വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുമ്പോൾ, കരാറിനെതിരെ ഇസ്രയേലിലും ഇറാനിലും നിന്ന് ശക്തമായ വിമർശനം ഉയരുന്നു. കരാറിന്റെ അന്തിമരൂപം സംബന്ധിച്ച് ഇരുരാജ്യങ്ങളും ധാരണയിലെത്തിയതായി സൂചനകളുണ്ടെങ്കിലും അതിന്റെ വ്യവസ്ഥകൾ പലർക്കും ആശങ്കയുണ്ടാക്കുന്നതായാണ് റിപ്പോർട്ടുകൾ.
കരാറിനെ ഒരു മുതിർന്ന ഇസ്രയേൽ ഉദ്യോഗസ്ഥൻ 'മോശം ധാരണ' എന്നാണ് വിശേഷിപ്പിച്ചതെന്ന് ഇസ്രയേൽ മാധ്യമമായ ചാനൽ 12 റിപ്പോർട്ട് ചെയ്തു. അമേരിക്ക ഇറാന്റെ പ്രധാന ആവശ്യങ്ങൾ അംഗീകരിച്ചുവെന്നും ഇത് ഇസ്രയേലിന്റെ സുരക്ഷാ താൽപര്യങ്ങൾക്ക് തിരിച്ചടിയാകുമെന്നും ഇസ്രയേൽ വൃത്തങ്ങൾ വിലയിരുത്തുന്നു. മുൻ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായ യായിർ ലാപിഡും കരാറിനെ വിമർശിച്ച് രംഗത്തെത്തി. ഈ ധാരണയിലൂടെ യുദ്ധലക്ഷ്യങ്ങൾ ഒന്നും നേടാനായില്ലെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പരാജയമാണിതെന്നും അദ്ദേഹം ആരോപിച്ചു.
ഇറാനിലും കരാറിനെതിരെ വിമർശനം ശക്തമാണ്. കടുത്ത നിലപാടുകാരനായ എംപി മഹ്മൂദ് നബവിയാൻ, പുതിയ കരാർ മുൻ കരട് രേഖകളേക്കാൾ ഇറാന് കൂടുതൽ നഷ്ടമുണ്ടാക്കുന്നതാണെന്ന് ആരോപിച്ചു. ഇറാന്റെ ആണവപരിപാടിയുമായി ബന്ധപ്പെട്ട നിലപാടുകളിൽ കൂടുതൽ വിട്ടുവീഴ്ചകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചിയുടെ നിലപാടിനെ വിമർശിച്ച് ഇറാന്റെ റവല്യൂഷണറി ഗാർഡ് അനുബന്ധ മാധ്യമങ്ങളും രംഗത്തെത്തി. വടക്കുകിഴക്കൻ നഗരമായ മഷ്ഹദിൽ വിദേശകാര്യ മന്ത്രാലയത്തിന് മുന്നിൽ കരാറിനെതിരെ പ്രതിഷേധവും നടന്നു.
അതേസമയം, കരാറിന്റെ അന്തിമരൂപത്തെക്കുറിച്ച് ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനെയുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല. സമാധാന കരാറിന്റെ പ്രഖ്യാപനം അടുത്തിരിക്കെ ഇരുരാജ്യങ്ങളിലുമുള്ള എതിർപ്പുകൾ ചർച്ചകൾക്ക് പുതിയ വെല്ലുവിളിയാകുകയാണ്.
അമേരിക്ക-ഇറാൻ സമാധാന കരാറിന് എതിർപ്പുമായി ഇസ്രയേലും ഇറാനിലെ കടുത്ത നിലപാടുകാരും
