വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട അനാഥരായ കുട്ടികളുടെ കണക്കെടുക്കാന്‍ സുപ്രിം കോടതി നിര്‍ദ്ദേശം

വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട അനാഥരായ കുട്ടികളുടെ കണക്കെടുക്കാന്‍ സുപ്രിം കോടതി നിര്‍ദ്ദേശം


ന്യൂഡല്‍ഹി: വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട അനാഥരായ കുട്ടികളുടെ കണക്കെടുക്കാന്‍ നിര്‍ദേശിച്ച് സുപ്രിം കോടതി. 2009ലെ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസ അവകാശം നിലനില്‍ക്കെ വിദ്യാഭ്യാസം ലഭിക്കാത്ത അനാഥരായ കുട്ടികളുടെ വിവരങ്ങള്‍ എല്ലാ സംസ്ഥാനങ്ങളും സര്‍വേ ചെയ്യണമെന്നാണ് സുപ്രിം കോടതി ബുധനാഴ്ച നിര്‍ദേശിച്ചത്.

2027ലെ സെന്‍സസില്‍ അത്തരം കുട്ടികളുടെ ഡേറ്റ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്ന് സുപ്രിം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരിചരണവും സംരക്ഷണവും ലഭിക്കാത്ത അനാഥരായ കുട്ടികളെക്കുറിച്ച് ആശങ്ക ഉന്നയിച്ച ഹര്‍ജി സുപ്രിം കോടതിയുടെ പരിഗണനയിലെത്തിയതോടെയാണ് കോടതിയുടെ നിര്‍ദേശമുണ്ടായത്. അനാഥരുടെ സംരക്ഷണത്തിനും പരിചരണത്തിനുമായി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികള്‍ അപര്യാപ്തമാണെന്നും അവ പരിഗണിക്കേണ്ടതുണ്ടെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.

സര്‍വേയും ഡേറ്റാ ശേഖരണവും നടക്കുന്നതിനൊപ്പം തന്നെ അര്‍ഹരായ കുട്ടികള്‍ക്ക് അടുത്ത സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഒരേസമയം ശ്രമിക്കണമെന്ന് ബെഞ്ച് ആവശ്യപ്പെട്ടു. നിര്‍ദേശങ്ങള്‍ പാലിക്കാന്‍ അധികാരികള്‍ക്ക് ബെഞ്ച് നാല് ആഴ്ച സമയം അനുവദിച്ചു.