിൽവേ സ്റ്റേഷനിൽ കല്ലേറ്, ട്രെയിനുകൾക്ക് നാശനഷ്ടം

പരീക്ഷാർഥികളുടെ പ്രതിഷേധം അക്രമാസക്തമായി; പാറ്റ്‌ന റെയിൽവേ സ്റ്റേഷനിൽ കല്ലേറ്, ട്രെയിനുകൾക്ക് നാശനഷ്ടം


പാറ്റ്‌ന: ബിഹാർ പൊലീസ് പ്രൊഹിബിഷൻ വകുപ്പ് റിക്രൂട്ട്‌മെന്റ് പരീക്ഷ എഴുതാനെത്തിയ ഉദ്യോഗാർഥികളുടെ പ്രതിഷേധം പാറ്റ്‌ലിപുത്ര റെയിൽവേ സ്റ്റേഷനിൽ അക്രമാസക്തമായി. പരീക്ഷാകേന്ദ്രങ്ങളിലേക്ക് പോകാൻ ആവശ്യമായ യാത്രാസൗകര്യം ഒരുക്കിയില്ലെന്നാരോപിച്ച് നൂറുകണക്കിന് വിദ്യാർഥികൾ സ്റ്റേഷനിൽ പ്രതിഷേധിക്കുകയും റെയിൽപാളം ഉപരോധിക്കുകയും ചെയ്തു. ഇതോടെ ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു.

സ്ഥിതി സംഘർഷഭരിതമായതോടെ പ്രതിഷേധക്കാർ ട്രെയിനുകൾക്ക് നേരെ കല്ലേറ് നടത്തുകയും ചില കോച്ചുകൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ്, റെയിൽവേ സുരക്ഷാസേന എന്നിവർ ഇടപെട്ടതോടെയാണ് സംഘർഷം രൂക്ഷമായത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് മുന്നറിയിപ്പായി വെടിയുതിർക്കുകയും കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിക്കുകയും ചെയ്തു. സംഭവത്തിൽ ചില ഉദ്യോഗസ്ഥർക്ക് നിസാര പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.

റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്), ഗവൺമെന്റ് റെയിൽവേ പൊലീസ് (ജിആർപി), പ്രാദേശിക പൊലീസ് എന്നിവർ ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിലൂടെയാണ് പ്രതിഷേധക്കാരെ പാളത്തിൽ നിന്ന് നീക്കിയത്. തുടർന്ന് ട്രെയിൻ സർവീസുകൾ പുനഃസ്ഥാപിച്ചു.

സംഭവസമയത്ത് 200 മുതൽ 250 വരെ വിദ്യാർഥികൾ ട്രെയിൻ തടഞ്ഞുനിർത്തിയിരുന്നുവെന്ന് ഇൻസ്‌പെക്ടർ ജനറൽ ജിതേന്ദ്ര റാണ പറഞ്ഞു. സമാധാനപരമായി പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ചിലർ കല്ലേറ് നടത്തിയതോടെ ആവശ്യമായ നടപടി സ്വീകരിക്കേണ്ടിവന്നതായും അദ്ദേഹം വ്യക്തമാക്കി.

അതേസമയം പരീക്ഷാർഥികൾക്കായി പ്രത്യേക ട്രെയിനുകൾ ഒരുക്കിയിരുന്നുവെന്നും പ്രതിഷേധത്തിനിടെ സാമൂഹികവിരുദ്ധർ കടന്നുകയറി അക്രമത്തിന് നേതൃത്വം നൽകിയതാണെന്നും ജില്ലാ ഭരണകൂടം ആരോപിച്ചു. നിലവിൽ സ്ഥിതി പൂർണ നിയന്ത്രണത്തിലാണെന്നും സ്റ്റേഷനിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.