ന്യൂഡല്‍ഹി: ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്താനുള്ള യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം അമേരിക്കന്‍ വിപണിയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയെ സാരമായി ബാധിക്കുമെന്ന് കോണ്‍ഗ്രസ് എം പി ശശി തരൂര്‍ മുന്നറിയിപ്പ് നല്‍കി. യു എസ് താരിഫ് ഇരട്ടിയാക്കിയത് തങ്ങള്‍ക്ക് നല്ല വാര്‍ത്തയാണെന്ന് താന്‍ കരുതുന്നില്ലെന്നും അമേരിക്കയിലെ ആളുകള്‍ക്ക് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ താങ്ങാനാവാത്തതാക്കുമെന്നും തരൂര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
മറ്റ് ഏഷ്യന്‍ കയറ്റുമതിക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉയര്‍ന്ന തീരുവകള്‍ ഇന്ത്യന്‍ ഉത്പന്നങ്ങളെ മത്സരക്ഷമത കുറഞ്ഞതാക്കുമെന്ന് തരൂര്‍ മുന്നറിയിപ്പ് നല്‍കി. വിയറ്റ്‌നാം, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, ബംഗ്ലാദേശ്, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഇന്ത്യയേക്കാള്‍ കുറഞ്ഞ താരിഫ് ആണെന്നും അമേരിക്കയില്‍ ആളുകള്‍ ഇന്ത്യന്‍ സാധനങ്ങള്‍ വാങ്ങില്ലെന്നും അതിനാല്‍ അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിക്ക് അത് അത്ര നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു.
കയറ്റുമതി വിപണികളെ വൈവിധ്യവല്‍ക്കരിക്കാനുള്ള ശ്രമം
യു എസിനു പുറത്തേക്ക് ഇന്ത്യ തങ്ങളുടെ വ്യാപാര പങ്കാളിത്തം അടിയന്തിരമായി വികസിപ്പിക്കണമെന്ന് കോണ്‍ഗ്രസ് എം പി ആവശ്യപ്പെട്ടു. ഇന്ത്യയോട് താത്പര്യമുള്ള മറ്റ് രാജ്യങ്ങളിലേക്കും മറ്റ് വിപണികളിലേക്കും വളരെ ഗൗരവമായി വൈവിധ്യവല്‍ക്കരിക്കേണ്ടതുണ്ട് എന്നാണ് പുതിയ യു എസ് നീക്കം സൂചിപ്പിക്കുന്നതെന്നും ഇപ്പോള്‍ യു കെയുമായി സ്വതന്ത്ര വ്യാപാര കരാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എങ്കിലും കുറച്ചുകാലത്തേക്കെങ്കിലും യു എസ് നിലപാട് തിരിച്ചടിയാകുമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.