തഹാവൂര്‍ റാണയെ 18 ദിവസം എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു

തഹാവൂര്‍ റാണയെ 18 ദിവസം എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു


ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി പാകിസ്ഥാന്‍ വംശജനായ കനേഡിയന്‍ വ്യവസായി തഹാവൂര്‍ റാണയെ (64) എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ചോദ്യം ചെയ്യുന്നതിനായി 18 ദിവസത്തേയ്ക്ക് തഹാവൂര്‍ റാണയെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ട് ഡല്‍ഹിയിലെ പ്രത്യേക എന്‍ഐഎ കോടതിയാണ് ഉത്തരവിട്ടത്. എന്‍ഐഎ പ്രത്യേക കോടതി ജഡ്ജി ചന്ദര്‍ജിത് സിങ്ങ് ആണ് എന്‍ഐഎയുടെ കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. റാണയെ ഇന്ത്യയിലെത്തിച്ചതിന് പിന്നാലെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പട്യാല ഹൗസ് കോടതിയില്‍ എന്‍ഐഎ അപേക്ഷ നല്‍കിയിരുന്നു.

തഹാവൂര്‍ റാണയുമായി ബന്ധപ്പെട്ട ഇമെയിലുകള്‍ ഉള്‍പ്പെടെയുള്ള ശക്തമായ തെളിവുകള്‍ എന്‍ഐഎ കോടതിയില്‍ ഹാജരാക്കി. 2008 ലെ മുംബൈ ഭീകരാക്രമണത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ കസ്റ്റഡി ചോദ്യം ചെയ്യല്‍ ആവശ്യമാണെന്നും ഏജന്‍സി വ്യക്തമാക്കി.

മുംബൈ ഭീകരാക്രമണ കേസില്‍ ശിക്ഷിക്കപ്പെട്ടതിന് ശേഷം യുഎസ് ജയിലില്‍ കഴിയുന്ന ഒന്നാം പ്രതി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി ഇന്ത്യ സന്ദര്‍ശിക്കുന്നതിന് മുമ്പ് റാണയുമായി ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയതായി എന്‍ഐഎ വാദിച്ചു. ഹെഡ്‌ലി തന്റെ വസ്തുവകകളെയും സ്വത്തുക്കളെയും കുറിച്ചുള്ള വിശദാംശങ്ങള്‍ പങ്കുവെച്ച് റാണയ്ക്ക് ഒരു ഇമെയില്‍ അയച്ചിരുന്നു. ഗൂഢാലോചനയില്‍ ഇല്യാസ് കശ്മീരിയ്ക്കും അബ്ദുര്‍ റഹ്മാനും പങ്കുണ്ടെന്നും റാണയെ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി അറിയിച്ചതായും എന്‍ഐഎ കോടതിയെ അറിയിച്ചു.

മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂര്‍ റാണെയെ അമേരിക്കയില്‍ നിന്നും കഴിഞ്ഞദിവസം ഉച്ചയ്ക്ക് 2. 50 ഓടെയാണ് ഡല്‍ഹി പാലം വിമാനത്താവളത്തില്‍ എത്തിച്ചത്. പിന്നാലെ ദേശീയ അന്വേഷണ ഏജന്‍സി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതി തഹാവൂര്‍ റാണെയുടെ ചിത്രം എന്‍ഐഐ പുറത്തു വിട്ടിട്ടുണ്ട്. എന്‍എസ്‌ജെ കമാന്‍ഡോകളും മറ്റ് ഏജന്‍സികളും റാണയെ ഇന്ത്യയിലെത്തിക്കുന്നതില്‍ സഹകരിച്ചെന്ന് എന്‍ഐഎ വ്യക്തമാക്കി.
എന്‍ഐഎ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലുള്ള റാണയെ വിമാനത്താവളത്തില്‍വച്ചുതന്നെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. റാണെയെ ഹാജരാക്കുന്നത് കണക്കിലെടുത്ത് കോടതി പരിസരത്ത് വന്‍ സുരക്ഷയാണ് ഒരുക്കിയത്. പാക് വംശജനായ റാണയ്ക്ക് ലഷ്‌കര്‍ അടക്കം ഭീകര സംഘങ്ങളുമായി അടുത്ത ബന്ധമുണ്ട്. ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിക്ക് ഇന്ത്യയിലെത്താനും മുംബൈയിലെ ആക്രമണ സ്ഥാനങ്ങള്‍ കണ്ടെത്താനും വിസ സംഘടിപ്പിച്ച് നല്‍കിയത് റാണയുടെ സ്ഥാപനമാണെന്ന് കണ്ടെത്തിയിരുന്നു.

2018 ഓഗസ്റ്റില്‍ ഇന്ത്യ തഹാവൂര്‍ റാണയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 2008 നവംബര്‍ 26 നാണ് ഇന്ത്യയെ നടുക്കി, രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ ഭീകരാക്രമണമുണ്ടായത്‌